കോണ്‍ഗ്രസ്- എസ്.പി പൊതുമിനിമം പരിപാടി പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ആദ്യഘട്ട വോട്ടെടുപ്പു ദിവസം തന്നെ സമാജ്‌വാദി പാര്‍ട്ടി- കോണ്‍ഗ്രസ് സഖ്യം പത്തിന പൊതുമിനിമം പരിപാടി പ്രഖ്യാപിച്ചു. ലഖ്‌നോയില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും എസ്.പി നേതാവും മുഖ്യമന്ത്രിയുമായ അഘിലേഷ് യാദവും നടത്തിയ സംയുക്തവാര്‍ത്താസമ്മേളനത്തിലാണ് യുവാക്കളെ അകര്‍ഷിപ്പിക്കുന്ന വിധത്തിലുള്ള പൊതുമിനിമം പരിപാടി പ്രഖ്യാപിച്ചത്. യുവാക്കള്‍ക്ക് സൗജന്യ സ്മാര്‍ട്ട്‌ഫോണ്‍, 20 ലക്ഷം യുവാക്കള്‍ക്ക് നൈപുണ്യവികസന പരിശീലനം, പാവപ്പെട്ടവര്‍ക്ക് സൗജന്യ സൈക്കിളും വീടും, കര്‍ഷകരുടെ വായ്പ എഴുതിത്തള്ളല്‍, കര്‍ഷകര്‍ക്ക് കുറഞ്ഞ ചിലവില്‍ വൈദ്യുതി, കാര്‍ഷിക വിളകള്‍ക്ക് മതിയായ വില, സര്‍ക്കാര്‍ ജോലിയില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം, പാവപ്പെട്ട ഒരു കോടി കുടുംബങ്ങള്‍ക്ക് 1000 രൂപ പ്രതിമാസ പെന്‍ഷന്‍, നഗരത്തിലെ ദരിദ്രര്‍ക്ക് 10 രൂപയ്ക്ക് ഒരു നേരത്തെ ഭക്ഷണം, അഞ്ചു വര്‍ഷം കൊണ്ട് എല്ലാ ഗ്രാമത്തിലും വെള്ളവും വൈദ്യുതിയും, ഒമ്പത് മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ഥിനികള്‍ക്ക് സൗജന്യ സൈക്കിള്‍, എല്ലാ ജില്ലകളെയും ബന്ധിപ്പിച്ച് നാലുവരിപ്പാത, ആറ് പ്രധാന നഗരങ്ങളില്‍ മെട്രോ റെയില്‍, തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുകളില്‍ 50 ശതമാനം വനിതാ സംവരണം തുടങ്ങിയവയാണ് ഇതിലെ പ്രധാനപ്പെട്ടത്. ഇതുകൂടാതെ പിന്നാക്കക്കാര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമായി പ്രത്യേക പദ്ധതികളും പൊതുമിനിമം പരിപാടിയിലുണ്ട്.
ആദ്യഘട്ട വോട്ടെടുപ്പിലെ പ്രതികരണത്തില്‍ സന്തോഷമുണ്ടെന്ന് അഖിലേഷ് പറഞ്ഞു. നിങ്ങള്‍ ഈ സഖ്യത്തിനായി വോട്ടു ചെയ്യുക. സഖ്യം മുന്നോട്ടു പോകും. ഇവിടെ വൈകാരികതയുടേയും ദേഷ്യത്തിന്റെയുമൊന്നും കാര്യമില്ല. സംസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കും സമൃദ്ധിയ്ക്കും വേണ്ടിയുള്ള തെരഞ്ഞെടുപ്പാണിത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരിപാടി നരേന്ദ്രമോദി അവസാനിപ്പിക്കണമെന്നും അഖിലേഷ് ആവശ്യപ്പെട്ടു. തൊഴിലില്ലായ്മ, ജനങ്ങളുടെ സുരക്ഷ നോട്ടുറദ്ദാക്കല്‍ തുടങ്ങിയ ചോദ്യങ്ങള്‍ക്കു മറുപടി പറയാന്‍ മോദിയ്ക്കു കഴിയുന്നില്ലെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. ഓരോ വര്‍ഷവും രണ്ടു ലക്ഷം പേര്‍ക്ക് വീതം തൊഴില്‍ നല്‍കുമെന്നായിരുന്നു മോദിയുടെ വാഗ്ദാനം. എന്നാല്‍ തൊഴിലില്ലായ്മ ഈ വര്‍ഷം വര്‍ധിച്ചുവെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."