ത്രിപുരയില്‍ സാമുദായിക സൗഹാര്‍ദം തകര്‍ക്കാന്‍ ബി.ജെ.പി ശ്രമം: മണിക് സര്‍ക്കാര്‍
അഗര്‍ത്തല: ത്രിപുരയില്‍ സാമുദായിക സൗഹാര്‍ദം തകര്‍ക്കാനുള്ള നീക്കമാണ് ബി.ജെ.പിയുടെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍.
സംസ്ഥാനത്ത് അധികാരം പിടിക്കുന്നതിനായി ബി.ജെ.പി, ഐ.പി.എഫ്.ടി(ഇന്‍ഡീജിനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര)യുമായി ചേര്‍ന്ന് കരുനീക്കം തുടങ്ങിയത് വര്‍ഗീയ പ്രീണന നയത്തിലൂടെയാണ്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സാമുദായിക സംഘര്‍ഷങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്.
പൊതുവെ സമാധാനത്തിലൂടെ നീങ്ങുന്ന ത്രിപുരയിലും വര്‍ഗീയത ആളിക്കത്തിച്ച് പ്രതിസന്ധി സൃഷ്ടിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഹപ്പാനിയയില് നടന്ന റാലിയില്‍ അദ്ദേഹം ആരോപിച്ചു.
സംസ്ഥാനത്തെ അസ്വസ്ഥമാക്കി സമൂഹത്തെ വിഭജിക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരേയുള്ള ഐക്യത്തിനും ദേശീയോദ്ഗ്രഥനത്തിനും വേണ്ടിയുള്ളതാണ് ഈ തെരഞ്ഞെടുപ്പെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തെ വിഭജിച്ച് ട്വിപ്രാലാന്ഡ് എന്ന സംസ്ഥാനം രൂപീകരിക്കണമെന്ന് ആവശ്യപ്പെടുന്ന പാര്‍ട്ടിയാണ് ഐ.പി.എഫ്.ടി. ഇവരുമായി ചേര്‍ന്നാണ് ബി.ജെ.പി മത്സരിക്കുന്നത്.
ത്രിപുരയില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുന്‍പാണ് ബി.ജെ.പി ഐ.പി.എഫ്.ടിയുമായി സഖ്യമുണ്ടാക്കിയത്. പ്രത്യേക സംസ്ഥാനം ഉള്‍പ്പെടെയുള്ള ചില നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് ഇവര്‍ ബി.ജെ.പിക്കൊപ്പം ചേര്‍ന്നത്.
ബി.ജെ.പിയും സംഘ്പരിവാറും ചേര്‍ന്ന് സംസ്ഥാനത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുകയാണ്. സാമുദായിക-വിധ്വസംക പ്രവര്‍ത്തനം മുഖ്യ അജണ്ടയാക്കിയുള്ള പ്രവര്‍ത്തനം ത്രിപുരയെ നശിപ്പിക്കുകയേ ചെയ്യുകയുള്ളൂ എന്നും അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ നാലുതവണയായി ത്രിപുര ഭരിക്കുന്ന ഇടതുസര്‍ക്കാര്‍ ഇത് അഞ്ചാം തവണയാണ് അധികാരം പിടിച്ചെടുക്കുന്നതിനായി തെരഞ്ഞെടുപ്പ് രംഗത്തേക്കിറങ്ങുന്നത്.
ത്രിപുരയില്‍ വിജയിക്കുക മാത്രമല്ല, ഡല്‍ഹിയില്‍ നിന്നുതന്നെ ബി.ജെ.പിയെ അധികാരത്തില്‍ നിന്നിറക്കുകയെന്നതാണ് ലക്ഷ്യമെന്നും മണിക് സര്‍ക്കാര്‍ പറഞ്ഞു. അടുത്ത മാസം 18നാണ് തെരഞ്ഞെടുപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."