പൊലിസ് ചമഞ്ഞ് വിസാ തട്ടിപ്പ്: യുവാവ് അറസ്റ്റില്‍
നിലമ്പൂര്‍: കര്‍ണാടക പൊലിസില്‍ എ.എസ്.ഐ ആണെന്നു പരിചയപ്പെടുത്തി വിദേശത്തേക്കു വിസ ശരിയാക്കിത്തരാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് 85,000 രൂപ തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍. നിലമ്പൂര്‍ ചക്കാലക്കുത്ത് കണിയാംപറമ്പില്‍ ജിജോ (23) യെയാണ് നിലമ്പൂര്‍ എസ്.ഐ മനോജ് പറയറ്റയും സംഘവും അറസ്റ്റ് ചെയ്തത്.
നിലമ്പൂര്‍ സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. പരാതിക്കാരന്റെ മകനുവേണ്ടിയാണ് വിസ ശരിയാക്കാമെന്നു പറഞ്ഞ് ജിജോ പണം തട്ടിയെടുത്തത്. പണം കൈപ്പറ്റിയ ശേഷം വിസ ശരിയാക്കിക്കൊടുത്തില്ലെന്നും പണം തിരികെ ചോദിച്ചപ്പോള്‍ ജീപ്പ് കയറ്റി കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. കര്‍ണാടക പൊലിസില്‍ എ.ആര്.സി സ്ക്വാഡിലെ എ.എസ്.ഐ ആണെന്നുപറഞ്ഞാണ് പ്രതി ഇവരെ വിശ്വസിപ്പിച്ചത്. വിശ്വാസ്യതയ്ക്കുവേണ്ടി കര്‍ണാടക പൊലിസിന്റെ തിരിച്ചറിയല്‍ കാര്‍ഡും കാണിച്ചുകൊടുത്തു. മൊബൈലിലെടുത്ത തിരിച്ചറിയല്‍ കാര്‍ഡിന്റെ ഫോട്ടോ സഹിതമാണ് പൊലിസില്‍ പരാതി നല്‍കിയത്. എസ്.ബി.ടി നിലമ്പൂര്‍ ശാഖയില്‍ സ്വര്‍ണം പണയംവച്ചാണ് പരാതിക്കാരന് സ്വന്തം വീട്ടില്‍വച്ചു പ്രതിക്ക് പണം കൊടുത്തത്. പ്രതി താനും ഗള്‍ഫില്‍ പോകുകയാണെന്നും അതിനു വിസ ശരിയായിട്ടുണ്ടെന്നും അതിന്റെകൂടെ മറ്റൊരു വിസകൂടി ശരിയാക്കിത്തരാമെന്നും പറഞ്ഞു വിസയുടെ ഫോട്ടോസ്റ്റാറ്റ് കോപ്പിയാണെന്നു പറഞ്ഞ് ഒരു രേഖ കാണിച്ചു സ്വന്തം കൂട്ടുകാരില്‍നിന്നും സഹപാഠികളില്‍നിന്നും ഇപ്രകാരം പണം കൈപ്പറ്റിയതായി അറിയുന്നു. കൂടുതല്‍ പേര് ഇയാളുടെ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് പൊലിസിന്റെ നിഗമനം. നിലമ്പൂര്‍ എസ്.ഐക്കു പുറമേ, അഡീഷണല്‍ എസ്.ഐ രാധാകൃഷ്ണന്, സി.പി.ഒമാരായ ആയിഷ, സുമിത്ര എന്നിവരാണ് കേസില്‍ തുടരന്വേഷണം നടത്തുന്നത്. പ്രതിയെ നിലമ്പൂര്‍ കോടതി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."