വിസ്മയപ്പകര്‍ച്ചയില്‍ ലൂവര്‍ അബൂദബി
ലൂവര്‍ മ്യൂസിയം കാണുകയെന്നത് കുറെയായി മനസില്‍ കൊണ്ടുനടന്ന ആഗ്രഹമായിരുന്നു. ഓഫിസ് കാര്യങ്ങള്‍ക്കായി ഈ പുതുവര്‍ഷം യു.എ.ഇ തലസ്ഥാനമായ അബൂദബിയില്‍ ഉണ്ടായിരുന്നതിനാല്‍ അത് എളുപ്പമായി. ലോക കലാസാംസ്‌കാരിക ചരിത്രത്തില്‍ യു.എ.ഇക്ക് ഗണ്യമായ ഒരിടം നല്‍കി അബൂദബിയില്‍ പ്രവര്‍ത്തനമാരംഭിച്ച ലൂവര്‍ മ്യൂസിയം കാഴ്ചപ്രധാനവും വിസ്മയകരവുമായൊരു കലാവിരുന്നുമാണ്. അനിതരസാധാരണമായ രൂപശില്‍പം, കുംഭഗോപുരത്തിനു കീഴില്‍ ഒരുക്കിയ പകിട്ടാര്‍ന്ന സംവിധാനം, ഐക്യ എമിരേറ്റുകളിലേക്കുള്ള കലാപരമായ ആകര്‍ഷണം, സാധാരണ ഗള്‍ഫ് രാജ്യങ്ങളില്‍ കാണുന്ന ഉയര്‍ന്ന കോണ്‍ക്രീറ്റ് സൗധങ്ങള്‍ക്കും വര്‍ധിച്ച കച്ചവടത്തിരക്കുകള്‍ക്കുമിടയില്‍ അല്‍പം സൗന്ദര്യം ആസ്വദിക്കാന്‍ ഒരു കേന്ദ്രം. തേന്‍കൂടിനോട് സാമ്യമുള്ള വശ്യമനോഹരമായ നിര്‍മിതി. നക്ഷത്രാലങ്കൃതമായ ഉപരിതലം. വായുസഞ്ചാരത്തിനു ചുറ്റുപാടും തുറന്നിട്ട നിര്‍മാണരീതി. കണ്ണിനു കുളിര്‍മ നല്‍കുന്ന ഒട്ടേറെ കാഴ്ചകളിലേക്കാണു നമ്മള്‍ പ്രവേശിക്കുന്നത്.
വേരില്‍നിന്ന്
പാരീസില്‍നിന്നാണ് ലൂവറിന്റെ തുടക്കം. ഫ്രാന്‍സിലെ രാജവാഴ്ചയുടെയും മേല്‍ക്കോയ്മയുടെയും പര്യായമായ രാജധാനിയായിരുന്നു ലൂവര്‍ മ്യൂസിയം. നൂറ്റാണ്ടുകളോളം അതു രാജകൊട്ടാരമായും സ്മാരകസൗധമായുമാണ് അറിയപ്പെട്ടത്. ലൂപാര (ഹൗുമൃമ) എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നതിനാലാണ് ലൂവര്‍ (ഹീൗ്ൃല) എന്ന നാമം ലഭിച്ചത്.
ഫ്രഞ്ച് വിപ്ലവാനന്തരം എല്ലാവര്‍ക്കും സമത്വം വേണമെന്ന ആശയങ്ങളുടെ അടിസ്ഥാനത്തില്‍ രാജ കൊട്ടാരത്തിനു സാംസ്‌കാരിക ഭാവപ്പകര്‍ച്ച നല്‍കി ദേശീയ മ്യൂസിയമാക്കി മാറ്റുകയും വെറും 500 പെയിന്റിങ്ങുകളും അലങ്കാര കലാവിഭവങ്ങളുമായി പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുകയുമായിരുന്നു. 1793 മുതല്‍ എല്ലാവര്‍ക്കും പ്രവേശനമുള്ള വലിയ മ്യൂസിയമായി മാറി. ലോകത്തിലെ ഏറ്റവും വലിയ കലാ മ്യൂസിയവും ചരിത്ര സ്മാരക സൗധവുമാണ് പാരിസിലെ ലൂവര്‍ എങ്കില്‍ അബൂദബിയിലേത് അതിനു കിടപിടിക്കുന്ന കലാ മ്യൂസിയവും വിസ്മയക്കാഴ്ചയുമാണ്.
