HOME
DETAILS

മലബാറിന്റെ ചോര മണക്കുന്ന ആന്തമാന്‍

  
backup
January 28 2018 | 03:01 AM

mzlabarinte-chora-manakkunna-anthaman

കാലമങ്ങനെയാണ്. ഏതൊരാളെയും അവരറിയാതെ വഴിനടത്തും. ചില നിയോഗങ്ങള്‍ അറിയാതെ ചാര്‍ത്തിനല്‍കും. അല്ലെങ്കിലെങ്ങനെയാണ് കിഴക്കന്‍ ഏറനാടിന്റെ ഹൃദയത്തിലേക്ക് കുഞ്ഞോയി മൊല്ല എത്തിപ്പെടുന്നത്? ഇരിങ്ങാട്ടിരിയുടെ മതപഠനശാലയില്‍ അധ്യാപകനാകുന്നത്. മൊല്ലയും മക്കളും പാണ്ടിക്കാട്ടെയും മലപ്പുറത്തെയും കോഴിക്കോട്ടെയും ബ്രിട്ടീഷ് അതിക്രമങ്ങളും തൃശ്‌നാപ്പള്ളിയിലെയും ബെല്ലാരിയിലെയും ജയില്‍പീഡകളും വെള്ളപ്പട്ടാളത്തിന്റെ ക്രൂരതയും സഹിച്ച് ആഴിതാണ്ടി ആന്തമാന്‍ ദ്വീപുകളിലെത്തിപ്പെടുന്നത്. ദ്വീപില്‍ തങ്ങളുടെ പ്രതീക്ഷകള്‍ കരുപ്പിടിപ്പിക്കുന്നത്. ഒടുവില്‍ അവിടെ തന്നെ കാലയവനികയുടെ അനശ്വരതയിലേക്ക് ഊളിയിട്ടത്.

1880കളുടെ അവസാനം. പശ്ചിമഘട്ട താഴ്‌വാരത്തേക്ക്, കരുവാരക്കുണ്ട് ഇരിങ്ങാട്ടിരിയിലെ മതപഠനശാലയായ ഓത്തുപള്ളിയിലേക്ക് അധ്യാപകനെ തേടി ആ ചെറുഗ്രാമത്തിന്റെ വിദ്യാഭ്യാസമേഖലയുടെ മൂലക്കല്ലു നാട്ടിയ വള്ളിയില്‍ അഹമ്മദ്ഹാജിയുടെ നേതൃത്വത്തില്‍ ഒരുകൂട്ടം പൗരപ്രമുഖര്‍ പന്തല്ലൂര്‍ മുടിക്കോട്ടെത്തുന്നു. തിരികെപോകുമ്പോള്‍ സംഘത്തിന്റെ കൂടെ മാട്ടുമ്മല്‍ കുഞ്ഞാലിയുടെ മകന്‍ കുഞ്ഞോയി മൊല്ലയും കൂടെ മരക്കാരെന്ന കൈക്കുഞ്ഞുമായി ഭാര്യ ബിയ്യയും ഉണ്ടായിരുന്നു.


ഓത്തുപള്ളി സമയത്ത് പഠിതാക്കള്‍ക്ക് അറബിമലയാളത്തില്‍ മതം പഠിപ്പിക്കുന്ന മൊല്ലാക്കയില്‍നിന്ന്, ഇടവേളകളില്‍ പാട്ടഭൂമിയില്‍ തോര്‍ത്തുമുണ്ടുടുത്ത, തലയില്‍ പാളത്തൊപ്പിയിട്ട കര്‍ഷകനിലേക്കു പരകായപ്രവേശം നടത്തിയ ദിനരാത്രങ്ങള്‍. ഇരിങ്ങാട്ടിരി മൂച്ചിക്കലുള്ള മണലടിക്കളത്തില്‍ ശേഖരനുണ്ണി യജമാനന്റെ വളപ്പില്‍ 'പാട്ടച്ചീട്ട് ' എഴുതിവാങ്ങിയ സ്ഥലത്താണ് കുഞ്ഞോയി കുടുംബത്തിന് അന്തിക്കൂരയൊരുക്കിയത്. മരക്കാര്‍ക്കു ശേഷം അലവിയും അഹമ്മദ്കുട്ടിയും കോയക്കുട്ടിയും കുഞ്ഞാത്തുവും അബ്ദുല്ലക്കുട്ടിയും കുഞ്ഞിച്ചിയും കുടുംബത്തില്‍ അംഗങ്ങളായെത്തി.

