തൊഴിലാളികളെ തേടി 91 കമ്പനികള്‍; ജോലി തേടിയെത്തിയത് ആയിരങ്ങള്‍
കോഴിക്കോട്: മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ നാഷനല്‍ എംപ്ലോയ്‌മെന്റ് സര്‍വിസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച നിയുക്തി മെഗാ ജോബ് ഫെസ്റ്റില്‍ ജോലി തേടി എത്തിയത് ആയിരങ്ങള്‍. ഐ.ടി, ഹോസ്പിറ്റാലിറ്റി, ഹെല്‍ത്ത് കെയര്‍, ടെക്‌നിക്കല്‍, മാനേജ്‌മെന്റ്, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്, ഓഫീസ് അഡ്മിനിസ്‌ട്രേഷന്‍ മേഖലകളിലായിരുന്നു തൊഴിലവസരം. 13,373 പേരാണ് ജോബ് ഫെസ്റ്റിനായി രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ ഏറെപേരും ഇന്നലെ ഫെസ്റ്റിനെത്തി കൂടികാഴ്ചയില്‍ പങ്കെടുത്തു.
നാഷനല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ രൂപകല്‍പന ചെയ്ത സോഫ്റ്റ്‌വെയറിലൂടെയാണ് തൊഴില്‍മേളയുടെ മാനേജ്‌മെന്റ് നടത്തിയത്.
ലാര്‍സന്‍ ആന്‍ഡ് ടുബ്രോ, ടി.വി.എസ്, എച്ച്.ജി.എസ് ബംഗളൂരു, ലിമന്‍സി ടെക്‌നോളജീസ്, സ്പാക് സോഫ്റ്റ്‌വെയര്‍, ഷോണ്‍ ടെക്‌നോളജീസ്, പന്തലൂണ്‍, ആസ്റ്റര്‍ മിംസ്, ബേബി മെമോറിയല്‍ തുടങ്ങി 91 കമ്പനികളാണ് ജോബ് ഫെസ്റ്റില്‍ തൊഴില്‍ദാതാക്കളായി എത്തിയത്. ജോബ് ഫെയറുകളിലൂടെ സ്വകാര്യ മേഖലയില്‍ പരമാവധി തൊഴിലവസരം ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തുകൊണ്ട് തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. ഉദ്യോഗാര്‍ഥികള്‍ നേരിട്ട് ജോലിക്കായി അപേക്ഷിക്കുമ്പോള്‍ സ്ഥാപനങ്ങളുടെ വിശ്വാസ്യത പ്രശ്‌നം സൃഷ്ടിക്കുന്നു. പല കമ്പനികളും വ്യാജമാണെന്ന് പിന്നീടാണ് തിരിച്ചറിയപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു. നൈപുണ്യ വികസനത്തിനായി സംസ്ഥാനത്താദ്യമായി പേരാമ്പ്രയില്‍ തുടങ്ങിയ കരിയര്‍ ഗൈഡന്‍സ് സെന്റര്‍ ഉദ്യോഗാര്‍ഥികള്‍ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അധ്യക്ഷനായി. കോര്‍പറേഷന്‍ കൗണ്‍സിലര്‍ അഡ്വ. തോമസ് മാത്യു, മലബാര്‍ ക്രിസ്ത്യന്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഗോഡ്‌വിന്‍ സാംരാജ് ഡി.പി, മേഖലാ എംപ്ലോയ്‌മെന്റ് ഡി.ഡി മോഹന്‍ ലൂക്കോസ്, ഡിവിഷനല്‍ എംപ്ലോയ്‌മെന്റ് ഓഫിസര്‍ പി.എന്‍.സുരേഷ്ബാബു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.ടി ശേഖര്‍, സബ് റീജ്യനല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ കെ.എന്‍ ആഗ്‌നസ് സംസാരിച്ചു.
ജോബ് ഫെസ്റ്റിനായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരുന്നത്. ജീവനക്കാര്‍ക്കു പുറമെ എന്‍.സി.സി കാഡറ്റുകളും സേവനരംഗത്തുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."