മ്യൂസിയം ശില്‍പി
മ്യൂസിയങ്ങളുടെ രൂപകല്‍പനയില്‍ അഗ്രഗണ്യനായ ഫ്രഞ്ചുകാരന്‍ ജീന്‍ നോവലാണ് ലോവര്‍ അബൂദബിയുടെ ശില്‍പി. ഇപ്പോള്‍ അമേരിക്കയിലെ മൊമ മ്യൂസിയത്തിന്റെ പുനര്‍നിര്‍മാണത്തിനു ചുക്കാന്‍ പിടിക്കുന്ന ജീന്‍ ഒട്ടേറെ അന്താരാഷ്ട്ര ബഹുമതികളുള്ള വ്യക്തിത്വമാണ്. സ്‌പെയിനിലെ റീന സോഫിയ, പാരീസിലെ ഖുവൈ ബ്രാന്‍ലി തുടങ്ങി ഒട്ടേറെ ലോക പ്രശസ്ത മ്യൂസിയങ്ങള്‍ അദ്ദേഹത്തിന്റെ രൂപകല്‍പനയില്‍ പിറന്നതാണ്.
പരിസ്ഥിതിസൗഹാര്‍ദപരവും കാലികവുമായ രൂപകല്‍പനയാണ് ജീന്‍ നോവലിന്റെ പ്രത്യേകത. വിവിധ സ്ഥലങ്ങള്‍ക്ക് ഇണങ്ങിയ ശില്‍പചാതുരിയില്‍ വ്യക്തിമുദ്രയുള്ള ജീന്‍ അബൂദബിക്കു വേണ്ടി പ്രത്യേകം രൂപകല്‍പന ചെയ്തതാണ് ലൂവര്‍. അറബ് മണ്ണിനെ പഠിക്കുകയും ഈത്തപ്പന മരത്തിന്റെ ഇലകള്‍ക്കിടയില്‍നിന്നു വെളിച്ചത്തെ താഴോട്ടു പതിക്കുന്നതിനു സമാനമായ തികച്ചും വ്യതിരിക്തമായ മാതൃകയിലാണ് അബൂദബിയിലെ ലൂവര്‍ മ്യൂസിയം നിര്‍മിച്ചിരിക്കുന്നത്.
ലൂവര്‍ യു.എ.ഇയിലേക്ക്
2007ലാണ് ഫ്രാന്‍സുമായി അബൂദബി ഭരണകൂടം കരാര്‍ ഒപ്പുവയ്ക്കുന്നത്. ഈ സ്വപ്നപദ്ധതി യാഥാര്‍ഥ്യമാക്കാാന്‍ പത്തുവര്‍ഷം കാത്തിരിക്കേണ്ടി വന്നെങ്കിലും അറബ്‌ലോകത്തെ ആദ്യത്തെ ആഗോള മ്യൂസിയം എന്ന പദവി കരസ്ഥമാക്കാന്‍ ലൂവര്‍ അബൂദബിക്കു സാധിച്ചു. കരാര്‍ ഒപ്പിട്ട ശേഷമുള്ള ഈ പത്തു വര്‍ഷമത്രയും മ്യൂസിയത്തിലേക്ക് ആവശ്യമായ കലാരൂപങ്ങള്‍ക്കു വേണ്ടിയുള്ള അന്വേഷണമായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു വിലകൂടിയ കലാരൂപങ്ങള്‍ എന്തു വില കൊടുത്തതും യു.എ.ഇ സ്വന്തമാക്കുകയായിരുന്നു.