 

മലബാര്‍ സമരത്തില്‍

ദേശീയപ്രസ്ഥാനത്തിലൂടെ തലമുതിര്‍ന്ന നേതാക്കള്‍ തിരികൊളുത്തിയ സ്വാതന്ത്ര്യദാഹം ആലി മുസ്‌ലിയാരിലൂടെയും വാരിയംകുന്നനിലൂടെയും മറ്റും കിഴക്കനേറനാട്ടിലേക്കും വീശിയടിച്ചുതുടങ്ങിയ കാലം. വെള്ളക്കാരനോടുള്ള പ്രതിഷേധാലയൊലികള്‍ മരക്കാര്‍ക്കൊപ്പം മരക്കാരുടെ തോളില്‍ വളര്‍ന്ന അലവിയുടെയും അഹമ്മദ്കുട്ടിയുടെയും നെഞ്ചകത്തും തീപടര്‍ത്തി. 1920കളുടെ അവസാനത്തില്‍ ഒറ്റയിട്ടും ഒളിഞ്ഞും തെളിഞ്ഞുമുള്ള പ്രതിഷേധക്കാറ്റ് മലബാറിലാകെ വീശിയടിച്ചത് ബ്രിട്ടീഷ് പട്ടാളത്തിനു സമ്മാനിച്ചത് ഉറക്കമില്ലാ രാവുകളാണ്.
ഏതു നിമിഷവും കുടുംബത്തോടെ എരിഞ്ഞടങ്ങുമെന്ന ഘട്ടത്തിലാണു വെള്ളപ്പട്ടാളത്തിന്റെ തോക്കിന്‍തുമ്പില്‍നിന്ന് കുഞ്ഞോയി കുടുംബത്തെയും കൊത്തിയെടുത്ത് പറയന്മാട് മലവാരത്ത് താല്‍ക്കാലിക കൂടൊരുക്കുന്നത്. നിത്യവൃത്തിക്കുള്ള ജോലിക്കു പോലും ബ്രിട്ടീഷ് പട്ടാളം വിലങ്ങുതടിയായത് നാട്ടിലാകെ പട്ടിണിയും പരിവട്ടവും സാര്‍വത്രികമാക്കി. പശിയകറ്റാന്‍ ജന്മിമാരുടെ പത്തായപ്പുരകള്‍ കൊള്ളയടിക്കുന്നത് മിക്കപ്പോഴും നിത്യസംഭവങ്ങളായപ്പോഴാണ് കുഞ്ഞോയിയെ ശേഖരനുണ്ണി യജമാനന്‍ വിളിച്ചുവരുത്തുന്നതും പത്തായപ്പുരയോടു ചേര്‍ന്ന് താമസമൊരുക്കുന്നതും. പത്തായപ്പുരയുടെയടക്കം ഇല്ലത്തിന്റെ മുഴുവന്‍ താക്കോല്‍കൂട്ടവും കുഞ്ഞോയിയുടെ വിശ്വസ്തകരങ്ങളിലേല്‍പ്പിച്ചു ജന്മദേശമായ ചെറുകരയിലേക്ക് കുടുംബത്തോടൊപ്പം മാറിനില്‍ക്കുകയായിരുന്നു ശേഖരനുണ്ണി. പ്രശ്‌നങ്ങളൊതുങ്ങി തിരിച്ചെത്തും വരെ തന്റെ ഇല്ലവും പത്തായപ്പുരയും സ്ഥാവരജംഗമ വസ്തുക്കളും കുഞ്ഞോയിയുടെ കൈകളില്‍ സുരക്ഷിതമാകുമെന്നു മറ്റാരേക്കാളും നന്നായി ശേഖരനുണ്ണി വിശ്വസിച്ചിരുന്നിരിക്കണം. തന്നിലര്‍പ്പിച്ച വിശ്വാസത്തിന് അണുവിട കോട്ടം തട്ടാതെ കുഞ്ഞോയി അതെല്ലാം കാത്തുപോന്നു.

