അപകട ഭീഷണി ഉയര്‍ത്തിയ ത്രിവേണി സ്റ്റോര്‍ കെട്ടിടം പൊളിച്ചു നീക്കി
മാള: അന്നമനട ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാന്‍ഡിനു സമീപം ഏറെ അപകടം സൃഷ്ടിക്കുംവിധം നിന്നിരുന്ന ത്രിവേണി സ്റ്റോറിന്റെ കെട്ടിടം പൊളിച്ചു നീക്കി. ദീര്‍ഘനാളത്തെ കാത്തിരിപ്പിനുശേഷമാണ് കെട്ടിടം പൊളിച്ചുമാറ്റിയത്. ഒട്ടേറെ തവണ കണ്‍സൂമര്‍ ഫെഡ്ഡിനോട് കെട്ടിടം പൊളിച്ചുനീക്കാന്‍ ആവശ്യപ്പെട്ടെങ്കിലും നടപടിയായിരുന്നില്ല.
തുടര്‍ന്ന് ഏഴ് ദിവസത്തിനകം പൊളിച്ചുനീക്കണമെന്ന് രേഖാമൂലം നോട്ടീസ് നല്‍കിയതിനെതുടര്‍ന്നാണ് നടപടിയായതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടെസ്സി ടൈറ്റസ്,വൈസ് പ്രസിഡന്റ് കെ.കെ.രവി നമ്പൂതിരി എന്നിവര്‍ പറഞ്ഞു. 2004 ലാണ് ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാന്‍ഡിനായി പഴയ കെട്ടിടം ഇരിക്കുന്ന സ്ഥലം ഏറ്റെടുത്തത്. എന്നാല്‍ കെട്ടിടം പൊളിച്ചുനീക്കിയിരുന്നില്ല.
പിന്നീട് ഇവിടെയാണ് ത്രിവേണി സ്റ്റോര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. സ്വാകാര്യ ബസ്സുകള്‍ക്ക് സ്റ്റാന്‍ഡിലേയ്ക്കു കയറുന്നതിന് ഏറെ ബുദ്ധിമുട്ട് അനുഭവപ്പെട്ടപ്പോള്‍ പഞ്ചായത്തുതന്നെ സമീപത്തുള്ള കുറച്ചുഭൂമി പണം നല്‍കി വാങ്ങി വഴിയൊരുക്കി. എന്നിട്ടും പ്രശ്‌നത്തിന് പരിഹാരമായില്ല.
ഇതിനിടയില്‍ ഈ കെട്ടിടം തടസ്സമായി വരുന്നതിന്റെ പേരില്‍ പിഞ്ചു കുഞ്ഞടക്കം മൂന്ന് ജീവനുകള്‍ പൊലിഞ്ഞപ്പോള്‍ അതിലേറെപേര്‍ക്ക് ഗുരുതരമായ പരുക്കേല്‍ക്കുകയുമുണ്ടായി. കെട്ടിടമിരിക്കുന്നതിന്റെ അപാകതയും ബസുകളുടെ മരണപ്പാച്ചിലുമാണ് അപകടങ്ങള്‍ക്ക് കാരണമായിരുന്നത്.ഓരോ അപകടങ്ങളെ തുടര്‍ന്നും ഒട്ടേറെ പ്രക്ഷോഭങ്ങളാണ് ഉടലെടുത്തിരുന്നത്. ഇക്കാരണത്താല്‍ പലകുറി കെട്ടിടം മാറ്റണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും ഫലം കണ്ടില്ല. 2015 ല്‍ പഞ്ചായത്ത് കമ്മിറ്റി ഇടപെട്ട് സമീപമുള്ള കെട്ടിടത്തില്‍ സൗജന്യമായി രണ്ട് മുറികള്‍ തൃവേണി സ്റ്റോറിനായി നല്‍കുകയായിരുന്നു.
ത്രിവേണി കെട്ടിടം പൂര്‍ണ്ണമായും പൊളിച്ചുനീക്കി ബസ്സുകള്‍ സുഖമമായി സ്റ്റാന്‍ഡിലേയ്ക്കു കയറുന്നതിനു വഴിയൊരുക്കുന്നതിനൊപ്പം സ്റ്റാന്‍ഡിന്റെ നവീകരണവും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പദ്ധതി പഞ്ചായത്ത് തയ്യാറാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."