ലൂവര്‍ എന്ന ബ്രാന്‍ഡിനു മാത്രം ഫ്രഞ്ച് ഭരണകൂടത്തിന് ഒരു ബില്യണ്‍ ഡോളര്‍ നല്‍കിയിട്ടുണ്ട്. അതും വെറും 30 വര്‍ഷത്തേക്കാണ് ഈ കരാര്‍. സര്‍ഗാത്മക കലാശില്‍പങ്ങള്‍ തേടിയുള്ള അബൂദബിയുടെ തേട്ടത്തിനുള്ള ഉത്തരം കൂടിയാണ് ലാവണ്യതയില്‍ തിളങ്ങുന്ന ലൂവര്‍. ഏറ്റവും ഒടുവില്‍ ഡാവിഞ്ചിയുടെ മൊണാലിസ എന്ന ലോക പ്രശസ്ത പെയിന്റിങ്ങു കൂടി എത്തിയതോടെ അബൂദബി ലൂവറിന്റെ പൊന്‍തിളക്കത്തിനു വീണ്ടും മാറ്റുകൂടി. മൊത്തം 18 ബില്യണ്‍ ഡോളര്‍(ഏകദേശം 1,15,200 കോടി രൂപ) ചെലവഴിച്ചിട്ടാണ് മ്യൂസിയം പൂര്‍ത്തീകരിച്ചിരിക്കുന്നത്.
അകംകാഴ്ചകള്‍
സാദിയാത്ത് ഐലന്‍ഡിലെ നാലുകടല്‍ തൂണുകളിലായി നിലകൊള്ളുന്ന ലൂവര്‍ അബൂദബിക്ക് ഒട്ടേറെ പ്രത്യേകതകളുണ്ട്. 'വെളിച്ചമഴ'യാണ് അതിലൊന്ന്. അലൂമിനിയത്തിന്റെയും സ്റ്റീലിന്റെയും മിശ്രിതത്തില്‍ സൂര്യപ്രകാശം കടക്കാവുന്ന രീതിയില്‍ മേല്‍പ്പുര സംവിധാനിച്ചതിനാല്‍ ആവശ്യത്തിനു വെളിച്ചം താഴേക്കു പരക്കുന്നു. ഒരേസമയം വായുവിനെ തടയുകയും പ്രകാശത്തെ കടത്തിവിടുകയും ചെയ്യുന്നതിനാലാണ് 'വെളിച്ചമഴ'യെന്നു ശില്‍പി തന്നെ അതിനെ വിളിച്ചത്. 97,000 ചതുരശ്ര മീറ്ററില്‍ മൂന്ന് ഉപ മ്യൂസിയങ്ങളില്‍ 23 ആര്‍ട് ഗാലറികള്‍ ആണു സംവിധാനിച്ചിരിക്കുന്നത്. ചുറ്റുമുള്ള കടല്‍പരപ്പിനു പ്രകൃതിദത്തമായ സൗന്ദര്യമുണ്ട്. എക്‌സിബിഷന്‍ ഹാള്‍, വിശാലമായ ഓപണ്‍ സ്റ്റേജ് ഓഡിറ്റോറിയം, കഫെ, സുവനീര്‍ വില്‍പന കേന്ദ്രം തുടങ്ങിയ ഒട്ടേറെ സജ്ജീകരണങ്ങള്‍ വേറെയുമുണ്ട്.
