മേഘാലയ: നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ ബി.ജെ.പിയില്‍ കൂട്ടരാജി
ഷില്ലോങ്: തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമായിരിക്കെ മേഘാലയയില്‍ നാടകീയ നീക്കങ്ങളും സജീവമായി. എന്‍.സി.പി എം.എല്‍.എ മാര്‍ത്തോണ്‍ സാങ്മ, സ്വതന്ത്ര എം.എല്‍.എ ബ്രിഗാഡി മരാക് എന്നിവര്‍ രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു.
എന്നാല്‍ ഇത്തവണ അധികാരം പിടിക്കാന്‍ ശക്തമായ നീക്കം നടത്തുന്ന ബി.ജെ.പിക്ക് കനത്ത തിരിച്ചടി നല്‍കി പാര്‍ട്ടിയുടെ മുതിര്‍ന്ന നാല് നേതാക്കള്‍ രാജിവച്ചു. ഇവരും കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഷില്ലോങ് മുന്‍ സിറ്റി പ്രസിഡന്റ് കെയ്ത്ത് പരിയാറ്റിന്റെ നേതൃത്വത്തിലാണ് ഇവര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ബി.ജെ.പി സംസ്ഥാന എക്‌സിക്യൂട്ടിവ് കമ്മിറ്റിയുടെ പിടിപ്പുകേട് ആരോപിച്ചാണ് പാര്‍ട്ടി വിടുന്നതെന്ന് ഇവര്‍ വ്യക്തമാക്കി. കൂടുതല്‍ നേതാക്കളും പ്രവര്‍ത്തകരും രാജി സന്നദ്ധത അറിയിച്ചതായും വിവരമുണ്ട്.
60 അംഗ നിയമസഭയില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും 44 അംഗങ്ങളാണ് ഉണ്ടായിരുന്നത്. ഇവരില്‍ ഏഴ് കോണ്‍ഗ്രസ് അംഗങ്ങളും രണ്ട് എന്‍.സി.പി അംഗങ്ങളും യുനൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഒരംഗവും ആറ് സ്വതന്ത്രരും നേരത്തെ രാജിവച്ചിരുന്നു.
അതേസമയം അംഗങ്ങള്‍ രാജിവച്ചെങ്കിലും അവര്‍ ഇപ്പോഴും കോണ്‍ഗ്രസിന്റെ ഭാഗമാണെന്ന് പാര്‍ട്ടി നേതൃത്വം പറഞ്ഞു. സംസ്ഥാനത്തെ ജനങ്ങളുടെ വിശ്വാസവും ആത്മാര്‍ഥതയും തിരിച്ചറിയുന്നവരാണ് കോണ്‍ഗ്രസുകാരെന്നും പാര്‍ട്ടി വക്താവ് വ്യക്തമാക്കി. സംസ്ഥാനത്ത് കോണ്‍ഗ്രസിനെപോലെ പ്രവര്‍ത്തിക്കാന്‍ കഴിവുറ്റ നേതൃത്വമില്ലാത്തതുകൊണ്ട് മറ്റൊരു രാഷ്ട്രീയ പാര്‍ട്ടികളെയും ജനങ്ങള്‍ തെരഞ്ഞെടുക്കില്ല.
ക്രൈസ്തവ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന ബി.ജെ.പിയെ സംസ്ഥാനത്ത് ഒരിക്കല്‍പോലും ജനങ്ങള്‍ അംഗീകരിക്കില്ലെന്നാണ് വിശ്വാസം. മേഘാലയയുടെ പടിഞ്ഞാറന്‍ മേഖലയിലെ ഗാരോ ഹില്ലിലെ 24 സീറ്റുകളും നിര്‍ണായകമാണ്. ക്രിസ്ത്യന്‍ ആധിപത്യമുള്ള ഇവിടെ ഒരിക്കല്‍പോലും ബി.ജെ.പിക്ക് അനുകൂല തരംഗം ഉണ്ടാക്കാനാകില്ലെന്നും കോണ്‍ഗ്രസ് പറയുന്നു.
സംസ്ഥാനത്ത് ബി.ജെ.പിയുമായി തെരഞ്ഞെടുപ്പിന് മുന്‍പായി സഖ്യം സ്ഥാപിക്കാന്‍ താല്‍പര്യമില്ലെന്ന് നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്നിറക്കാന്‍ എന്‍.പി.പിയെ കൂട്ടുപിടിച്ച് ബി.ജെ.പി ശക്തമായ നീക്കം നടത്തുന്നുണ്ടെങ്കിലും തെരഞ്ഞെുപ്പുവരെ ആരുമായും സഖ്യം വേണ്ടെന്ന തീരുമാനത്തിലാണ് എന്‍.പി.പി. കഴിഞ്ഞ ആഴ്ച അഞ്ച് മുന്‍കോണ്‍ഗ്രസ് എം.എല്‍.എമാര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് എന്‍.പി.പിയില്‍ ചേര്‍ന്നത് അവര്‍ക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നുണ്ട്.
അതേസമയം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ചിലര്‍ പ്രായാധിക്യത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് രംഗത്തുനിന്ന് വിട്ടുനില്‍ക്കുകയാണ്. നാല് തവണ മുഖ്യമന്ത്രിയായ ഡി.ഡി ലപാങ്, ഉപമുഖ്യമന്ത്രി റൊയ്‌ത്രെ ക്രിസ്റ്റഫര്‍, കുടുംബക്ഷേമ മന്ത്രി റോഷന്‍ വാര്‍ജിറി എന്നിവരാണ് മത്സര രംഗത്തുനിന്ന് മാറിയത്.
തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമുള്ളവരെ തെരഞ്ഞെടുത്തിട്ടുണ്ട്. ഇവരില്‍ നിന്ന് പാര്‍ട്ടി ലക്ഷ്യം വയ്ക്കുന്ന ചില ഉപാധികളുടെ അടിസ്ഥാനത്തിലാണ് അന്തിമ തീരുമാനം കൈക്കൊള്ളുക. ഇത് എ.ഐ.സി.സിയായിരിക്കും തീരുമാനിക്കുകയെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ സെലസ്റ്റിന്‍ ലിങ്‌ദോ പറഞ്ഞു.
സ്ഥാനാര്‍ഥികളുടെ അന്തിമ ലിസ്റ്റ് തയാറാക്കാനുള്ള സ്‌ക്രീനിങ് കമ്മിറ്റി അധ്യക്ഷനായി ഓസ്‌കാര്‍ ഫെര്‍ണാണ്ടസിനെ എ.ഐ.സി.സി നിയമിച്ചിട്ടുണ്ട്. അദ്ദേഹം സംസ്ഥാനത്ത് എത്തി സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."