വൈദ്യശാസ്ത്ര വിദ്യാഭ്യാസ രംഗത്ത് പൊളിച്ചെഴുത്ത് ആവശ്യം: എ.എച്ച്.പി.ഐ
കൊച്ചി: വൈദ്യശാസ്ത്ര വിദ്യാഭ്യാസ രംഗത്ത് പൊളിച്ചെഴുത്ത് ആവശ്യമാണെന്ന് അസോസിയേഷന്‍ ഒാഫ് ഹെല്‍ത്ത്‌കെയര്‍ പ്രൊവൈഡേഴ്‌സ് ഒാഫ് ഇന്ത്യ (എ.എച്ച്.പി.ഐ). വൈദ്യശാസ്ത്ര വിദ്യാഭ്യാസ നിയന്ത്രണ ചട്ടക്കൂടുകള്‍ പലപ്പോഴും ഫലപ്രദമല്ല. രാജ്യത്തെ വൈദ്യശാസ്ത്ര വിദ്യാഭ്യാസവും ആരോഗ്യരംഗത്തെ സേവന ലഭ്യതയും തമ്മില്‍ നിലവില്‍ വലിയ വിടവ് നിലനില്‍ക്കുന്നതായും അസോസിയേഷന്‍ ചൂണ്ടിക്കാട്ടി.
പാര്‍ലമെന്റ് സ്റ്റാന്‍ഡിങ് കമ്മിറ്റി 2016ല്‍ പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ രാജ്യം ആരോഗ്യരംഗത്ത് നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് വിവരിച്ചിട്ടുണ്ട്. നിശ്ചിത യോഗ്യതയുള്ള ഡോക്ടര്‍മാര്‍, സ്‌പെഷലിസ്റ്റുകള്‍, സൂപ്പര്‍ സ്‌പെഷലിസ്റ്റുകള്‍ എന്നിവര്‍ ആവശ്യത്തിന് ലഭ്യമല്ലെന്നും മെഡിക്കല്‍ കോളജുകള്‍ ഭൂമിശാസ്ത്രപരമായി വ്യത്യസ്ത സ്ഥലങ്ങളിലാണുള്ളതെന്നും ചൂണ്ടിക്കാട്ടിയിരുന്നു. മൂന്നില്‍രണ്ട് മെഡിക്കല്‍ കോളജുകളും മൂന്നിലൊന്ന് മാത്രം ജനസംഖ്യയുള്ള പ്രദേശങ്ങളെയാണ് പ്രതിനിധീകരിക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. ലോകോത്തര നിലവാരത്തിലുള്ള നിയന്ത്രണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് ദേശീയ മെഡിക്കല്‍ കമ്മിഷന്റെ കരട് ബില്ലില്‍ ചില കാര്യങ്ങള്‍ പ്രത്യേകമായി പരിഗണിക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു. നിര്‍ദേശിക്കപ്പെട്ട എന്‍.എം.സിയില്‍ മെഡിക്കല്‍ രംഗത്തുനിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ 20 ശതമാനമെന്നത് അപര്യാപ്തമാണ്. ഇത് ശരിയായരീതിയില്‍ വര്‍ധിപ്പിക്കണം. എം.ബി.ബി.എസ് പരീക്ഷ വിജയിച്ചവര്‍ക്ക് മറ്റൊരു ദേശീയ ലൈസന്‍സിയേറ്റ് പരീക്ഷ അടിച്ചേല്‍പ്പിക്കുന്നത് അധികപപ്പറ്റാണ്.
എന്നാല്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ക്കായി പൊതു പി.ജി പ്രവേശന പരീക്ഷ നടത്തണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ എ.എച്ച്.പി.ഐ പ്രസിഡന്റ് ഡോ.അലക്‌സാണ്ടര്‍ തോമസ്, ഡോ.ഗിരിധര്‍ ഗ്യാനി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."