മ്യൂസിയത്തിലേക്കു കടക്കാന്‍ ദീര്‍ഘമായ ക്യൂ ഉണ്ടായിരുന്നെങ്കിലും അകത്തെ സംവിധാനങ്ങള്‍ പെട്ടെന്ന് ഉള്ളിലേക്കു കടത്തിവിടാന്‍ പോന്നവയാണ്. കലാസൗന്ദര്യം ആസ്വദിക്കാന്‍ വന്നവരായതിനാല്‍ തന്നെ എല്ലാവരും സഹൃദയരാണെന്ന തോന്നലുണ്ടാക്കുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വിശ്രമിക്കാന്‍ ടിക്കറ്റ് എടുക്കുന്ന സ്ഥലത്ത് പ്രത്യേകം ഇരിപ്പിടവും സംവിധാനിച്ചിട്ടുണ്ട്. പാര്‍ക്കിങ്ങില്‍നിന്നു പോകാനും വരാനും മ്യൂസിയം അതോറിറ്റി ഒരുക്കിയ ചെറുവാഹനങ്ങളും കാണികള്‍ക്ക് ഉപകാരപ്രദമാണ്. പ്രവേശനത്തിന് ദിര്‍ഹം നല്‍കുന്നുണ്ടെങ്കിലും അകത്തുള്ള വിസ്മയക്കാഴ്ചകളുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രവേശനതുക അത്രയധികമല്ല. ഓരോ സൃഷ്ടികള്‍ക്കും അതതിന്റെ ആന്തരാര്‍ഥങ്ങള്‍ ഉണ്ടെന്നതിനാല്‍ സൗന്ദര്യാസ്വാദകര്‍ ആവശ്യം സമയമെടുത്തു തന്നെയാണ് ഓരോ ഗാലറികളും കയറിയിറങ്ങുന്നത്. അതുകൊണ്ടുതന്നെ കണ്ടുതീരാന്‍ എത്ര സമയം വേണമെന്നതു നമ്മുടെ കാഴ്ചയുടെ തോതനുസരിച്ചിരിക്കും.
മാതൃത്വത്തിന്റെ മനോഹരമായ ഭാവത്തില്‍നിന്നുള്ള രണ്ടു ശില്‍പങ്ങളുടെ കാഴ്ചയില്‍നിന്നാണ് മ്യൂസിയത്തിന്റെ തുടക്കം. കോംഗോയില്‍നിന്നും ഈജിപ്തില്‍നിന്നുമുള്ള വേറിട്ട കലാശില്‍പങ്ങളാണവ. ലോകത്തെ വിവിധ നാഗരികതകളെ പ്രതിനിധീകരിക്കുന്ന ചരിത്രപരവും സാംസ്‌കാരികവും മനശ്ശാസ്ത്രപരവുമായ കലാശില്‍പങ്ങളാണു തുടര്‍ന്ന് ഓരോന്നോരോന്നായി കണ്ണ് കുളിര്‍പ്പിക്കുന്നത്. മണിക്കൂറുകള്‍ കണ്ണുവെട്ടാതെ നോക്കി നിന്നിടത്തുനിന്ന് എങ്ങനെയാണു കടന്നുപോയതെന്നതറിഞ്ഞില്ല. സ്തബ്ധനായി നിന്നുപോയ ഒട്ടേറെ കാഴ്ചകളുണ്ട്. ചിലതെല്ലാം അസാധാരണമായ കലാരൂപങ്ങള്‍. അതില്‍ സമകാലികവും പുരോഗമനവുമായ കലാരൂപങ്ങളുണ്ട്. എല്ലാ ശില്‍പങ്ങള്‍ക്കും ഒപ്പം അതിന്റെ ഉറവിടം, പഴക്കം തുടങ്ങിയുള്ള ചെറുവിവരണമുണ്ട്. എല്ലാം കൃത്യമായി അടയാളപ്പെടുത്തിവച്ചിരിക്കുന്നു.
