ചെങ്ങറയില്‍ മാവോവാദികളുണ്ടെന്നത് വ്യാജപ്രചാരണം: സമരസമിതി
കോട്ടയം: സമാധാനപരമായി സമരം ചെയ്യുന്ന ചെങ്ങറയിലെ താമസക്കാരെ മാവോവാദികളായി ചിത്രീകരിക്കാന്‍ ശ്രമമെന്ന് ചെങ്ങറ സമരസമിതി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
സമരകേന്ദ്രങ്ങളില്‍ ആയുധശേഖരമുണ്ടെന്ന് വ്യാജപ്രചാരണം നടത്തുന്നതായും ഇവര്‍ പറഞ്ഞു. ഇതിനായി അന്വേഷണസംഘങ്ങളെ ഉപയോഗിച്ച് വ്യാജറിപ്പോര്‍ട്ടുകള്‍ തയാറാക്കുകയും സര്‍ക്കാരിനെ പിന്‍തുണക്കുന്ന മാധ്യമങ്ങളിലൂടെ വ്യാജ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുകയുമാണ്. ചെങ്ങറ സമരത്തെ ഹാരിസണ്‍സ് മലയാളം കമ്പനിക്കുവേണ്ടി ഒറ്റുകൊടുക്കാനാണ് സര്‍ക്കാര്‍ ശ്രമം. സമരഭൂമിയില്‍ ആയുധശേഖരമുണ്ടോയെന്ന് കണ്ടെത്തുന്നതിന് ഏതുസമയത്തും പൊലിസിന് പരിശോധന നടത്താമെന്നും നേതാക്കള്‍ പറഞ്ഞു.
കേരളത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വന്‍കിട ഭൂമി കൈയേറ്റങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ തുടര്‍ച്ചയായി ഹൈക്കോടതിയില്‍ പരാജയപ്പെടുകയാണ്.
റവന്യൂ സ്‌പെഷല്‍ പ്ലീഡറായിരുന്ന സുശീലാ ഭട്ടിനെ മാറ്റിയശേഷം ഒന്നരവര്‍ഷം പിന്നിട്ടിട്ടും ഒരു സ്‌പെഷല്‍ പ്ലീഡറെ നിയമിക്കാന്‍ സര്‍ക്കാരിനായിട്ടില്ല. കേസുകളില്‍ യഥാസമയം ഹാജരാകാതെയും സത്യവാങ്മൂലം സമര്‍പ്പിക്കാതെയും കമ്പനികളുമായി സര്‍ക്കാര്‍ അഭിഭാഷകര്‍ ഒത്തുകളിക്കുകയാണ്. ഇതിനു പിന്നില്‍ ഉന്നതതല ഇടപെടലും ഗൂഢാലോചനയുമുണ്ടെന്നും നേതാക്കള്‍ ആരോപിച്ചു.
സ്‌പെഷല്‍ ഓഫിസറായ ഡോ. രാജമാണിക്യം റിപ്പോര്‍ട്ട് പ്രകാരം ഹാരിസണ്‍സ് മലയാളം കമ്പനിയില്‍നിന്ന് സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തതു സംബന്ധിച്ചുള്ള കേസിന്റെ അന്തിമവാദം ഈമാസം 30ന് ഹൈക്കോടതിയില്‍ ആരംഭിക്കുകയാണ്.
കോടതിയില്‍ സുപ്രിംകോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ ഹാജരാവുമെന്നാണ് അഡ്വക്കറ്റ് ജനറല്‍ പറയുന്നത്. ഇത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ്. കമ്പനികള്‍ക്ക് അനുകൂലമായി ഹൈക്കോടതിയില്‍നിന്ന് വിധി സമ്പാദിച്ച് മുത്തങ്ങ മാതൃകയില്‍ സമരക്കാരെ ചെങ്ങറയില്‍നിന്ന് പുറത്താക്കാനാണ് നീക്കം.
അതിന്റെ ഭാഗമായാണ് വ്യാജ ആരോപണങ്ങളെന്നും സമരസമിതി കുറ്റപ്പെടുത്തി. സമരസമിതി നേതാക്കളായ പ്രഫ. റോണി കെ. ബേബി, ടി.ആര്‍ ശശി, സന്തോഷ് ഇലന്തൂര്‍, കെ.എന്‍ മനോജ്, അനില്‍കുമാര്‍ പത്തനാപുരം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."