ഏഴുവയസുകാരന് പിതാവിന്റെയും രണ്ടാനമ്മയുടെയും ക്രൂരമര്‍ദനം
കൊട്ടാരക്കര: ആശുപത്രിയില്‍ ഏഴുവയസുകാരന് പിതാവിന്റെയും പിതാവിന്റെ സുഹൃത്തിന്റെയും രണ്ടാനമ്മയുടെയും ക്രൂരമര്‍ദനം. സംഭവത്തില്‍ പിതാവ് പൂവറ്റൂര്‍ പാത്തല തച്ചമുക്ക് കോളനി 10ല്‍ തുളസീധരന്‍ ആചാരി (40)യെ പൊലിസ് കസ്റ്റഡിയിലെടുത്തു. മകന് ആരഭിനെ ചൈല്ഡ്ലൈന് പ്രവര്‍ത്തകരെത്തി മൊഴി രേഖപ്പെടുത്തിയശേഷം ഏറ്റെടുത്തു.
ഇന്നലെ രാവിലെ ഒന്‍പതോടെ കൊട്ടാരക്കര താലൂക്കാശുപത്രിയിലായിരുന്നു സംഭവം. തുളസീധരന്‍ ആചാരിയുടെ ആദ്യ ഭാര്യയിലുള്ള മകനാണ് ആരഭിന്. തുളസീധരനും രണ്ടാംഭാര്യ ഷീജയും ആരഭിനൊപ്പമാണ് താമസം. അവിടെവച്ചുണ്ടായ വാക്കുതര്‍ക്കത്തില്‍ ബന്ധുക്കളുടെ മര്‍ദനമേറ്റ ഷീജയെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയില്‍ വച്ച് ഷീജയും തുളസീധരന്‍ ആചാരിയും സുഹൃത്തും പലതവണ കുട്ടിയെ മര്‍ദിച്ചിരുന്നു. ഇത് മറ്റു രോഗികളുടെ കൂട്ടിരിപ്പുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇന്നലെ രാവിലെ ആശുപത്രിയിലെത്തിയ തുളസീധരന്‍ ആചാരിയും പിന്നീട് രണ്ടാനമ്മയും കുട്ടിയെ അടിക്കുന്നതുകണ്ട് സമീപത്തുണ്ടായിരുന്നവര്‍ പൊലിസില്‍ വിവരമറിയിക്കുകയായിരുന്നു.
പൊലിസ് സ്ഥലത്തെത്തി തുളസീധരന്‍ ആചാരിയെ കസ്റ്റഡിയിലെടുത്തു. ഇയാളുടെ സുഹൃത്തിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. പിതാവും രണ്ടാനമ്മയും ചേര്‍ന്ന് തന്നെ സ്ഥിരം മര്‍ദിക്കാറുണ്ടെന്ന് ആരഭിന് ചൈല്ഡ്ലൈന് പ്രവര്‍ത്തകരോട് പറഞ്ഞു. തുടര്‍ന്ന് ചൈല്ഡ്ലൈന് പ്രവര്‍ത്തകര്‍ പൊലിസിന്റെ സാഹായത്തോടെ കുട്ടിയെ ഏറ്റെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."