ഹജ്ജ് വിമാന ടെന്‍ഡര്‍ ;കരിപ്പൂരിനോട് വീണ്ടും വ്യോമയാന മന്ത്രാലയത്തിന്റെ ഇരട്ടത്താപ്പ്
കൊണ്ടോട്ടി: ഹജ്ജ് വിമാന സര്‍വിസിന് ടെന്‍ഡര്‍ ക്ഷണിച്ചതില്‍ കരിപ്പൂര്‍ വിമാനത്താവളത്തോട് കേന്ദ്രവ്യോമയാന മന്ത്രാലയത്തിന്റെ ഇരട്ടത്താപ്പ്. ഇന്ത്യയില്‍ നിന്ന് ഈ വര്‍ഷം ഹജ്ജ് സര്‍വിസ് നടത്തുന്നതിന് കരിപ്പൂരിനേക്കാള്‍ സൗകര്യവും, റണ്‍വേ നീളവും കുറഞ്ഞ എട്ട് വിമാനത്താവളങ്ങളെ പരിഗണിച്ചപ്പോഴാണ് എമ്പാര്‍ക്കേഷന്‍ പോയിന്റായ കരിപ്പൂരിനെ തഴഞ്ഞ് വീണ്ടും നെടുമ്പാശ്ശേരിയെ പരിഗണിച്ചത്.
രാജ്യത്തെ മുഴുവന്‍ ഹജ്ജ് എമ്പാര്‍ക്കേഷന്‍ പോയിന്റുകളിലും ചെറിയ വിമാനങ്ങളായ എ310, 320 വിഭാഗത്തിന് അനുമതി നല്‍കിയപ്പോള്‍ കേരളത്തില്‍ മാത്രം വലിയവിമാനമായ ബോയിങ് 747നു മാത്രമാണ് അനുമതി നല്‍കിയിരിക്കുന്നത്. കരിപ്പൂരിനേക്കാള്‍ റണ്‍വേ നീളക്കുറവും,സൗകര്യവുമില്ലാത്ത എട്ട് വിമാനത്താവളങ്ങള്‍ ഉള്‍പ്പെടെ 21 വിമാനത്താവളങ്ങള്‍ക്കായാണ് ഹജ്ജ് സര്‍വിസിന് ടെന്‍ഡര്‍ നല്‍കിയിരിക്കുന്നത്.
നിലവില്‍ ടെന്‍ഡറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മംഗളൂരു, ലഖ്‌നോ, ഭോപ്പാല്‍, ഇന്‍ഡോര്‍, വാരണാസി, റാഞ്ചി, ഔറംഗബാദ്, ഗയ എന്നീ വിമാനത്താവളങ്ങള്‍ കരിപ്പൂരിനേക്കാള്‍ ചെറുതാണ്.
ഇതാണ് കരിപ്പൂരിനെ തഴയാനുള്ള നീക്കമാണെന്ന ആക്ഷേപം ശക്തമാക്കുന്നത്. 240 പേര്‍ക്ക് വരെ സഞ്ചരിക്കാവുന്ന എ310, 320 വിമാനങ്ങള്‍ക്ക് നിലവില്‍ കരിപ്പൂരില്‍ ലാന്‍ഡിങ് അനുമതി ലഭിക്കും. മാര്‍ച്ച് ആദ്യത്തോടെ വിമാനത്താവള റണ്‍വേ നവീകരണം പൂര്‍ത്തിയാക്കി തുറക്കുന്നതോടെ വലിയ വിമാനങ്ങളുള്‍പ്പെടെ ലാന്‍ഡിങ് സാധ്യതയുമുണ്ട്.
ഇതു പരിഗണിക്കാതെയാണ് വ്യോമയാന മന്ത്രാലയം കൊച്ചിയില്‍ നിന്നുള്ള സര്‍വിസിന് ടെന്‍ഡര്‍ ക്ഷണിച്ചതെന്ന ആക്ഷേപവും വ്യാപകമായിട്ടുണ്ട്.
11,580 തീര്‍ഥാടകര്‍ക്കാണ് നെടുമ്പാശ്ശേരിയില്‍ നിന്ന് ഹജ്ജിന് വിമാന സീറ്റ് നല്‍കിയിരിക്കുന്നത്. അതുകൊണ്ട് വലിയ വിമാനങ്ങള്‍ വേണമെന്നാണ് ഇവരുടെ വാദം.
എന്നാല്‍ 16,400 തീര്‍ഥാടകരുള്ള ഡല്‍ഹി വിമാനത്താവളത്തില്‍ ചെറിയവ ഉള്‍പ്പെടെയുള്ള എല്ലാവിമാനങ്ങള്‍ക്കും അനുമതി നകിയിട്ടുണ്ട്. 12,960 തീര്‍ഥാടകര്‍ യാത്രതിരിക്കുന്ന ലഖ്‌നൗ വിമാനത്താവളത്തിലും എല്ലാ വിമാനങ്ങള്‍ക്കും അനുമതിയുണ്ട്. കേരളത്തില്‍ മാത്രമാണ് 400 ലധികം പേര്‍ക്ക് സഞ്ചരിക്കാവുന്ന വലിയ വിമാനങ്ങള്‍ വേണം എന്ന നിബന്ധന ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതാണ് കരിപ്പൂര്‍ വിമാനത്താവളത്തെ തകര്‍ക്കാനുള്ള ഉന്നതതല ഗൂഢാലോചനയാണെന്ന സംശയം ബലപ്പെടുത്തുന്നത്.
മാര്‍ച്ച് ഒന്നിന് കരിപ്പൂരിലെ റണ്‍വേ പ്രവര്‍ത്തന സജ്ജമാവുന്നതോടെ വിമാനത്താവളം 24 മണിക്കൂറും പ്രവര്‍ത്തിക്കും. നവീകരണത്തിനായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിക്കപ്പെടുന്നതോടെ ഹജ്ജ് സര്‍വിസ് ഉള്‍പ്പെടെയുള്ളവ കരിപ്പൂരില്‍ നിന്നും സാധ്യമാവും.
വലിയ വിമാനങ്ങള്‍ക്ക് നിയന്ത്രണം തുടരുമെങ്കിലും 300 പേര്‍ക്ക് വരെ സഞ്ചരിക്കാവുന്ന ഇടത്തരം വിമാനങ്ങള്‍ക്ക് അനുമതി നല്‍കാമെന്നായിരുന്നു കഴിഞ്ഞമാസം റണ്‍വേ പരിശോധനക്കെത്തിയ ഡി.ജി.സി.എ സംഘവും വിലയിരുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."