കഥാപാത്രങ്ങള്‍ക്ക് പേരിടാന്‍ പോലും എഴുത്തുകാര്‍ ഭയക്കുന്നു: വൈശാഖന്‍
കാസര്‍കോട്: കഥാപാത്രങ്ങള്‍ക്ക് പേരിടാന്‍ പോലും എഴുത്തുകാര്‍ ഭയക്കുന്ന കാലമാണിതെന്ന് കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍. കേരളാ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ ജന സംസ്‌കൃതി ദക്ഷിണേന്ത്യന്‍ സാംസ്‌കാരികോത്സവത്തില്‍ നടന്ന സെമിനാറില്‍ വായനയുടെ രാഷ്ട്രീയം എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈക്കം മുഹമ്മദ് ബഷീര്‍ പ്രേമലേഖനത്തില്‍ ആകാശ് മിഠായി എന്ന് പേരിട്ടത് ഇന്നിലേക്കുള്ള ഒരു സൂചനയാണ്. സര്‍ഗാത്മകതയില്ലാത്ത സമൂഹത്തിന്റെ ഭാവി അടിമത്തമാണ്. രാഷ്ട്രീയ ബോധവും സര്‍ഗാത്മകതയുമില്ലാത്ത സമൂഹം നാളെ അടിമചന്തയിലേക്ക് നമ്മെ വില്‍ക്കും. രണ്ടുതരം വായനയാണുള്ളത്. ജീവനുള്ള വായനയും, മരിച്ച വായനയും. ജീവനുള്ള വായനക്കാര്‍ സഹജീവികളോട് വായനയുടെ രാഷ്ട്രീയം പ്രകടിപ്പിക്കുമെന്നും മരിച്ച വായനക്കാര്‍ വായനയ്ക്ക് ശേഷം പുസ്തകം മടക്കി വെക്കുന്നവരാണെന്നും വൈശാഖന്‍ പറഞ്ഞു.
സെമിനാര്‍ പി. കരുണാകരന്‍ എം.പി ഉദ്ഘാടനം ചെയ്തു. കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് ഡോ. ഖതീജ മുംതാസ്, റഹ്മത്ത് തരീക്കരെ, ഡോ. എ.എം ശ്രീധരന്‍, രവീന്ദ്രന്‍ കൊടക്കാട്, ടി.എ ഷാഫി സംസാരിച്ചു. തുടര്‍ന്ന് ഉസ്താദ് ഹസ്സന്‍ ഭായിയുടെ ഷെഹനായി വാദനവും നടന്നു. സമാപന സമ്മേളനം സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം മുന്‍ എം.എല്‍.എ ഉണ്ണികൃഷ്ണ പിള്ള ഉദ്ഘാടനം ചെയ്തു. വാസു ചോറോട് അധ്യക്ഷനായി. കെ.എം അബ്ദുള്‍ റഹ്മാന്‍, കര്‍ണാടക നാടക അക്കാദമി അംഗം ഉമേഷ് സാലിയന്‍, ടി.കെ രാജന്‍, രവീന്ദ്രന്‍ രാവണേശ്വരം, സി.എല്‍ ഹമീദ്, വിനേദ് കുമാര്‍ പെരുമ്പള, എ.കെ ശശിധരന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."