തല മാറ്റി മറുതന്ത്രം
ചെന്നൈ: അധികാര വടംവലി രൂക്ഷമായ തമിഴ്‌നാട്ടില്‍ പനീര്‍ശെല്‍വം പക്ഷത്തേക്ക് കൂടുതല്‍ നേതാക്കളെത്തിയതോടെ മറുതന്ത്രങ്ങളുമായി ശശികല രംഗത്ത്. മുഖ്യമന്ത്രിയാകാനുള്ള നീക്കം താല്‍ക്കാലികമായി മാറ്റിവച്ച് വിശ്വസ്തരായ കെ.എ സെങ്കോട്ടയ്യന്‍, എടപ്പാടി പളനിസ്വാമി എന്നിവരിലാരെയെങ്കിലും മുഖ്യമന്ത്രിയാക്കാനാണ് നീക്കം.
ഇതിനായി നിയമവിദഗ്ധരുമായും എം.എല്‍.എമാരുമായും ചര്‍ച്ച നടത്തി. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ മഹാബലിപുരത്തെ റിസോര്‍ട്ടിലെത്തിയാണ് ശശികല ചര്‍ച്ച നടത്തിയത്. എം.എല്‍.എമാരുമായി രാജ്ഭവനിലേക്ക് പോകുമെന്ന വാര്‍ത്ത പരന്നതോടെ അവിടെ സുരക്ഷ ശക്തമാക്കിയിരുന്നു.
സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിക്കാത്തത് പനീര്‍ശെല്‍വത്തിന് വേണ്ടിയാണെന്ന് പോയസ് ഗാര്‍ഡനില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് ശശികല പറഞ്ഞു. ഭൂരിപക്ഷം തെളിയിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്തയച്ചിട്ടുണ്ട്. ഇത്രയും ദിവസം കാത്തിരുന്നു. ഇനി കാത്തിരിക്കാനാകില്ല. നടപടിയുണ്ടായില്ലെങ്കില്‍ വേണ്ടത് ചെയ്യും. അമ്മ തങ്ങള്‍ക്കൊപ്പമുണ്ട്. അതിനാല്‍ ആര്‍ക്കും പാര്‍ട്ടിയെ തകര്‍ക്കാനാകില്ലെന്നും ശശികല പറഞ്ഞു.
അതിനിടെ, ശശികല ക്യാംപില്‍ നിന്ന് കഴിയുന്നത്ര നേതാക്കളെ അടര്‍ത്തിയെടുത്ത് അണ്ണാ ഡി.എം.കെയില്‍ സ്വാധീനം ശക്തമാക്കാന്‍ പനീര്‍ശെല്‍വവും തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചുതുടങ്ങി. അണ്ണാ ഡി.എം.കെ സ്ഥാപക നേതാക്കളിലൊരാളും പാര്‍ട്ടി വക്താവുമായ പൊന്നയ്യന്‍ പിന്തുണ അറിയിച്ച് ഇന്നലെ രംഗത്തെത്തിയത് ശശികല പക്ഷത്തിന് കനത്ത തിരിച്ചടിയായി.
കൂടാതെ ഫിഷറീസ് മന്ത്രി ഡി. ജയകുമാര്‍, വിദ്യാഭ്യാസ മന്ത്രി പാണ്ഡ്യ രാജന്‍ എന്നിവരും പനീര്‍ശെല്‍വം ക്യാംപിലെത്തിയിട്ടുണ്ട്. ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവുമായി ചര്‍ച്ച നടത്താന്‍ ശശികലക്കൊപ്പം രാജ്ഭവനില്‍ പോയത് പാണ്ഡ്യരാജനായിരുന്നു. പനീര്‍ശെല്‍വത്തിന്റെ വസതിയിലെത്തിയാണ് അദ്ദേഹം പിന്തുണ അറിയിച്ചത്. പ്രതിസന്ധി ഉടന്‍ അവസാനിക്കുമെന്നും 135 എം.എല്‍.എമാരും പനീര്‍ശെല്‍വത്തെ പിന്തുണക്കുമെന്നും ട്വിറ്ററില്‍ കുറിച്ച ശേഷമാണ് പാണ്ഡ്യരാജന്‍ കാണാനെത്തിയത്. ഇവര്‍ക്കുപുറമെ എസ്.പി ഷണ്‍മുഖനാഥന്‍, കെ. മാണിക്കം,വി.സി ആരുക്കുട്ടി, മനോരഞ്ജിതം, എ. മനോഹരന്‍ എന്നീ എം.എല്‍.എമാരും നാമക്കല്‍ എം.പി പി.ആര്‍ സുന്ദരം, കൃഷ്ണഗിരി എം.പി അശോക് കുമാര്‍, രാജ്യസഭാ എം.പി വി.മൈത്രേയന്‍ എന്നിവരും പനീര്‍ശെല്‍വത്തിന്റെ കൂടെയുണ്ട്. ലോക്‌സഭാ എം.പിമാരില്‍ ഡെപ്യൂട്ടി സ്പീക്കര്‍ തമ്പിദുരൈ മാത്രമാണ് ശശികലയുടെ പക്ഷത്തുള്ളത്. നേരത്തേ പാര്‍ട്ടിയില്‍ നിന്ന് പുറത്തായ രാജ്യസഭാംഗം ശശികല പുഷ്പയും പനീര്‍ശെല്‍വത്തോട് ആഭിമുഖ്യം പ്രകടിപ്പിച്ചിട്ടുണ്ട്.
അതേസമയം, എം.എല്‍.എമാരെ പാര്‍പ്പിച്ചിരിക്കുന്ന മഹാബലിപുരത്തെ റിസോര്‍ട്ടില്‍ ആര്‍.ഡി.ഒയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ പരിശോധന നടത്തി. മദ്രാസ് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് ആര്‍.ഡി.ഒ പരിശോധനക്കെത്തിയത്.
റിസോര്‍ട്ടില്‍ താമസിക്കാനുള്ള തീരുമാനം സ്വമേധയാ എടുത്തതാണെന്നും ആരും തടവില്‍ പാര്‍പ്പിച്ചിട്ടില്ലെന്നും എം.എല്‍.എമാര്‍ അറിയിച്ചു. ഭൂരിപക്ഷം തെളിയിക്കുന്നതുവരെ റിസോര്‍ട്ടില്‍ താമസിക്കുമെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."