1000ഓളം കലാശേഖരങ്ങളുടെ സ്ഥിരം സമാഹാരം. പിയറ്റ് മോണ്‍ഡ്രിയനിന്റെതുള്‍പ്പെടെ ലോകപ്രശസ്ത പെയിന്റിങ്ങുകളുടെ വന്‍ശേഖരങ്ങളിലൂടെയാണു നടന്നുനീങ്ങിയത്. 3.75 അടി വലിപ്പമുണ്ട് ഡച്ച് പെയിന്ററായ പിയറ്റ് മോണ്‍ഡ്രിയനിന്റെ ഒരു പെയിന്റിങ്ങിന്. ഏറ്റവുമൊടുവില്‍ അദ്ദേഹത്തിന്റെ ഒരു ലോകോത്തര പെയിന്റിങ്ങിന്റെ വില്‍പന നടന്നത് 51 മില്യണ്‍ ഡോളറിനാണ് (ഏതാണ്ട് 326 കോടി രൂപ). പിക്കാസോയുടെ 'പോര്‍ട്രേറ്റ് ഓഫ് എ ലേഡി', പോള്‍ ഗ്വാഗ്യൂയിനിന്റെ 'ചില്‍ഡ്രന്‍ റെസ്‌ലിങ് ' എന്നിവയും പ്രശസ്തമാണ്. 1888ല്‍ പൂര്‍ത്തിയാക്കിയ'ചില്‍ഡ്രന്‍ റെസ്‌ലിങ് ' 2010ലാണ് ലൂവര്‍ അബൂദബി സ്വന്തമാക്കുന്നത്. അതേ ചിത്രകാരന്റെ 1889ലെ 'പെറ്റിറ്റ് ബ്രിട്ടോണ്‍' എന്ന മറ്റൊരു പെയിന്റിങ്ങും ഗാലറിയില്‍ കാണാനായി. 10 മില്യണ്‍ ഡോളറാണ് അതിന്റെ വില. ചലച്ചിത്രകാരന്‍ കൂടിയായ ഗുസ്താവ് ഗാരിബോട്ടിയുടെ 'ഗെയിം ഓഫ് ബെസീഖ് '(1880) എന്ന മനോഹരമായ ചിത്രമാണ് മറ്റൊരു ആകര്‍ഷണം. എഡ്വേര്‍ഡ് മാനേറ്റിന്റെ 'ദി ജിപ്‌സി'യും കലാഹൃദയരുടെ മനം കവരാന്‍ പോന്നവയാണ്. ഇതിഹാസ ചിത്രമായ മൊണാലിസയുടെ കൂടി വരവോടെ ലൂവര്‍ അബൂദബി പാരിസ് മ്യൂസിയത്തിനു സമാനമായിരിക്കുന്നു. 450 മില്യണ്‍ ഡോളര്‍ ചെലവഴിച്ചാണു ചിത്രം മ്യൂസിയം സ്വന്തമാക്കിയത്.
വിവിധ ഗാലറികളിലായി നെപ്പോളിയന്‍ ബോണൊപ്പാര്‍ട്ടും ഈജിപ്തില്‍നിന്നുള്ള ഫറോവയുടെ പ്രതിമയും വിവിധ ഇസ്‌ലാമിക് കാലിഗ്രാഫികളും പ്രത്യേകം സംവിധാനിച്ചിട്ടുണ്ട്. മാര്‍ബിളില്‍ ഇത്ര മനോഹരമായി കൊത്തിവച്ച ശില്‍പങ്ങള്‍ മറ്റൊരിടത്തും കാണാനാവില്ല. ഇറ്റാലിയന്‍ പ്രതിമകള്‍ ധരിച്ച വസ്ത്രത്തിന്റെ ഞൊറികള്‍ പോലും അതേപടി ശില്‍പങ്ങളില്‍ കാണാം. ഖുര്‍ആന്‍, ബൈബിള്‍, തോറ എന്നിവയുടെ പുരാതന പ്രതികളും കാണാനായി. ഗാലറികളില്‍നിന്നുള്ള ഇടനാഴികകളില്‍നിന്ന് കാഴ്ചകള്‍ ഇടക്കിടെ കടലിലേക്കു നീളുന്നുണ്ട്. മനസിനു കുളിരുപകരുന്ന സംവിധാനമാണ് മ്യൂസിയത്തിന്റേത്. അകത്തള രൂപകല്‍പന പോലും സൂക്ഷമമായി, കലാപരമായി സംവിധാനിച്ചിട്ടുണ്ട്.
