കാട്ടാന വീട് തകര്‍ത്തു ഫോറസ്റ്റ് ഓഫിസില്‍ കുടില്‍കെട്ടി കുടുംബത്തിന്റെ സമരം
തൊടുപുഴ: കാട്ടാനശല്യത്തില്‍ പൊറുതിമുട്ടി ചിന്നക്കനാല്‍ മുത്തമ്മാള്‍കുടി നിവാസികള്‍. ഒരുമാസത്തിനുള്ളില്‍ ഇടിച്ച് നിരത്തിയത് പത്തോളം വീടുകള്‍. വെള്ളിയാഴ്ച രാത്രിയെത്തിയ കാട്ടാന കോളനി നിവാസി ബാലമുരുകന്റെ വീട് തകര്‍ത്തു. കുട്ടികളടക്കമുള്ളവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. വീട് പുനര്‍നിര്‍മിച്ച് നല്‍കണമെന്നാവശ്യപ്പെട്ട് ബാലമുരുകനും കുടുംബവും ഫോറസ്റ്റ് ഓഫിസിന് മുന്‍പില്‍ കുടില്‍കെട്ടി സമരം ആരംഭിച്ചു.
കാട്ടാന ശല്യം തടയുന്നതിന് വേണ്ടി സ്ഥാപിച്ചിരിക്കുന്ന ഫെന്‍സിങ്ങടക്കം തകര്‍ത്താണ് കാട്ടനകള്‍ കോളനിയിലേക്ക് ഇറങ്ങി നാശം വിതയ്ക്കുന്നത്. ബാലമുരുകന്റെ ഭാര്യ സുകന്യ, മക്കളായ ജനിതശ്രീ, ലയശ്രീ, സഹോദരി ആര്‍ത്തി, മാതാപിതാക്കളായ പെരുമാള്‍, റാണിയമ്മ എന്നിവര്‍ വീടിനുള്ളില്‍ ഉള്ള സമയത്താണ് വീട്ടുമുറ്റത്തെത്തിയ കാട്ടാന ഇവര്‍ കിടന്നുറങ്ങിയിരുന്ന മുറിയുടെ ഭിത്തി ഇടിച്ച് തകര്‍ത്തത്.
ഞെട്ടിയുണര്‍ന്ന സുകന്യ മക്കളെ എടുത്ത് പുറകുവശത്തെ വാതില്‍ വഴി ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ ആന ഇവരെ ആക്രമിക്കാന്‍ ശ്രമിച്ചു. പുലര്‍ച്ചയോടെ നാട്ടുകാര്‍ ചെണ്ടകൊട്ടി കാട്ടാനയെ തുരത്തുകയായിരുന്നു.
മറ്റ് മാര്‍ഗങ്ങളില്ലാതെ വന്നതോടെയാണ് ബാലമുരുകനും കുടുംബവും പ്രതിഷേധവുമായി ചിന്നക്കനാല്‍ ഫോറസ്റ്റ് സെക്ഷന്‍ ഓഫിസിലെത്തിയത്. തുടര്‍ന്ന് ഇവര്‍ ഓഫിസിനു മുന്നില്‍ കുടില്‍കെട്ടി സമരം ആരംഭിക്കുകയായിരുന്നു.
കാട്ടാന ശല്യത്തില്‍ പൊറുതി മുട്ടി എല്ലാം നഷ്ടപ്പെട്ട തങ്ങള്‍ക്ക് സഹായം ചെയ്യുന്നതിന് തയാറായില്ലെങ്കില്‍ സമരത്തില്‍ നിന്നും പിന്മാറുകയില്ലെന്ന് ഇവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."