 

വെള്ളപ്പട്ടാളത്തിന്റെ പിടിയില്‍


മാപ്പിളമാര്‍ ചേര്‍ന്ന് പൊലിസ് സ്റ്റേഷന്‍ പൊളിച്ചു തീവച്ചതും പാണ്ടിക്കാട്ടെ മിലിട്ടറി ക്യാംപ് ആക്രമിച്ചതും തങ്ങളുടെ പ്രധാനസഞ്ചാരവഴിയിലെ പാലം പൊളിച്ചതും ബ്രിട്ടീഷ് പട്ടാളത്തെ പ്രകോപിച്ചുവെന്നു പറയേണ്ടതില്ലല്ലോ. അതേത്തുടര്‍ന്ന് കരുവാരക്കുണ്ട്, കാളികാവ്, കല്ലാമൂല, പാണ്ടിക്കാട്, കുളപ്പറമ്പ് തുടങ്ങിയ പ്രദേശങ്ങളില്‍ ബ്രിട്ടീഷ് പട്ടാളത്തിന്റെ നരനായാട്ടായിരുന്നു അരങ്ങേറിയത്. പരക്കെ വീടുകള്‍ തീയിട്ട് നശിപ്പിക്കലും കണ്ണില്‍ക്കണ്ടവരെയെല്ലാം വെടിവച്ചിടുകയോ തൂക്കിലേറ്റുകയോ അറസ്റ്റ് ചെയ്ത് പതിനഞ്ചും ഇരുപതും വര്‍ഷത്തെ ജയില്‍ശിക്ഷയ്ക്കു വിധിക്കുകയോ നാടുകടത്തുകയോ ഒക്കെ ചെയ്തു. ദേശീയപ്രസ്ഥാനത്തോട് കൂറുപുലര്‍ത്തിയാല്‍ നിങ്ങള്‍ക്കും ഇതേ അവസ്ഥയാകുമെന്ന് ഹൈന്ദവസമുദായത്തെ പറഞ്ഞു ഭയപ്പെടുത്തി, നാടുവാഴി ജന്മികളടക്കം കുറച്ചുപേരെയെങ്കിലും വെള്ളപ്പട്ടാളം കൂടെ നിര്‍ത്തി.
ഈ സമയത്താണ് ശേഖരനുണ്ണി മകന്‍ സുകുമാരനൊപ്പം തിരിച്ചെത്തിയത്. ഏല്‍പ്പിച്ചതെല്ലാം ഭദ്രമായി തിരിച്ചേല്‍പ്പിച്ചതിന്റെ തൊട്ടുടനെ കുഞ്ഞോയിയെയും മക്കളായ മരക്കാരെയും അലവിയെയും അഹമ്മദ്കുട്ടിയെയും ബ്രിട്ടീഷ് ഗവണ്‍മെന്റിനെതിരേ പ്രവര്‍ത്തിച്ച കുറ്റത്തിന് അറസ്റ്റ് ചെയ്ത് കൊണ്ടുപോയി. ഒന്‍പതു വയസുള്ള കോയക്കുട്ടിക്കും താഴെയുള്ള അബ്ദുല്ലക്കുട്ടിക്കും ഇതു നിസഹായതയോടെ നോക്കിനില്‍ക്കാനേ ആകുമായിരുന്നൊള്ളൂ. പാണ്ടിക്കാട്ടെ ക്യാംപിലേക്കും പിന്നീട് മലപ്പുറത്തേക്കും ശേഷം കോഴിക്കോട്ടേക്കും കൊണ്ടുപോയി. അറസ്റ്റിലിരിക്കെയുള്ള അതികഠിനമായ ശാരീരിക പീഡനങ്ങള്‍ പില്‍ക്കാലത്ത് മരക്കാരുടെ സ്വന്തം കൈപ്പടയിലെഴുതിയ ഓര്‍മക്കുറിപ്പില്‍ ചുടുകണ്ണീരായി പെയ്തിറങ്ങുന്നുണ്ട്. തോക്കിന്റെ പാത്തി കൊണ്ടുള്ള കുത്തും ബൂട്ടിന്റെ തൊഴിയും സര്‍വോപരി പട്ടിണിക്കിട്ടും ഉഗ്രപീഡനം.
ഒടുവില്‍ 1921 ഓഗസ്റ്റ് 15നു ശിക്ഷ വിധിച്ചു. പാണ്ടിക്കാട്ടെ മിലിട്ടറി ക്യാംപ് ആക്രമിച്ച കേസില്‍ 121-ാം വകുപ്പു പ്രകാരം ജീവപര്യന്തം നാടുകടത്താനായിരുന്നു കോഴിക്കോട്ടെ പട്ടാളക്കോടതി വിധിച്ചത്. മൂന്നുമാസം തൃശ്‌നാപ്പള്ളി ജയിലിലടച്ച ശേഷം അവിടെനിന്ന് ബെല്ലാരി ജയിലേക്കു മാറ്റി. വയോവൃദ്ധനായ കുഞ്ഞോയിക്ക് ഇനിയും തങ്ങളുടെ വഴിയില്‍ വിലങ്ങുതടിയാവാനുള്ള ആയുസില്ലെന്ന തിരിച്ചറിവില്‍ കുഞ്ഞോയി മൊല്ലാക്കയെ മാത്രം മോചിപ്പിച്ച് മരക്കാരെയും അലവിയെയും അഹമ്മദ്കുട്ടിയെയും ഇതരതടവുകാര്‍ക്കൊപ്പം 1922 ഡിസംബര്‍ മാസത്തില്‍ കുപ്രസിദ്ധമായ ആന്തമാന്‍ സെല്ലുലാര്‍ ജയിലിന്റെ അഴിക്കുള്ളിലേക്കു കപ്പലേറ്റി. പട്ടിണിക്കിട്ടുള്ള ഉഗ്രപീഡനത്തില്‍ പലരും അകാലത്തില്‍ പൊലിഞ്ഞുപോയിരുന്നു.


