650 തിമിംഗലങ്ങള്‍ തീരത്തടിഞ്ഞു; 335 എണ്ണം ചത്തു
വെല്ലിങ്ടണ്‍: ന്യൂസിലന്റിന്റെ തെക്കന്‍ മേഖലയിലെ ദ്വീപായ ഫെയര്‍വെല്‍ സ്പിറ്റില്‍ 240 തിമിംഗലങ്ങള്‍ കൂടി കരക്കടിഞ്ഞു. വേലിയേറ്റത്തിലാണ് തിമിംഗലങ്ങള്‍ കൂട്ടത്തോടെ കരക്കടിഞ്ഞത്. ഇതോടെ കരക്കടിഞ്ഞ തിമിംഗലങ്ങളുടെ എണ്ണം 650 കവിഞ്ഞു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കരക്കടിഞ്ഞ തിമിംഗലങ്ങളില്‍ 335 എണ്ണം ചത്തുവെന്ന് അധികൃതര്‍ അറിയിച്ചു. 220 എണ്ണം ഇപ്പോഴും കരയിലുണ്ട്. 100 എണ്ണത്തിനെ തിരിച്ച് കടലിലേക്ക് അയച്ചു.
നൂറുകണക്കിന് സന്നദ്ധ, രക്ഷാപ്രവര്‍ത്തകരാണ് തിമിംഗലങ്ങളെ തിരിച്ചയക്കാന്‍ പ്രവര്‍ത്തിക്കുന്നത്. കൂട്ടത്തോടെ തിമിംഗലങ്ങള്‍ കരയ്‌ക്കെത്തി ചാകുന്നത് പതിവാണ്. എന്നാല്‍ ന്യൂസിലന്റിന്റെ ചരിത്രത്തില്‍ ഇത്രയും തിമിംഗലങ്ങള്‍ കൂട്ടത്തോടെ തീരത്തെത്തി ചത്തസംഭവം ഇതാദ്യമാണ്.
അവശ നിലയിലുള്ള തിമിംഗലങ്ങളെ വെള്ളംകോരിയൊഴിച്ച് തണുപ്പിച്ചും തുണികൊണ്ട് പുതപ്പിച്ചുമാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. കരയിലേക്ക് അടുത്തുകൊണ്ടിരിക്കുന്നവയെ കടലിലേക്ക് തിരിച്ചയക്കാന്‍ കടലില്‍ മനുഷ്യച്ചങ്ങല തീര്‍ത്തിട്ടുണ്ട്. ഇവ തീരത്തേക്ക് അടുക്കാതെ തിരിച്ചുവിടുകയാണ് മനുഷ്യമതില്‍ കൊണ്ട് ലക്ഷ്യമിടുന്നത്. കണ്‍സര്‍വേഷന്‍ ഗോള്‍ഡണ്‍ ബേ വകുപ്പിന്റെ മാനേജര്‍ ആന്‍ഡ്രൂ ലമാസണിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം.
തിമിംഗലങ്ങള്‍ക്ക് കെണിയൊരുക്കുന്ന രീതിയിലുള്ള ഭൂപ്രദേശ ഘടനയും, അപ്രതീക്ഷിത വേലിയേറ്റവുമാണ് തിമിംഗലങ്ങള്‍ക്ക് വിനയാകുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ തിമിംഗലങ്ങള്‍ കരയ്ക്കടിയുന്നത് ന്യൂസിലന്റിലാണ്.
തീരത്തേക്ക് തിമിംഗലങ്ങളെ ആകര്‍ഷിച്ചതിനുള്ള കാരണം വിദഗ്ധര്‍ പരിശോധിച്ചു വരികയാണ്. തിമിംഗലങ്ങള്‍ തീരത്തടിയുമെന്ന് മുന്നറിയിപ്പ് നേരത്തെ നല്‍കിയിരുന്നെങ്കിലും തിമിംഗല സംരക്ഷണ വകുപ്പ് വേണ്ടത്ര മുന്‍കരുതല്‍ എടുത്തില്ലെന്ന പരാതിയും ഉയര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."