എല്‍.ഡി.എഫ് സര്‍ക്കാരില്‍ പാലക്കാട്ടു നിന്ന് ഒന്‍പതു പേര്‍
പാലക്കാട്: കേരളത്തില്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എന്‍.ഡി.എഫ് മന്ത്രിസഭ അധികാരമേറ്റപ്പോള്‍ പാലക്കാട് ജില്ലയ്ക്കും അഭിമാന മുഹൂര്‍ത്തം. ജില്ലയിലെ 12 നിയമസഭാ മണ്ഡലങ്ങളില്‍ ഒന്‍പത് ജനപ്രതിനിധികളെയാണ് ഭരണകക്ഷിയായി മാറിയ ഇടതുപക്ഷത്തിന് ജില്ല സമ്മാനിച്ചത്.
അതില്‍ തരൂരില്‍ നിന്ന് വിജയിച്ച എ.കെ ബാലന്‍ വീണ്ടും മന്ത്രിയായ ആവേശത്തിലാണ് ജനങ്ങള്‍. ബുധനാഴ്ച വൈകിട്ട് നടന്ന സത്യപ്രതിജ്ഞക്ക് സാക്ഷിയാവാന്‍ നിരവധിപേരാണ് ജില്ലയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയിച്ച സീറ്റുകള്‍ നിലനിര്‍ത്തിയെന്ന് മാത്രമല്ല, എല്ലാ മണ്ഡലങ്ങളിലും ഭൂരിപക്ഷം വര്‍ധിപ്പിക്കാനുമായി. തുടര്‍ച്ചയായി യു.ഡി.എഫ് കൈവശംവെച്ച ചിറ്റൂര്‍, പട്ടാമ്പി മണ്ഡലങ്ങള്‍ ഇത്തവണ പിടിച്ചെടുത്തു. കഴിഞ്ഞ നാല് തവണ ചിറ്റൂരും മൂന്നു തവണ പട്ടാമ്പിയും യു.ഡി.എഫിന്റെ കൈവശമായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 54,312 വോട്ട് നേടിയ യു.ഡി.എഫിന് ഇത്തവണ 35,333 വോട്ടുമാത്രമാണ് ലഭിച്ചത്. കഴിഞ്ഞ തവണ വി.എസ്.അച്യുതാനന്ദന് 23,440 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചതെങ്കില്‍ ഇത്തവണ അത് 27,142 വോട്ടായി ഉയരുകയായിരുന്നു.
ബി.ജെ.പി രണ്ടാം സ്ഥാനത്തുവന്ന പാലക്കാട് മണ്ഡലത്തില്‍ രണ്ടായിരം വോട്ടിന്റെ കുറവാണ് എല്‍.ഡി.എഫിനുണ്ടായത്. പാലക്കാട് മണ്ഡലത്തില്‍ ബി.ജെ.പി പരാജയപ്പെടാന്‍ കാരണം ജില്ലാ നേതൃത്വമാണെന്ന് ആരോപിച്ച് ബി.ജെ.പി സ്ഥാനാര്‍ഥി അഖിലേന്ത്യാ പ്രസിഡന്റിന് പരാതി നല്‍കിയിരിക്കുകയാണ്.
പട്ടാമ്പി, ചിറ്റൂര്‍ മണ്ഡലങ്ങളിലെ വിജയം കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചു. പട്ടാമ്പിയില്‍ പുതുമുഖമായ മുഹമ്മദ് മുഹസിന്‍ അട്ടിമറി ജയമാണ് നേടിയത്.
ജില്ലയില്‍ വിജയിച്ച എല്ലാ മണ്ഡലങ്ങളിലും എല്‍.ഡി.എഫ് മികച്ച് ഭൂരിപക്ഷവും നേടി. ആലത്തൂരില്‍ കെ.ഡി പ്രസേനന്‍ 36,060 വോട്ടിനും തരൂരില്‍ എ.കെ.ബാലന്‍ 23,068 വോട്ടിനുമാണ് വിജയിച്ചത്.
ഷൊര്‍ണൂരില്‍ പി.കെ.ശശി 24,547 വോട്ടിനും ഒറ്റപ്പാലത്ത് പി.ഉണ്ണി 16,088 വോട്ടിനും വിജയിച്ചു. കോങ്ങാട് കെ.വി.വിജയദാസിന്റെ ഭൂരിപക്ഷം 13,721 വോട്ടായി ഉയര്‍ന്നു.
ചിറ്റൂരില്‍ കെ.കൃഷ്ണന്‍കുട്ടിയുടെ ഭൂരിപക്ഷം 7,285 വോട്ടാണ്. നെന്മാറയില്‍ എല്‍.ഡിഎഫിലെ കെ.ബാബു 7,408 വോട്ടിനാണ് വിജയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."