സഞ്ചാരികളുമായെത്തിയ സില്‍വര്‍ ഡിസ്‌കവര്‍ മടങ്ങി
കോവളം: ദൈവത്തിന്റെ സ്വന്തം നാടുകാണാന്‍ ലോകം ചുറ്റുന്ന വിനോദ സഞ്ചാരികളുമായി ആഡംബര കപ്പല്‍ സില്‍വര്‍ ഡിസ്‌കവര്‍ വിഴിഞ്ഞം തീരത്ത് വന്ന് മടങ്ങി. കേരളക്കരയില്‍ ആദ്യമായി എത്തുന്ന സില്‍വര്‍ ഡിസ്‌കവറില്‍ 120 വിദേശ വിനോദ സഞ്ചാരികളും അവരെ പരിപാലിക്കുന്ന 73 ജീവനക്കാരുമാണ്. രാവിലെ ആറിന് എത്തുമെന്നറിയിച്ചിരുന്നെങ്കിലും വിഴിഞ്ഞം തീരത്തടുക്കാന്‍ രണ്ട് മണിക്കൂറോളം വൈകി. ബ്രിട്ടനില്‍ നിന്നുള്ള സഞ്ചാരികളായിരുന്നു സംഘത്തില്‍ ഏറെയും.
ഇന്ത്യക്കാരായ രണ്ടു പേരും ലോകം ചുറ്റാനിറങ്ങിയവരുടെ കൂട്ടത്തിലുണ്ട്. വിഴിഞ്ഞവും കോവളവും പൂവാറിലെ ബോട്ട് യാത്രയും നഗര കാഴ്ചകളും കണ്ട് ഉച്ചക്ക് ശേഷം മടങ്ങിയെത്തിയ സഞ്ചാരികളുമായി നാലു മണിയോടെ കപ്പല്‍ തീരം വിട്ടു. 5818 കേവ് ടണ്‍ ഭാരമുള്ള ആഢംബര കപ്പല്‍ വലിപ്പക്കൂടുതല്‍ കാരണം വാര്‍ഫിലടുപ്പിക്കാന്‍ കഴിയില്ലെന്നാണ് കരുതിയിരുന്നതെങ്കിലും തടസങ്ങള്‍മാറ്റി പഴയ വാര്‍ഫില്‍ അടുപ്പിക്കുകയായിരുന്നു. കൊച്ചിയില്‍ നിന്ന് കൊളംബോയ്ക്കുള്ള യാത്രമധ്യേയാണ് വിഴിഞ്ഞത്തും നങ്കൂരമിട്ടത്. ടൂറിസം സീസണ് ഉണര്‍വേകാന്‍ അടുത്ത മാസം ഐലന്റ് സ്‌കൈ എന്ന കപ്പല്‍ സഞ്ചാരികളുമായി വീണ്ടുമെത്തുമെന്ന് അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."