കര്‍ണാടകയില്‍ ന്യൂനപക്ഷങ്ങള്‍ക്കും കര്‍ഷകര്‍ക്കും എതിരായ കേസുകള്‍ പിന്‍വലിക്കുന്നു
ബംഗളൂരു: കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇതിനുള്ള അരങ്ങൊരുക്കി രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന പ്രചാരണം ശക്തമായി. ഇതിനിടയില്‍ ഭരണത്തുടര്‍ച്ച ലക്ഷ്യം വച്ച് സിദ്ധരാമയ്യ സര്‍ക്കാര്‍ ബി.ജെ.പിക്കെതിരേ ശക്തമായ നീക്കം തുടങ്ങി. ഉത്തര കന്നഡ മേഖലയില്‍ ന്യൂനപക്ഷവേട്ട നടത്തുകയും പ്രകോപനപരമായ നീക്കങ്ങള്‍ നടത്തുകയും ചെയ്യുന്ന ബി.ജെ.പിക്കെതിരേ കോണ്‍ഗ്രസ് സര്‍ക്കാര്‍ നിര്‍ണായകമായ തീരുമാനങ്ങളാണ് കൈകൊള്ളുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് ന്യൂനപക്ഷങ്ങള്‍, ദലിതര്‍, കര്‍ഷകര്‍, കന്നഡ ആക്ടിവിസ്റ്റുകള്‍ എന്നിവര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
ന്യൂനപക്ഷങ്ങള്‍ക്കെതിരേയുള്ളതുമാത്രമല്ല, കര്‍ഷകര്‍ക്കും ആക്ടിവിസ്റ്റുകള്‍ക്കും എതിരായ കേസുകളെല്ലാം ഒഴിവാക്കാനാണ് തീരുമാനമെന്ന് ഇതുസംബന്ധിച്ച ചോദ്യത്തിന് ഉത്തരമായി മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
അഭ്യന്തര വകുപ്പിന്റെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് കേസുകള്‍ ഒഴിവാക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ എല്ലാ പൊലിസ് സ്റ്റേഷനുകളിലും രജിസ്റ്റര്‍ ചെയ്ത കേസുകളുടെ വിശദാംശങ്ങള്‍ നല്‍കാന്‍ ആഭ്യന്തര വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
എന്നാല്‍ സര്‍ക്കാര്‍ നീക്കത്തിനെതിരേ ബി.ജെ.പി പ്രതിഷേധിച്ചു. കോണ്‍ഗ്രസ് സര്‍ക്കാര്‍ ഹിന്ദുവിരുദ്ധരാണെന്നതിന്റെ തെളിവാണ് ഇതെന്നും പാര്‍ട്ടി നേതൃത്വം ആരോപിച്ചു.
അതേസമയം വലിയ കുറ്റകൃത്യങ്ങള്‍ അല്ലാത്തവ പരിശോധിക്കുകയും ആവശ്യമെങ്കില്‍ പിന്‍വലിക്കാനുമാണ് തീരുമാനമെന്ന് പൊലിസ് അറിയിച്ചു. വലിയ കേസുകളൊന്നും തന്നെ പിന്‍വലിക്കില്ലെന്നും അവര്‍ വ്യക്തമാക്കി.
നേരത്തെ ബി.ജെ.പി ഭരിക്കുമ്പോള്‍ അന്നത്ത മുഖ്യമന്ത്രിയായിരുന്ന ബി.എസ് യദ്യൂരപ്പയും സമാന രീതിയില്‍ കേസുകള്‍ പിന്‍വലിച്ചിരുന്നതായി ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. പൊതുതാല്‍പര്യം മുന്‍നിര്‍ത്തിയാണെന്ന് വ്യക്തമാക്കി 2013ലെ തെരഞ്ഞെടുപ്പിന് മുന്‍പായി യു.പി സര്‍ക്കാരും മുസാഫര്‍നഗര്‍ കലാപവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിച്ചിരുന്നതായ കാര്യവും അദ്ദേഹം ഓര്‍മിപ്പിച്ചു.
ബി.ജെ.പി ഭരിക്കുമ്പോള്‍ അവരുടെ താല്‍പര്യമുള്ളവരുടെയെല്ലാം കേസുകള്‍ കര്‍ണാടകയില്‍ പിന്‍വലിച്ച കാര്യം അവര്‍ മറക്കരുതെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."