കുട്ടികളുടെ മ്യൂസിയം
കുടുംബത്തോടൊപ്പം സന്ദര്‍ശിക്കുന്നവര്‍ക്കു കുട്ടികളുമായി പോകാവുന്ന സ്ഥലമാണിത്. കുട്ടികള്‍ക്കായുള്ള വിനോദങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. കളിക്കാനും കൗശലങ്ങളില്‍ ഏര്‍പ്പെടാനും സമയം ചെലവഴിക്കാനും ഇവിടെ അവസരമുണ്ട്. കുട്ടികള്‍ അറിയേണ്ടതും പഠിക്കേണ്ടതുമായ ഒട്ടേറെ കലാവിഭവങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. വര്‍ണക്കാഴ്ചകളുടെ കൂട്ടൊരുക്കിയാണു കുട്ടികളുടെ മ്യൂസിയം ആകര്‍ഷകമാകുന്നത്. ചോദ്യങ്ങള്‍ ചോദിച്ചും കംപ്യൂട്ടറുകളുമായി കണക്കില്‍ കളിച്ചും സമയം ചെലവഴിക്കാം. അവരുടെ സര്‍ഗാത്മകമായ കഴിവ് ഉപയോഗപ്പെടുത്താന്‍ വലിയ ബോര്‍ഡും അവിടെ ഇഷ്ടാനുസാരം നിര്‍മിക്കാന്‍ പാകത്തിലുള്ള ഒബ്ജക്ടുകളുമുണ്ട്.
ലൂവര്‍ മ്യൂസിയം അബൂദബിയുടെ മുഖച്ഛായ മാറ്റുമെന്നതില്‍ സംശയമില്ല. അറബ് ലോകത്ത് യു.എ.ഇയുടെ സാംസ്‌കാരികമായ അടയാളപ്പെടുത്തല്‍ ഇതോടുകൂടി സാധ്യമായിരിക്കുന്നു. കരകൗശല ഉല്‍പന്നങ്ങള്‍, ശില്‍പങ്ങള്‍, രൂപങ്ങള്‍, പുരാതനവസ്തുക്കള്‍ എല്ലാം മനസിനു സുഖമുള്ള കാഴ്ചകള്‍. അതിന്റെ ലാവണ്യസൗന്ദര്യം ആത്മാവിനു നല്‍കുന്ന അനുഭൂതി വാര്‍ണനാതീതം. കാഴ്ചയുടെ കുതൂഹലമുണര്‍ത്തുന്ന ചരിത്രസ്മൃതികള്‍ എത്ര കണ്ടാലും മതിവരില്ലെന്നതിനാല്‍ ആ ദിവസത്തിന്റെ അവസാന മണിക്കൂര്‍ വരെ ചെലവഴിച്ചു വീണ്ടും ഒന്നു കൂടി വിസ്തരിച്ചു കാണാന്‍ വരും എന്നു സ്വയം ആശ്വസിച്ചു നിര്‍ബന്ധിതതാവസ്ഥയില്‍ പടിയിറിങ്ങി.
നൂറ്റാണ്ടുകളിലേക്കുള്ള തിരഞ്ഞുനോട്ടം ജീവിതത്തെ ഒരുപാടു പാഠങ്ങള്‍ പഠിപ്പിക്കുന്നു. വലിയ ജീവിതസന്ദേശങ്ങള്‍ നല്‍കുന്നു. നൂറ്റാണ്ടുകള്‍ക്കു പിറകില്‍നിന്ന് ഓരോ കലാശില്‍പങ്ങള്‍ക്കും നമ്മോടു പറയാന്‍ നിഗൂഢമായ ആയിരം കഥകളുണ്ട്. അതിന്റെ ആശയസാഗരങ്ങളിലേക്കു നമ്മള്‍ അലിഞ്ഞില്ലാതാവുകയാണ്. സാദിയാത്ത് ഐലന്‍ഡിലെ ലൂവറിന്റെ പടിയിറങ്ങുമ്പോള്‍ ഭൂഖണ്ഡങ്ങള്‍ താണ്ടി മുന്നോട്ടുപോകുമ്പോള്‍ ആരോ പിന്നോട്ട് വലിക്കും പോലെ...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."