കേരളം താമസിയാതെ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമാകും: ഗവര്‍ണര്‍
തിരുവനന്തപുരം: രാജ്യത്തിന് മാതൃകയായി താമസിയാതെതന്നെ സംസ്ഥാനം നൂറു ശതമാനം ഡിജിറ്റല്‍ സംസ്ഥാനമായി മാറുമെന്ന് ഗവര്‍ണര്‍ പി. സദാശിവം. ഉയര്‍ന്ന മൊബൈല്‍, ഇന്റര്‍നെറ്റ് വ്യാപനവും ഡിജിറ്റല്‍ പൗരത്വവും ഡിജിറ്റല്‍ ജീവിതരീതിയും ഡിജിറ്റല്‍ കൊമേഴ്‌സും വിഭാവനം ചെയ്യുന്ന സംസ്ഥാനത്തിന്റെ വിവരസാങ്കേതികവിദ്യാനയം ഇതിന് സഹായകമാണ്.
ഡിജിറ്റല്‍ ഇന്ത്യയുടെ പവര്‍ഹൗസാകും കേരളമെന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ശുഭവിശ്വാസം ഗവര്‍ണര്‍ ഓര്‍മിപ്പിച്ചു. റിപബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വിവിധ സേനാവിഭാഗങ്ങളുടെ മാര്‍ച്ച് പാസ്റ്റില്‍ അഭിവാദ്യം സ്വീകരിച്ചശേഷം സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വികസനത്തെസംബന്ധിച്ച് സുപ്രധാനമായ മേഖലകളില്‍ ശ്രദ്ധ നല്‍കുന്നത് അഭിനന്ദനാര്‍ഹമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. എല്ലാവര്‍ക്കും വിദ്യാഭ്യാസം എന്ന ലക്ഷ്യവുമായി രാജ്യം മുന്നോട്ടുപോകുമ്പോള്‍ സംസ്ഥാനം ക്ലാസ് മുറികളെ ആധുനികവല്‍ക്കരിച്ച് ഇന്റര്‍നെറ്റ് പൗരാവകാശമായി പ്രഖ്യാപിച്ച ആദ്യസംസ്ഥാനമായി തീര്‍ന്നിരിക്കുകയാണ്.
നൈപുണ്യവികസനത്തിന് സംസ്ഥാനത്ത് വിപുലമായ ശ്രദ്ധ ലഭിക്കുന്നത് സംതൃപ്തിയുണ്ടാക്കുന്നതാണ്. ഹരിതകേരള മിഷന്‍ കൃഷിയിലും പരിസ്ഥിതി സംരക്ഷണത്തിലും പുതിയ താല്‍പര്യം ഉണ്ടാക്കിയിട്ടുണ്ട്. ഉത്തരവാദിത്വ ടൂറിസമാണ് മാതൃകയാകുന്ന മറ്റൊരു മേഖല. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനമാണ് നമ്മുടേത്. ട്രാന്‍സ്‌ജെന്‍ഡര്‍ നയം രൂപീകരിച്ച ആദ്യ സംസ്ഥാനമായതും ലൈംഗികകുറ്റവാളികളുടെ രജിസ്ട്രി ഉണ്ടാക്കിയതും ഇതിന് തെളിവാണ്.
സ്ത്രീകള്‍ക്കായി സംസ്ഥാനം പ്രത്യേക വകുപ്പ് രൂപീകരിക്കുകയും ജെന്‍ഡര്‍ ബഡ്ജറ്റിങ് ആവിഷ്‌കരിക്കുകയും ചെയ്തു. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി ആരോഗ്യ, സാക്ഷരത, ഭവന മേഖലകളില്‍ ക്ഷേമപദ്ധതികള്‍ ആവിഷ്‌കരിച്ചതും മറ്റു സംസ്ഥാനങ്ങള്‍ക്ക് അനുകരണീയമായ മാതൃകയാണെന്ന് ഗവര്‍ണര്‍ പറഞ്ഞു.
സാമുദായികവും രാഷ്ടീയവുമായ പകയ്ക്കും ഭീതിക്കും ജനാധിപത്യസമൂഹത്തില്‍ ഇടമില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."