അറസ്റ്റ് ചെയ്ത് കൊണ്ടുപോകുമ്പോള്‍ തന്നെ പേരും വിവരങ്ങളും ജോലിയും മറ്റെല്ലാ വിവരങ്ങളും രേഖപ്പെടുത്തിയ ഫയലുകള്‍ സൂക്ഷിച്ചിരുന്നു ബ്രിട്ടീഷ് പട്ടാളം. തിരിച്ചറിയാനായി ഓരോരുത്തര്‍ക്കും പ്രത്യേകം നമ്പറുകളും. അതനുസരിച്ചുള്ള ജോലിയാണു തടവുകാലത്തവര്‍ക്കു നല്‍കപ്പെട്ടത്. മരക്കാര്‍ നാട്ടിലെ ഒന്നാന്തരം കര്‍ഷകന്‍ കൂടിയായിരുന്നതു കൊണ്ട് ജയിലറക്കുള്ളിലും കര്‍ഷകവേഷം കെട്ടിയാടി. കൂടെ അഹമ്മദ് കുട്ടിയും. അക്ഷരാഭ്യാസവും അല്‍പം ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനവും ഉണ്ടായിരുന്ന അലവിയെ ആദ്യം ജയിലിലെ ക്ലറിക്കല്‍ ജോലി ഏല്‍പിക്കുകയും ശേഷം അധ്യാപകനായി നിയമിക്കുകയും ചെയ്‌തെങ്കിലും രണ്ടുവര്‍ഷത്തിനകം സംശയകരമായ സാഹചര്യത്തില്‍ കഠിനമായ ഛര്‍ദിയാല്‍ മരണപ്പെട്ടു. ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയതാണെന്ന് മരക്കാരും വിശ്വസിച്ചിരുന്നു. ഒടുവില്‍ പതിനൊന്ന് വര്‍ഷങ്ങള്‍ക്കുശേഷം 1933 ജൂണ്‍ രണ്ടിന് മരക്കാരും അഹമ്മദ്കുട്ടിയും മോചിപ്പിക്കപ്പെട്ടു.

 

ദ്വീപ് ജീവിതം


തിരിവെട്ടമുള്ള പ്രതീക്ഷകളുമായി ആഴി നീന്തി തിരികെയാത്ര. പക്ഷെ പൊളിഞ്ഞുവീണ് മണ്ണോടുചേര്‍ന്ന വീടും ജന്മികള്‍ കൈയടക്കിയ കൃഷിസ്ഥലങ്ങളും അവര്‍ക്കുനേരെ കൊഞ്ഞനം കുത്തി. ഒടുവില്‍ സ്വന്തം നാട്ടിലെ ജീവിതം നശിപ്പിച്ച വെള്ളപ്പട്ടാളം നാടുകടത്തി ശിക്ഷിച്ച ആന്തമാനില്‍ തന്നെ ജീവിതം കരുപ്പിടിപ്പിക്കാന്‍ 1937ല്‍ വീണ്ടും പത്തേമാരിയേറി. കൂടെ ഇളയ അനിയന്‍ അബ്ദുല്ലക്കുട്ടിയും.


