HOME
DETAILS
MAL
"പ്രവാസികളുടെ പ്രശ്നങ്ങള്‍ക്കൊപ്പം എന്നും താനുണ്ടാകും";പ്രവാസി മലയാളികളെ കയ്യിലെടുത്ത് മുഖ്യമന്ത്രിയുടെ ബഹ്റൈന്‍ പ്രഭാഷണം
backup
February 11 2017 | 20:02 PM
മനാമ: പ്രവാസി മലയാളികളെയും അവരുടെ സംഭാവനകളെയും വാനോളം പുകഴ്ത്തിയും അനുകൂല പ്രസ്താവനകള്‍ നടത്തിയും മുഖ്യമന്ത്രിയുടെ ബഹ്റൈന്‍ പ്രഭാഷണം.
ത്രിദിന സന്ദര്‍ശനത്തിന് ബഹ്റൈനിലെത്തിയ മുഖ്യമന്ത്രിക്ക് ബഹ്റൈന്‍ കേരളീയ സമാജം ഓഡിറ്റോറിയത്തില്‍ നല്‍കിയ പൗര സ്വീകരണത്തിലാണ് അദ്ധേഹം പ്രവാസി മലയാളികളെ കയ്യിലെടുക്കുന്ന പ്രഭാഷണവും പ്രസ്താവനകളും കാഴ്ചവെച്ചത്. പ്രവാസികളുടെ എല്ലാ പ്രശ്നങ്ങള്‍ക്കും സത്വര പരിഹാരവുമായി താന്‍ ഒപ്പമുണ്ടാകുമെന്നും അദ്ധേഹം പ്രഖ്യാപിച്ചു.
മുഖ്യമന്ത്രിയായ ശേഷം രണ്ടാമത്തെ ഗള്‍ഫ് രാജ്യത്തെ സന്ദര്‍ശനമാണിതെന്ന് പറഞ്ഞാണ് പിണറായി വിജയന്‍ പ്രസംഗം ആരംഭിച്ചത്. ആദ്യം സന്ദര്‍ശിച്ചത് യുഎഇ ആയിരുന്നു. കേരളത്തിന്റെ ദൈനംദിന ജീവിതത്തില്‍ നിറഞ്ഞുനില്‍ക്കുന്നവരാണ് പ്രവാസികള്‍. പ്രവാസികള്‍ മലയാളികളെ സംബന്ധിച്ച് കേവലമായ ഒരു വിഭാമല്ല. നമ്മുടെ നാടിന്റെ തന്നെ ഭാഗമായാണ് അവര്‍ മറ്റുരാജ്യങ്ങളില്‍ കഴിയുന്നത്. ഓരോ വ്യക്തിയെയും എടുത്ത് പരിശോധിച്ചാല്‍, നാട്ടില്‍ ജോലി ലഭിക്കാത്ത സാഹചര്യത്തില്‍ കുടുംബപ്രാരാബ്ദങ്ങളും മറ്റുമായി വന്നവരാണ് പലരും. നാട്ടിലെ കാര്യങ്ങള്‍ പരിശോധിച്ചാല്‍, രക്ഷപ്പെട്ട ഒരു കുടുംബാംഗമായായാണ് പ്രവാസിയെ കാണുന്നത്. നാടിനെ താങ്ങിനിര്‍ത്തുന്നവരാണ് പ്രവാസികള്‍.
