ഇറ്റാലിയന്‍ നാവികന് ജന്മനാട്ടില് ഊഷ്മള വരവേല്‍പ്പ്
റോം: കൊല്ലം നീണ്ടകരയില്‍ രണ്ടു മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന കേസില്‍ ഇന്ത്യ വിട്ടുപോകാന്‍ അനുമതി ലഭിച്ച ഇറ്റാലിയന്‍ നാവികന് സാല്‍വത്തോറെ ജിറോണിന് ജന്മനാട്ടില് ഊഷ്മള വരവേല്‍പ്പ്.
തെക്കന്‍ ഇറ്റലിയിലെ ബാരി സ്വദേശിയായ ജിറോണിനെ സ്വീകരിക്കാന്‍ ഭാര്യയും മക്കളും പിതാവും ഇറ്റാലിയന്‍ വിദേശകാര്യമന്ത്രിയും പ്രതിരോധമന്ത്രിയും വിമാനത്താവളത്തിലെത്തിയിരുന്നു. വിമാനത്താവളത്തില്‍ നിന്ന് നേരെ വീട്ടിലേക്കുപോയ ജിറോണിന് നാട്ടിലും ഊഷ്മള വരവേല്‍പ്പ് ഒരുക്കിയിരുന്നു.
അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് സുപ്രിംകോടതിയാണ് സ്വദേശത്തേക്കു പോകാന്‍ അനുമതി നല്‍കിയത്. കഴിഞ്ഞ നാലു വര്‍ഷമായി ജിറോണിന് ഇന്ത്യ വിടാനായിരുന്നില്ല. 2012ല്‍ നീണ്ടകരയ്ക്കടുത്ത് മത്സ്യബന്ധനം നടത്തുകയായിരുന്ന തൊഴിലാളികളെയാണ് എന്റിക ലെക്സി എന്ന ഇറ്റാലിയന്‍ എണ്ണക്കപ്പലിലെ സുരക്ഷാ സൈനികരായ മാസിമിലിയാനോ ലത്തോറെയും സാല്‍വത്തോറെ ജിറോണും വെടിവച്ചുകൊന്നത്. ഒരാളുടെ തലയ്ക്കും മറ്റൊരാളുടെ വയറിനുമാണ് വെടിയേറ്റത്.
2014ല്‍ പക്ഷാഘാതത്തെ തുടര്‍ന്നുള്ള ചികിത്സയ്ക്കു വേണ്ടി ലത്തോറെക്ക് ഇറ്റലിയിലേക്ക് മടങ്ങാന്‍ സുപ്രിംകോടതി അനുമതി നല്‍കിയിരുന്നു. എന്നാല്‍, ജിറോണിനെ നാട്ടിലേക്കുപോകാന്‍ അനുവദിച്ചിരുന്നില്ല. ഒരുമാസത്തിനകം ജിറോണ്‍ ഇന്ത്യയിലേക്കു മടങ്ങുമെന്ന് ഇറ്റാലിയന്‍ സ്ഥാനപതി ഇന്ത്യയ്ക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."