ഡല്‍ഹിയില്‍ ആഫ്രിക്കന്‍ വംശജര്‍ക്ക് നേരെ വീണ്ടും ആക്രമണം
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആഫ്രിക്കന്‍ വംശജര്‍ക്കുനേരെ വീണ്ടും ആക്രമണം. നാലു സംഭവങ്ങളിലായി ആറു പേരാണ് ആക്രമിക്കപ്പെട്ടത്. ഇതേത്തുടര്‍ന്ന് ഡല്‍ഹിയില്‍ ആഫ്രിക്കന്‍ വംശജര്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ രാത്രികാല പട്രോളിങ് ശക്തമാക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് നിര്‍ദേശം നല്‍കി.
ദിവസങ്ങള്‍ക്കുമുന്‍പ് കോംഗോ സ്വദേശിയായ ഒലിവിയര്‍ (29) കൊല്ലപ്പെട്ടതിനു പിന്നാലെയാണ് വീണ്ടും ആക്രമണമുണ്ടായത്. ഓട്ടോ വിളിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ മൂന്നംഗ സംഘമാണ് ഇയാളെ മര്‍ദിച്ചുകൊന്നത്. നൈജീരിയ, ഉഗാണ്ട, ദക്ഷിണാഫ്രിക്ക തുടങ്ങിയിടങ്ങളില്‍ നിന്നുള്ളവരാണ് കഴിഞ്ഞദിവസം ആക്രമിക്കപ്പെട്ടത്. അക്രമത്തിനിരയായവരില്‍ രണ്ടു സ്ത്രീകളും ഒരു ക്രൈസ്തവ പുരോഹിതനും ഉള്‍പ്പെടും. സംഭവത്തില്‍ അഞ്ചു പ്രതികളെ അറസ്റ്റ് ചെയ്തതായി ഡല്‍ഹി പൊലിസ് അറിയിച്ചു.
300ലധികം ആഫ്രിക്കക്കാര്‍ താമസിക്കുന്ന മെഹ്്‌റോളിയിലാണ് കൂടുതല്‍ അക്രമങ്ങളും നടന്നത്. ഒലിവിയറിന്റെ മരണത്തെത്തുടര്‍ന്ന് ആഫ്രിക്കന്‍ രാജ്യങ്ങളുടെ നയതന്ത്രപ്രതിനിധികള്‍ ഡല്‍ഹിയില്‍ നടന്ന ആഫ്രിക്കന്‍ ദിനാഘോഷപരിപാടി ബഹിഷ്‌ക്കരിച്ചിരുന്നു. ഇതേത്തുടര്‍ന്നു രാജ്യത്തെ ആഫ്രിക്കന്‍ വംശജരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ക്കായി വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് സഹമന്ത്രി വി.കെ സിങ്ങിനെ ചുമതലപ്പെടുത്തിയിരുന്നു.
അക്രമികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ പോലിസ് കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കിയതായി രാജ്‌നാഥ് സിങ് ട്വിറ്ററില്‍ വ്യക്തമാക്കി. മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് രാജ്‌നാഥ് സിങും ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങും ഉറപ്പുനല്‍കിയതായി സുഷമാ സ്വരാജ് ട്വിറ്ററില്‍ വ്യക്തമാക്കി.
സംഭവത്തിന് വംശീയ സ്വഭാവമില്ലെന്ന് പൊലിസ് പറയുന്നുണ്ടെങ്കിലും അക്രമികളില്‍ നിന്ന് വംശീയ ആക്ഷേപം നേരിടേണ്ടിവന്നതായി പരുക്കേറ്റവര്‍ മൊഴി നല്‍കി.
അക്രമത്തിനിരയായ നൈജീരിയന്‍ പുരോഹിതന്‍ കെന്നത്ത് ഇഗ്്ബിനോസക്ക് ക്രിക്കറ്റ് ബാറ്റ് കൊണ്ടുള്ള അടിയേറ്റാണ് പരുക്കേറ്റത്. വീട്ടിലേക്ക് വരുമ്പോഴാണ് ആക്രമണം. അദ്ദേഹത്തിന്റെ ഭാര്യ, നാലു മാസം പ്രായമുള്ള കുഞ്ഞ്, സുഹൃത്ത് ജാക്‌സണ്‍ എന്നിവരും ആക്രമണത്തിനിരയായി. 32 വയസുള്ള ലിയൂച്ചിയാണ് ആക്രമിക്കപ്പെട്ട മറ്റൊരു നൈജീരിയന്‍ സ്വദേശി.
അതിനിടെ, ഹൈദരാബാദിലും നൈജീരിയന്‍ വിദ്യാര്‍ഥിക്കു നേരെ ആക്രമണമുണ്ടായി. പാര്‍ക്കിങിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. ഡല്‍ഹിയിലെ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് നാളെ ജന്തര്‍മന്ദിറില്‍ ആഫ്രിക്കന്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധ പ്രകടനം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."