മെഡെക്‌സ് അവസാനത്തിലേക്ക്; മെഡിക്കല്‍ കോളജിനു ലഭിക്കുന്നത് ലക്ഷങ്ങളുടെ നേട്ടം
തിരുവനന്തപുരം: വന്‍ ജനപങ്കാളിത്തം നേടി മെഡെക്‌സ് സമാപിക്കുമ്പോള്‍ അരക്കോടിയോളം രൂപയുടെ നേട്ടമാണ് തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജിനും ആശുപത്രിക്കുമായി ലഭിക്കുക. പത്തുലക്ഷം രൂപയോളം മുടക്കിയ പത്തോളജി സ്ഥിരം മ്യൂസിയവും വിദ്യാര്‍ഥികള്‍ക്ക് ക്ലാസിലിരുന്നുതന്നെ ലൈവായി ശസ്ത്രക്രിയ കണ്ടുപഠിക്കാനുള്ള സൗകര്യവുമാണ് ഇവയില്‍ ഏറ്റവും പ്രധാനം. അതോടൊപ്പം ഇരുപതോളം പ്രൊജക്ടറുകളും സി.സി.ടി.വി കാമറകളും കോളജിനും ആശുപത്രിക്കുമായി ലഭിക്കും. എല്‍.ഇ.ഡി ടെലിവിഷനുകള്‍, എയര്‍ കണ്ടീഷനറുകള്‍, നാല്‍പതില്‍പരം പെഡസ്റ്റല്‍ ഫാനുകള്‍ എന്നിവ വേറെ.
കോളജ് ആശുപത്രിയുടെ ഓപ്പറേഷന്‍ തിയേറ്ററുകളില്‍ കൂട്ടത്തോടെ നേരിട്ടെത്തിയാണ് വിദ്യാര്‍ഥികള്‍ ഇപ്പോള്‍ പഠനം നടത്തുന്നത്. ഇത് പലതരത്തിലുള്ള ബുദ്ധിമുട്ടുകള്‍ക്കും കാരണമാകുന്നുണ്ട്. എന്നാല്‍ മെഡെക്‌സില്‍ തല്‍സമയ ശസ്ത്രക്രിയാ പ്രദര്‍ശനത്തിനായി വാങ്ങിസ്ഥാപിച്ച കാമറകളും ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകളും ഉപയോഗിച്ച് കോളജിലെ ക്ലാസ് മുറികളില്‍ ശസ്ത്രക്രിയകള്‍ തല്‍സമയം പ്രദര്‍ശിപ്പിച്ച് വിദ്യാര്‍ഥികളെ പഠിപ്പിക്കാനാണ് ഇനി ഉദ്ദേശിക്കുന്നതെന്ന് മെഡെക്‌സ് ഓര്‍ഗനൈസിംഗ് സെക്രട്ടറിയും മെഡിക്കല്‍ കോളജിലെ സര്‍ജറി വിഭാഗം ഡെപ്യൂട്ടി സൂപ്രണ്ടുമായ ഡോ. ജോബി ജോണ്‍ പറഞ്ഞു. ഏതാണ്ട് മൂന്നു ലക്ഷം രൂപ ഇതിനുമാത്രമായി ചെലവഴിച്ചിട്ടുണ്ട്.
വിദ്യാര്‍ഥികള്‍ക്ക് പഠനത്തിന് ഏറെ ഉപകരിക്കുന്ന പത്തോളജി മ്യൂസിയമാണ് മറ്റൊന്ന്. പ്രത്യേകം രൂപകല്‍പന ചെയ്‌തെടുത്ത കണ്ണാടിക്കൂടുകളില്‍ സുരക്ഷിതമാക്കി ആയിരത്തിലേറെ എല്‍.ഇ.ഡി ലൈറ്റുകള്‍ ഉപയോഗിച്ച് വെളിച്ചം ക്രമീകരിച്ചാണ് മ്യൂസിയത്തില്‍ സ്‌പെസിമനുകള്‍ സജ്ജീകരിച്ചത്. പത്തു ലക്ഷം രൂപയോളം പത്തോളജി മ്യൂസിയത്തിന്റെ നവീകരണത്തിനുമാത്രം ചെലവായിട്ടുണ്ട്. മെഡെക്‌സില്‍ മറ്റുവിഭാഗങ്ങളില്‍ ഉള്‍പ്പെടുത്തിയ പല സ്‌പെസിമനുകളും പ്രദര്‍ശനത്തിനു തൊട്ടുമുന്‍പ് ആശുപത്രികളില്‍ നിന്നും വിവിധ വകുപ്പുകളില്‍ നിന്നും ശേഖരിച്ചവയാണ്. അവയെല്ലാം ഇനി പഠനാവശ്യത്തിനായി വിവിധ ഡിപ്പാര്‍ട്‌മെന്റുകള്‍ക്ക് കൈമാറും.