ദ്വീപില്‍ പിന്നീടങ്ങോട്ടും അതിജീവനത്തിന്റെ അരങ്ങില്‍ മരക്കാര്‍ കര്‍ഷകവേഷം തന്നെ കെട്ടിയാടി. രണ്ടാമന്‍ അഹമ്മദ്കുട്ടി കച്ചവടത്തിലാണ് അന്നം തേടിയത്. മൂവര്‍ സഹോദരങ്ങള്‍ പിന്നീടാ ദ്വീപ് വിട്ടതേയില്ല. പോര്‍ട്ട് ബ്ലയറിനെ കരുവാരക്കുണ്ടായും ഗാന്ധിനഗറിനെ ഇരിങ്ങാട്ടിരിയായും അബറിഡിയന്‍ ബസാറിനെ പുന്നക്കാട്ടെ ചന്തയായും പ്രേംനഗറിനെ കിഴക്കേത്തലയായും ജംഗ്ലിക്കാടിനെ കല്‍ക്കുണ്ടായും വൃഥാപേരുമാറ്റി നാടായിക്കണ്ട് ദ്വീപ് ജീവിതം.
1941ല്‍ നാട്ടില്‍നിന്ന് തനിക്കും മുന്‍പേ വിടചൊല്ലിപ്പിരിഞ്ഞ പെണ്‍മക്കളെ തേടി കുഞ്ഞോയി മൊല്ലാക്ക പുത്തനഴി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ആറടിമണ്ണിന്റെ അവകാശമുറപ്പിച്ചു. 1954ല്‍ നാട്ടില്‍ ബാക്കിയായ ഏകമകന്‍ കോയക്കുട്ടിയെയും തനിച്ചാക്കി ഉമ്മ ബിയ്യയും കുഞ്ഞോയി ഉപ്പുപ്പാക്ക് കൂട്ടിനുപോയി.


പില്‍ക്കാലത്ത് കോയക്കുട്ടിയുടെ മക്കളില്‍ പലരും അന്നം തേടി ആന്തമാനിലെത്തിയിരുന്നു. 1968 ഡിസംബര്‍ രണ്ടാം പകുതിയില്‍ ആദ്യമായും അവസാനമായും ജ്യേഷ്ടന്മാരെയും കുടുംബത്തെയും കാണാന്‍ കോയക്കുട്ടിയും കടല്‍താണ്ടി ദ്വീപിലെത്തി. ഒരു കൂരക്കു കീഴില്‍ ഉണ്ടുമുറങ്ങിയും ജീവിക്കേണ്ട, ഒരു ഖബര്‍സ്ഥാനില്‍ അടക്കപ്പെടേണ്ട ഉടപ്പിറപ്പുകളുടെ ജീവിതവും അന്ത്യവിശ്രമവും പരകാതങ്ങളകലെയായി. സാധ്യമാകുമ്പോഴെല്ലാം സന്തതിപരമ്പരകള്‍ ബന്ധങ്ങളുടെ മധുരിമയും ഹൃദ്യതയും തേടി ഇപ്പോഴും ഇരുപുറം കടല്‍ താണ്ടുന്നു.


തോളോടു തോളൊപ്പം വെള്ളപ്പട്ടാളത്തോട് കൊമ്പുകോര്‍ക്കാന്‍ ഒപ്പം നിന്ന, ജയിലറകളില്‍ കൂട്ടായിരുന്ന, ജീവിതാന്ത്യം നിഴലായി കൂടെ നടന്ന അഹമ്മദ്കുട്ടി മൂത്താപ്പയും 1983 നവംബര്‍ 11ന് മരക്കാരെ തനിച്ചാക്കി പിരിഞ്ഞു. പിറന്ന നാട്ടില്‍ തലയുയര്‍ത്തി ജീവിക്കാനായി വെള്ളക്കാരന്റെ പടക്കോപ്പുകളോട് ഏറ്റുമുട്ടാന്‍ തന്റേടം കാണിച്ചതിന് ഒരു പുരുഷായുസ് തന്നെ അനുഭവിച്ച മരക്കാരും ഒടുവില്‍ 1990 ഏപ്രില്‍ 29നു ദ്വീപിലെ ദില്ലാണിപ്പൂര്‍ ഖബര്‍സ്ഥാനിലെ മൈലാഞ്ചിച്ചെടിക്കു കീഴെ അനിവാര്യമായ അന്ത്യയുറക്കം കൊണ്ടു. സിരകളില്‍ ചൂടേറ്റിയ, അന്തരംഗത്ത് അഭിമാനം അലതല്ലിച്ച ഉപ്പാപ്പമാരുടെ വീരചരിതം കാതുകളിലോതിയ കോയക്കുട്ടിയെന്ന ഉപ്പൂപ്പയും ഓര്‍മച്ചെപ്പിന് താഴിട്ട് 2012 ഓഗസ്റ്റ് 28ന് മഗ്‌രിബും നിസ്‌കരിച്ച് കാലയവനികയിലേക്കു മറഞ്ഞു.