ഈ സന്ദര്‍ശനവേള വല്ലാത്തൊരു അനുഭവമാണ് സമ്മാനിച്ചത്. കേരളത്തിനെ വലിയ ആദവും സ്നേഹത്തോടെയുമാണ് ഇവിടുത്തെ ഭരണാധികാരികള്‍ കാണുന്നത്. ആ സ്നേഹവായ്പ് അനുഭവിച്ചറിയാന്‍ സാധിച്ചിട്ടുണ്ട്. ക്രൌണ്‍ പ്രിന്‍സ് കോര്‍ട് പ്രസിഡന്റിന്റെ തിരുവനന്തപുരം സന്ദര്‍ശനവേളയില്‍ അദ്ദേഹം ബഹ്റൈനിലേക്ക് ക്ഷണിച്ചിരുന്നു. പല തിരക്കുകള്‍ക്കിടിയില്‍ അത് നീണ്ടുപോയി. എന്നാല്‍ വീണ്ടും ആ ക്ഷണം ഓര്‍മ്മിപ്പിക്കുകയാണുണ്ടായത്. അതുതന്നെ വലിയ ആദരവാണ്. അത് ഭരണകൂടത്തിന്റെ അതിഥികളായി വന്ന് ഇറങ്ങിയതുമുതല്‍ അധികാരികള്‍ സവിശേഷ പരിഗണ നല്‍കി. ഇതൊക്കെ കേരളത്തിന്റെ സര്‍ക്കാറിന്റെ പ്രത്യേകത കൊണ്ട് നേടിയതാണ് എന്ന് കരുതാനാകില്ല. മുഖ്യമന്ത്രിയുടെ ഏതെങ്കിലും തരത്തിലുള്ള വ്യക്തിവിശേഷം കൊണ്ട് നേടിയതാണ് എന്നും കരുതുന്നില്ല. പ്രവാസി മലയാളികളുടെ അര്‍പ്പണബോധത്തോടെയുള്ള പ്രവര്‍ത്തനത്തിനുള്ള ആദരവായാണ് ഞങ്ങള്‍ ഇതിനെ കാണുന്നത്.
കേരളത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന പ്രവാസികള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന രൂപത്തിലുള്ള കാര്യങ്ങള്‍ തിരിച്ചുകിട്ടിയിട്ടില്ല എന്ന് പറഞ്ഞാന്‍ ആരെയും കുറ്റപ്പെടുത്താനാകില്ല. പ്രവാസികളുടെ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനുള്ള കൃത്യമായ സംവിധാനം ഒരുങ്ങണമെന്നതില്‍ അശേഷം സംശയമില്ല. പ്രവാസികള്‍ മഹാഭൂരിപക്ഷം, പ്രവാസകാലത്ത് വലിയ ബുദ്ധിമുട്ടില്ലാതെ മുന്നോട്ട്പോകാന്‍ സാധിക്കുന്നവരാണ്. എന്നാല്‍, ജോലി നഷ്ടപ്പെട്ടാല്‍, തിരിച്ചുപോകേണ്ടി വന്നാല്‍ പ്രാരാബ്ധം ആരംഭിക്കുന്നരാണ് പലരും.
പലരുടെയും കുടുംബം നാട്ടിലാണുള്ളത്. മക്കളുടെ വിദ്യാഭ്യാസ പ്രശ്നങ്ങളും മറ്റും പലരെയും ഉല്‍കണ്ഠയിലാഴ്ത്തുന്നുണ്ട്. ഇവിടെ വെച്ചുണ്ടാക്കുന്ന സമ്പാദ്യം ശരിയായി ഉപയോഗിക്കാന്‍ ഇപ്പോള്‍ വഴിയില്ല. ഇവിടെ ജോലി ചെയ്യുന്നവര്‍ പണം സമ്പാദിച്ച് നാട്ടില്‍പോയി വലിയ വീടുവെക്കുകയാണ് എന്നാണ് ബഹ്റൈന്‍ പ്രധാനമന്ത്രി തന്നെ പറഞ്ഞത്. എന്നാല്‍ നിക്ഷേപത്തിലൂടെ വരുമാനം ലഭിക്കത്തക്ക രീതിയിലുള്ള കാര്യങ്ങള്‍ ഉണ്ടാകുന്നില്ല. ഇവിടെ ജോലി ചെയ്ത് വിരമിച്ച് പോയശേഷം നാട്ടില്‍ കുഴപ്പമില്ലാതെ ജീവിക്കാനുള്ള സാഹചര്യമുണ്ടാകണം.മലയാളി പ്രവാസികള്‍ക്കായി ഒരു പുനരധിവാസ പദ്ധതി രൂപപ്പെടുത്തും. അദ്ധേഹം പ്രഖ്യാപിച്ചു.