സാമ്പത്തികമായി ഏറെ ഞെരുക്കത്തിലാണ് മെഡെക്‌സ് ആരംഭിച്ചതെങ്കിലും പ്രദര്‍ശനത്തിന്റെ പൂര്‍ണതയ്ക്കായി വിലപിടിപ്പുള്ള പല ഉപകരണങ്ങളും വിലകൊടുത്തുവാങ്ങിയതായിരുന്നു. ഇരുപതോളം പ്രൊജക്ടറുകള്‍ക്കും സി.സി.ടി.വി കാമറകള്‍ക്കുമൊപ്പം എല്‍.ഇ.ഡി ടെലിവിഷനുകളും എയര്‍ കണ്ടീഷനറുകളും പെഡസ്റ്റല്‍ ഫാനുകളും വിര്‍ച്വല്‍ റിയാലിറ്റിക്കായി ഏതാനും ടാബ്‌ലെറ്റുകളും മൊബൈലുകളും വാങ്ങിയിരുന്നു. മെഡിക്കല്‍ കോളജിന്റെ ടെറസില്‍ സ്ഥിരം മ്യൂസിയമെന്ന മന്ത്രിയുടെ പ്രഖ്യാപനം സാധ്യമായാല്‍ ചില ഉപകരണങ്ങള്‍ അവിടേക്ക് എടുക്കും. ബാക്കിയുള്ളവ കോളജിനും ആശുപത്രിക്കുമായി ലഭ്യമാക്കും. പഠനാവശ്യങ്ങള്‍ക്കായി പ്രൊജക്ടറുകള്‍ വേണമെന്ന ഏറെക്കാലമായുള്ള ആവശ്യവും മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തിരക്ക് നിരീക്ഷിക്കാനും നിയന്ത്രിക്കാനും കാമറകള്‍ സ്ഥാപിക്കണമെന്ന ആവശ്യവുമാണ് ഇതോടെ സഫലമാകുന്നത്.കടംവാങ്ങിയും പിരിവെടുത്തും കൈവശമുണ്ടായിരുന്ന ആഭരണങ്ങള്‍ പണയം വച്ചും മറ്റുമാണ് പ്രദര്‍ശനത്തിന്റെ ആദ്യഘട്ട ചെലവുകള്‍ക്കുള്ള തുക വിദ്യാര്‍ഥികള്‍ കണ്ടെത്തിയത്. ഉദ്ദേശിച്ചരീതിയില്‍ പ്രദര്‍ശനത്തില്‍ നിന്ന് വരുമാനമുണ്ടായില്ലെങ്കില്‍ ഈ ഉപകരണങ്ങളൊക്കെ ലേലം ചെയ്തു വിറ്റ് കടം വീട്ടാമെന്നായിരുന്നു ധാരണ. പക്ഷേ, നാട്ടുകാരുടെ നിസീമമായ സഹകരണം പ്രദര്‍ശനത്തെ വന്‍വിജയമാക്കി മാറ്റി. നഷ്ടം വരില്ലെന്നുറപ്പായതോടെ ഉപകരണങ്ങള്‍ കോളജിനും ആശുപത്രിക്കുമായി നല്‍കാമെന്ന തീരുമാനത്തില്‍ സംഘാടകരെത്തുകയായിരുന്നു. പ്രദര്‍ശനത്തിനു ചെലവായ ഒന്നരക്കോടിയോളം രൂപയില്‍ മൂന്നിലൊന്നും കോളജിനും ആശുപത്രിക്കും ഗുണകരമാക്കി മാറ്റാനാകുന്നതിന്റെ സന്തോഷത്തിലാണ് സംഘാടകര്‍.
ജനുവരി മൂന്നിന് ആരംഭിച്ച മെഡെക്‌സില്‍ ഇന്നും നാളെയും കൂടി മാത്രമാണ് ഇനി സന്ദര്‍ശകര്‍ക്ക് അവസരമുണ്ടായിരിക്കുക. വരും വര്‍ഷങ്ങളിലും പ്രദര്‍ശനം നടത്തണമെന്ന ആവശ്യ ശക്തമാണ്. സര്‍ക്കാര്‍ സഹായം ലഭ്യമായാല്‍ ഈ പ്രദര്‍ശനത്തിന്റെ പരിച്ഛേദം കോളജ് ടെറസ്സില്‍ സജ്ജീകരിച്ച് സ്ഥിരം മ്യൂസിയം ഉണ്ടാക്കാനും മാനേജ്‌മെന്റ് ആലേചിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."