ഉത്തര്‍പ്രദേശില്‍ വീണ്ടും കലാപം: കടകള്‍ക്കും ബസുകള്‍ക്കും തീയിട്ടു
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ വിവിധ മേഖലയില്‍ വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു. ഇന്നലെ ഒരു യുവാവ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടാണ് യു.പി വീണ്ടുമൊരു കലാപത്തിലേക്ക് നീങ്ങിയത്. ഡല്‍ഹിയില്‍ നിന്ന് 170 കിലോമീറ്റര്‍ വിദൂരത്തുള്ള കസ്ഗഞ്ച് നഗരത്തിലെ നിരവധി കടകളും ബസുകളും അക്രമികള്‍ തീയിട്ടുനശിപ്പിച്ചു.
ഭരണകക്ഷി ബി.ജെ.പിയുടെ വിദ്യാര്‍ഥി വിഭാഗമായ എ.ബി.വി.പിയും വിശ്വ ഹിന്ദു പരിഷത്തും ചേര്‍ന്നു നടത്തിയ 'ത്രിരങ്ക ബൈക്ക് റാലി'ക്കിടെയുണ്ടായ സംഘര്‍ഷത്തിലാണ് ചന്ദന്‍ ഗുപ്ത എന്ന 22 കാരന്‍ കൊല്ലപ്പെട്ടത്. നൗഷാദ് എന്നയാളെ പരുക്കേറ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ഇരുവര്‍ക്കും വെടിയേറ്റാണ് പരുക്കേറ്റതെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു.
ഇന്നലെയുണ്ടായ സംഘര്‍ഷത്തില്‍ 49 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് കസ്ഗഞ്ച് ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചിട്ടുണ്ട്. ജില്ലാ അതിര്‍ത്തികളില്‍ കൂടിനില്‍ക്കുന്നതും യാത്രകളും നിരോധിക്കുകയും ചെയ്തിട്ടുണ്ട്.
സംഘര്‍ഷമുണ്ടാവുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. കൂട്ടത്തില്‍ കാവിക്കൊടിയും ദേശീയപതാകയും ഏന്തിയവരാണ് അധികവും. ഇന്ത്യയില്‍ ജീവിക്കണമെങ്കില്‍ വന്ദേമാതരം ചൊല്ലണമെന്ന് ആക്രോശിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."