കെ.എസ്.ആര്‍.ടി.സിയുടെ പ്രതിമാസ വരുമാനം 170 കോടി
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയുടെ പ്രതിമാസ വരുമാനം 170 കോടി രൂപയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. പ്രതിമാസം വരവ് ചെലവ് അന്തരം 183 കോടി രൂപയുമാണ്. കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനും വിതരണം ചെയ്യുന്നതിനായി 685 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജൂണ്‍, സെപ്റ്റംബര്‍ എന്നീ മാസങ്ങളില്‍ 10,000 രൂപയിലധികം വാങ്ങുന്നവര്‍ക്ക് 10,000 രൂപ കഴിച്ച് ബാക്കി തുക നല്‍കാനുണ്ട്. ഡിസംബര്‍, ജനുവരി മാസങ്ങളിലെ പെന്‍ഷനും വിതരണം ചെയ്യാനുണ്ടെന്നു മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു.
ലൂബ്രിക്കന്റ് 94 കോടി, ശമ്പളം 86 കോടി, പെന്‍ഷന്‍ 60 കോടി, പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ 6 കോടി, വായ്പാ തിരിച്ചടവുകള്‍ 87 കോടി, സ്‌പെയര്‍ വാങ്ങുന്നതിന് 10 കോടി, മറ്റിനങ്ങള്‍ 10 കോടി എന്നിങ്ങനെ ആകെ 353 കോടി രൂപയാണ് ചെലവ്.
കടത്തിന്റെ തിരിച്ചടവും ദൈനംദിന ചെലവും കഴിച്ചാല്‍ റവന്യൂ വരുമാനത്തില്‍നിന്ന് ഒന്നും തന്നെ മിച്ചമില്ലയെന്നതാണ് വസ്തുത. ഡീസല്‍ വിലവര്‍ധന മൂലം കെ.എസ്.ആര്‍.ടി.സിക്ക് പ്രതിമാസം 10 കോടി രൂപയുടെ അധിക ചെലവാണുള്ളതെന്നും സാമ്പത്തിക പുന:ക്രമീകരണത്തിന്റെ ഭാഗമായി ഇപ്പോള്‍ കൂടിയ പലിശ നിരക്കിലും കുറഞ്ഞകാല തിരിച്ചടവിലും കെ.എസ്.ആര്‍.ടി.സി എടുത്തിട്ടുള്ള വായ്പകള്‍ പൊതുമേഖലാ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിലേക്കു മാറ്റാനുള്ള നടപടികള്‍ പുരോഗമിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."