വിമാനത്താവള നഗരം തെരഞ്ഞെടുപ്പ് ചൂടിലേക്ക്
മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പിന് അഞ്ചുമാസം ബാക്കിനില്‍ക്കേ മുന്നണികള്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നു. ഇരു മുന്നണികളും തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ആരംഭിച്ചപ്പോള്‍ ബി.ജെ.പിയും ശുഭപ്രതീക്ഷയോടെയാണ് തെരഞ്ഞെടുപ്പ് നേരിടാന്‍ രംഗത്തിറങ്ങുന്നത്.
മട്ടന്നൂരില്‍ തിരഞ്ഞെടുപ്പ് 2017 ജൂലൈയില്‍ ആണ് നടക്കേണ്ടത്. അമ്പതിനായിരത്തോളം വരുന്ന മട്ടന്നൂര്‍ ജനതയ്ക്കായി മാത്രം ക്രമംതെറ്റിയ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ അത് സംസ്ഥാനം മുഴുവന്‍ ശ്രദ്ധേയമാകാറുമുണ്ട്. ഇടതുപക്ഷത്തിന് ഏറെ സ്വധീനമുള്ള പ്രദേശങ്ങള്‍ ഉള്‍പ്പെട്ടതാണ് മട്ടന്നൂര്‍ നഗരസഭ. കഴിഞ്ഞ തവണ 34 വാര്‍ഡില്‍ 23 സീറ്റ് നേടി എല്‍.ഡി.എഫ് ഭരണം നേടിയപ്പോള്‍ 13 സീറ്റില്‍ വിജയിച്ച് യു.ഡി.എഫും കരുത്തു കാട്ടി. ഇടതുകോട്ടകളില്‍ വിള്ളലുണ്ടായത് തെരഞ്ഞെടുപ്പിനു ശേഷവും പാര്‍ട്ടിയില്‍ നിരന്തര ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇരുമുന്നണികള്‍ക്കുമൊപ്പം ബി.ജെ.പിയും ചെറുതല്ലാത്ത വോട്ട് കരസ്ഥമാക്കിയിരുന്നു. കരേറ്റയില്‍ യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ബിജു ഏളക്കുഴി കേവലം 18വോട്ടിനാണ് പരാജയപ്പെട്ടത്. ആര്.എസ്.ബി ജില്ലാ സെക്രട്ടറിയായിരുന്ന കെ.പി രമേശനെതിരെ യു.ഡി.എഫ് റിബലായി മത്സരിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് സി അജിത്ത് കുമാര്‍ പരാജയപ്പെട്ടതും നാമമാത്രമായ വോട്ടുകള്‍ക്കായിരുന്നു. മുസ്ലിംലീഗിലെ പ്രമുഖര്‍ മത്സരിച്ച് ജയിച്ച വാര്‍ഡുകള്‍ ഇത്തവണ വനിതാ വാര്‍ഡുകളായി മാറും. പഴശ്ശി, പൊറോറ, കോളാരി പഞ്ചായത്തുകളെ സംയോജിപ്പിച്ച് കൊണ്ട് 1962ലാണ് മട്ടന്നൂര്‍ പഞ്ചായത്ത് രൂപീകരിച്ചത്. തുടര്‍ന്ന് ഇടത്തരം പഞ്ചായത്തുകളെ നഗരസഭയായി ഉയര്‍ത്തുന്നതിന്റെ ഭാഗമായി 1990 ഏപ്രില്‍ ഒന്നിനാണ് മട്ടന്നൂരിനെ നഗരസഭയായി ഉയര്‍ത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."