തേക്കംപട്ടിയില് ആനകള്‍ക്ക് സുഖചികിത്സ
ഗൂഡല്ലൂര്‍: മേട്ടുപാളയം തേക്കംപട്ടിയില് ആന ക്യാംപ് ആരംഭിച്ചു. തമിഴ്നാട് ദേവസ്വംബോര്‍ഡ് കമ്മീഷണര്‍ വീരഷണ്മുഖ മണി ഉദ്ഘാടനം ചെയ്തു. രാമു, ഡി.എഫ്.ഒ ബാലസുബ്രഹ്മണ്യന് തുടങ്ങിയവര്‍ സംബന്ധിച്ചു. ഒന്‍പതാമത് ആന ക്യാംപാണ് ഇത്തവണ നടക്കുന്നത്. ഭവാനി പുഴയോട് ചേര്‍ന്നാണ് ക്യാംപ് നടക്കുന്നത്. തമിഴ്നാട് എച്ച്ആര്‍ ആന്‍ഡ് സിഇ വകുപ്പിന്റെയും വനംവകുപ്പിന്റെയും നേതൃത്വത്തിലാണ് ക്യാംപ് നടക്കുന്നത്. 30 നാട്ടാനകള്‍ക്ക് 30 ദിവസത്തെ ചികിത്സയാണ് നല്‍കുന്നത്. കാട്ടാനകളുടെ ശല്യം തടയുന്നതിന് അഞ്ച് കിലോമീറ്റര്‍ അകലത്തില്‍ സോളാര്‍ വേലി സ്ഥാപിച്ചിട്ടുണ്ട്. ആറ് സ്ഥലങ്ങളില്‍ ഗോപുരങ്ങളും ആറ് കാമറകളും സ്ഥാപിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ നാട്ടാനകള്‍ക്കും ക്ഷേത്ര ആനകള്‍ക്കും ദര്‍ഗകളിലെയും മഠങ്ങളിലെയും മറ്റും ആനകള്‍ക്കാണ് സുഖ ചികിത്സ നല്‍കുന്നത്. 2003ല്‍ആണ് തമിഴ്നാട്ടില്‍ ആന സുഖ ചികിത്സാ ക്യാംപ് തുടങ്ങിയത്. തുടര്‍ച്ചയായി മുതുമലയിലാണ് ആന ക്യാംപ് നടന്നിരുന്നത്. എന്നാല്‍ അസൗകര്യം കാരണം പിന്നീട് സ്ഥലം മാറ്റുകയായിരുന്നു. തേക്കംപ്പട്ടിയില് പാപ്പാന്മാര്ക്ക് താമസിക്കാനുള്ള സ്ഥലവും ഭക്ഷണം പാചകം ചെയ്യാനുള്ള സ്ഥലവും മെഡിക്കല്‍ സംഘത്തിന് താമസിക്കാനുള്ള സ്ഥലവും മറ്റും തയാറാക്കിയിട്ടുണ്ട്. ഡോക്ടര്‍മാരായ കുമരന്, ശെന്തില്‍നാഥന്‍, ശരവണകുമാര്‍, മനോഹരന് എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് ചികിത്സ നല്‍കുന്നത്. ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മേല്‍ നോട്ടത്തിലാവും ക്യാംപ് പ്രവര്‍ത്തിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."