മോദിയുടെ പടിയിറക്കംവരെ പോരാട്ടം തുടരും: പി.കെ കുഞ്ഞാലികുട്ടി
മലപ്പുറം: ഇ. അഹമ്മദിന്റെ മരണം രാജ്യത്തെ ഏകാധിപത്യം അവസാനിപ്പിക്കുന്നതിനായുള്ള പുതിയ പോരാട്ടത്തിനു പ്രാരംഭം കുറിച്ചിരിക്കുകയാണെന്നും പ്രതിഷേധം അണയാത്ത കൊടുങ്കാറ്റായി മോദിയുടെ പടിയിറക്കത്തോടെ മാത്രമേ അണയുകയുള്ളൂവെന്നും മുസ്‌ലിംലീഗ് ദേശീയ ട്രഷറര്‍ പി.കെ കുഞ്ഞാലിക്കുട്ടി. 'മരണക്കിടക്കയിലും ഫാസിസം' എന്ന പ്രമേയത്തില്‍ മുസ്‌ലിംലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമവും ഇ. അഹമ്മദ് അനുസ്മരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മക്കള്‍ക്കു പോലും നീതി നിഷേധിച്ച സംഭവമാണ് ഒരു പാര്‍ലമെന്റംഗത്തിന്റെ മരണത്തിലൂടെ വ്യക്തമായത്. സാധരണ മനുഷ്യനു ലഭിക്കേണ്ട പരിഗണനപോലും നല്‍കാതെയാണ് ഭരണ നേട്ടങ്ങള്‍ക്കായി ബി.ജെ.പി സര്‍ക്കാര്‍ നെറികെട്ട രാഷ്ട്രീയം കളിച്ചതെന്നും മക്കള്‍ ആവശ്യപ്പെട്ടിട്ടും പിതാവിന്റെ മുഖമൊന്നു കാണിക്കാത്ത ആ ധാര്‍ഷ്ട്യത്തിനു പിന്നില്‍ ആരാണെന്നു ലോകമറിയണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വിഷയത്തില്‍ പാതിരാ നേരത്തുപോലും സോണിയാഗാന്ധിയുടെ ഇടപെടല്‍ രാജ്യം കണ്ടതാണ്. അധികാരമുപയോഗിച്ചു ജനങ്ങളെ പേടിപ്പിച്ചുനിര്‍ത്താനാണ് മോദി ശ്രമിക്കുന്നത്. ഇതിനെതിരായ പോരാട്ടം വളര്‍ന്നുവരുമെന്നും ആ പോരാട്ടത്തിനു വഴിമരുന്നിട്ടാണ് ഇ. അഹമ്മദ് വിടപറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മദീജ്, പി.വി അബ്ദുല്‍ വഹാബ് എം.പി, മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ്, സി.പി.ഐ ദേശീയ എക്‌സിക്യൂട്ടിവ് അംഗം കെ.ഇ ഇസ്മാഈല്‍, ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ്, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഇ.എന്‍ മോഹന്‍ദാസ്, ജനതാദള്‍ (യു) ജില്ലാ പ്രസിഡന്റ് സ്വബാഹ് പുല്‍പറ്റ, അഡ്വ. യു.എ ലത്തീഫ്, സി.പി ബാവഹാജി, അഡ്വ. കെ.എന്‍.എ ഖാദര്‍, കെ. മുഹമ്മദുണ്ണി ഹാജി, അഷ്‌റഫ് കോക്കൂര്‍, അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, എം.എ ഖാദര്‍, സലീം കുരുവമ്പലം, കുറുക്കോളി മൊയ്തീന്‍, അഡ്വ. എം. റഹ്മത്തുല്ല, എം.എല്‍,എമാരായ പി. ഉബൈദുല്ല, ആബിദ് ഹുസൈന്‍ തങ്ങള്‍, ടി.വി ഇബ്രാഹീം, നാലകത്ത് സൂപ്പി, പി.വി മുഹമ്മദ് അരീക്കോട്, എ.പി ഉണ്ണികൃഷ്ണന്‍, വണ്ടൂര്‍ ഹൈദരലി, മുജീബ് കാടേരി, അന്‍വര്‍ മുള്ളമ്പാറ, അഡ്വ. വി.കെ ഫൈസല്‍ ബാബു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."