അയിത്താചരണം: നിരാഹാര സമരം അവസാനിപ്പിച്ചു
കണ്ണൂര്‍: അഴീക്കല്‍ പാമ്പാടി ആലിന്‍ കീഴില്‍ ക്ഷേത്രത്തില്‍ അയിത്താചരണം നടക്കുന്നുവെന്നാരോപിച്ച് ജനാധിപത്യ രാഷ്ട്രീയ സഭ ജില്ലാ പ്രസിഡന്റ് കെ പ്രസീത കലക്ടറേറ്റിനു മുന്നില്‍ നടത്തിയ നിരാഹാരസമരം അവസാനിപ്പിച്ചു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നല്‍കിയ നാരങ്ങ നീര് കുടിച്ചാണ് പ്രസീത സമരം അവസാനിപ്പിച്ചത്. ഉത്സവം ഇന്ന് അവസാനിക്കുന്നതിനാലും എന്‍.ഡി.എ സമരം ഏറ്റെടുക്കുമെന്ന് ഉറപ്പു ലഭിച്ചതിനാലുമാണ് സമരം അവസാനിപ്പിക്കുന്നതെന്ന് ജനാധിപത്യ രാഷ്ട്രീയ സഭ സംസ്ഥാന സെക്രട്ടറി തെക്കന്‍ സുനില്‍ കുമാര്‍ പറഞ്ഞു. സമരപന്തലില്‍ ചേര്‍ന്ന പ്രതിഷേധ യോഗം കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചയ്തു. അയിത്തമടക്കമുള്ള സാമൂഹ്യ അനാചാരങ്ങള്‍ക്കെതിരേ നിരന്തരം സമരം ചെയ്തവരെന്ന് പറയുന്ന സി.പി.എമ്മിന് കേരളത്തിലെ സാമൂഹ്യ പരിഷ്‌കരണ പ്രവര്‍ത്തനങ്ങളിലൊന്നും ഒരു പങ്കുമില്ലെന്ന് കുമ്മനം പറഞ്ഞു. സി.പി.എം നിയന്ത്രണത്തിലുള്ള ക്ഷേത്രത്തില്‍ നടക്കുന്ന അനാചരണത്തിനെതിരേ സി.പി.എം നേതാക്കള്‍ മറുപടി പറയണമെന്നും കുമ്മനം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."