കരിപ്പൂര്‍ വിഷയത്തില്‍ കേന്ദ്രവുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും അവിടുത്തെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചത് ഹര്‍ഷാരവത്തോടെയാണ് പ്രവാസിമലയാളികള്‍ ഏറ്റെടുത്തത്. കണ്ണൂര്‍ വിമാനതാവളം കുറച്ച് മാസങ്ങള്‍ക്കകം യാഥാര്‍ത്ഥ്യമാകുമെന്നും അദ്ധേഹം അറിയിച്ചു
നാടിന്റെ അന്നദാതാവായാണ് ഗള്‍ഫ് നാടുകളെ കാണുന്നത്. ഇത് നിക്ഷേപകര്‍ക്ക് ഒരു നാട്ടില്‍ നിന്ന് കിട്ടാവുന്ന ഏറ്റവും മികച്ച കാര്യമാണ്. ഇവിടുത്തെ മലയാളികളായ കുട്ടികളെ കുറഞ്ഞ ചെലവില്‍ പഠിപ്പിക്കാനായി കേരള പബ്ളിക് സ്കൂള്‍ സ്ഥാപിക്കാനും എഞ്ചിനിയറിങ് കോളജിനും ഭരണകൂടത്തോട് അനുമതി ചോദിച്ചിട്ടുണ്ട്.-അദ്ധേഹം പറഞ്ഞു.
കേരളത്തിന്റെ അഭിവൃദ്ധിക്കിടയാക്കിയ ഭൂപരിഷ്കരണം കഴിഞ്ഞാല്‍ നാടിന്റെ ഇന്നത്തെ പ്രത്യേകതക്ക് ഇടയാക്കിയതില്‍ ഏറ്റവും പ്രധാന ഘടകം പ്രവാസികളാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും പ്രവാസികളുടെ പ്രശ്നങ്ങള്‍ക്കൊപ്പം കേരളം എന്നുമുണ്ടാകുമെന്നും അദ്ധേഹം ആവര്‍ത്തിച്ച് വ്യക്തമാക്കി.
ബഹ്റൈന്‍ കേരളീയ സമാജത്തില്‍ തിങ്ങിനിറഞ്ഞ പ്രവാസി മലയാളികള്‍ ഹര്‍ഷാരവങ്ങളോടെയാണ് പല പ്രഖ്യാപനങ്ങളെയും എതിരേറ്റത്.
ബഹ്റൈന്‍ പ്രതിഭയുടെ നേതൃത്വത്തിലുള്ള വിവിധ പ്രവാസി സാമൂഹ്യ സാംസ്കാരിക സംഘടകളാണ് പൗര സ്വീകരണം ഒരുക്കിയത്.
ഇന്ത്യന്‍ സ്കൂള്‍ ഭരണസമിതി, വിവിധ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ മുഖ്യമന്ത്രിയെ ബൊക്കയും പൂച്ചെണ്ടും നല്‍കി സ്വീകരിച്ചു. ചടങ്ങില്‍ സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ സിവി നാരായണന്‍ സ്വാഗതം പറഞ്ഞു. സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള അധ്യക്ഷനായി. കെ എം സി സി പ്രസിഡന്റ് എസ് വി. ജലീല്‍, ഒഐസി സി ഗ്ളോബല്‍ കമ്മിറ്റി സെക്രട്ടറി രാജു കല്ലുമ്പുറം, പ്രതിഭ പ്രസിഡന്റ് കെഎം മഹേഷ്, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സോമന്‍ ബേബി, ഇന്ത്യന്‍ എംബസ്സി ഫസ്റ്റ് സെക്രട്ടറി മീര സിസോദിയ, രവി പിള്ള, സമാജം ജനറല്‍ സെക്രട്ടറി എന്‍ കെ വീരമണി എന്നിവര്‍ സംബന്ധിച്ചു. പ്രവാസികളുടെ വിവിധ ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം പി വി രാധാകൃഷ്ണപിള്ള മുഖ്യമന്ത്രിക്കു സമര്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."