ബ്രിട്ടീഷ് കാപാലികതയുടെ മുഖമായി, ചെറുത്തുനില്‍പ്പിന്റെ ജീവസുറ്റ ഓര്‍മകളും പേറി സെല്ലുലാര്‍ ജയില്‍ മ്യൂസിയമായി മാറിയതു തൊട്ട് ഈയടുത്ത കാലംവരെ അതിന്റെ കരിങ്കല്‍ഭിത്തികളില്‍ മരക്കാരും അലവിയും അഹമ്മദ്കുട്ടിയും മറ്റനേകം തടവുകാരും ചില്ലിട്ട ഫോട്ടോയില്‍ ജ്വലിച്ചു നിന്നിരുന്നു. ഏതാനും മാസങ്ങള്‍ക്കു മുന്‍പ് ഫോട്ടോകളും രേഖകളും ഡല്‍ഹിയിലെ മ്യൂസിയത്തിലേക്കു മാറ്റുകയാണെന്ന അറിയിപ്പ് വന്നു. സെല്ലുലാര്‍ മ്യൂസിയം അധികൃതരോടുള്ള അന്വേഷണത്തിനു ലഭ്യമായ മറുചോദ്യം ചരിത്ര അപനിര്‍മിതിയുടെ ആസുര കാലത്ത് പ്രതീക്ഷിച്ചതു തന്നെയായിരുന്നു: ''അതെല്ലാം ഇനിയും നിലനില്‍ക്കുമെന്നും ഡല്‍ഹിയിലെ മ്യൂസിയം ചുമരില്‍ അവയെല്ലാം തൂങ്ങുമെന്നും വിശ്വസിക്കാന്‍ മാത്രം മൗഢ്യവിശ്വാസത്തിലാണോ നിങ്ങള്‍.''

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കിൽ ലൈറ്റ് ആൻഡ് പീസ് മ്യൂസിയം തുറന്ന് യുഎഇ

uae
  •  17 days ago
No Image

സംഘ്പരിവാര്‍ ഗൂഢാലോചനയുടെ അടുത്ത ലക്ഷ്യം; മറ്റൊരു ബാബരിയാവുമോ ഷാഹി ജുമാമസ്ജിദ്

National
  •  17 days ago
No Image

അങ്കണവാടിയില്‍ നിന്ന് വീണ് കുഞ്ഞിന് ഗുരുതര പരുക്കേറ്റ സംഭവം; അധ്യാപികയേയും ഹെല്‍പറേയും സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  17 days ago
No Image

മരിച്ച ഇന്ത്യൻ പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് പുതിയ നിയമങ്ങൾ ഏർപ്പെടുത്തി  ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് 

uae
  •  17 days ago
No Image

'ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാന്‍ തയ്യാര്‍'; പാലക്കാട്ടെ പരാജയത്തിന് പിന്നാലെ രാജി സന്നദ്ധത അറിയിച്ച് കെ. സുരേന്ദ്രന്‍

Kerala
  •  17 days ago
No Image

ഇസ്‌റാഈലിനെ വിറപ്പിച്ച് വീണ്ടും ഹിസ്ബുല്ലയുടെ മിസൈൽ വർഷം; 340 മിസൈലുകൾ, എങ്ങും അപായ സൈറണുകൾ, ടെൽ അവീവിൽ നാശനഷ്ടങ്ങളെന്ന് റിപ്പോർട്ട്

International
  •  17 days ago
No Image

 141 പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ കുടി നിര്‍മാണം പൂര്‍ത്തിയാക്കി ദുബൈ

uae
  •  17 days ago
No Image

കാഫിർ സ്ക്രീൻഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് കോടതിയിൽ 

Kerala
  •  17 days ago
No Image

റേഷന്‍ കാര്‍ഡ് തരംമാറ്റണോ, ഇന്നു മുതല്‍ അപേക്ഷ നല്‍കാം

Kerala
  •  17 days ago
No Image

ആലുവയിൽ വൻ കഞ്ചാവ് വേട്ട; ബാഗിലും ട്രോളി ബാഗിലുമായി എത്തിച്ച 36 കിലോ കഞ്ചാവ് പിടികൂടി, രണ്ട് യുവതികൾ ഉൾപ്പടെ മൂന്ന് പേർ അറസ്റ്റിൽ

Kerala
  •  17 days ago