ത്രിപുരയില്‍ മണിക് സര്‍ക്കാര്‍ നേരിടുന്നത് വലിയ വെല്ലുവിളി
അഗര്‍ത്തല: രാജ്യത്തെ ഏറ്റവും ദരിദ്രനായ മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിന് ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. എന്നാല്‍ സംസ്ഥാനത്തെ കൈപ്പിടിയിലൊതുക്കാന്‍ ബി.ജെ.പി വര്‍ഗീയ കാര്‍ഡിളക്കി കടുത്ത ഭീഷണി ഉയര്‍ത്തി രംഗത്തെത്തിയതോടെ നിയമസഭാ തെരഞ്ഞെടുപ്പ് മണിക് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം വാട്ടര്‍ലൂ ആണ്.
സൈക്കിള്‍ റിക്ഷയില്‍ മാര്‍ക്കറ്റില്‍ പോയി സാധനങ്ങള്‍ വാങ്ങി വരുന്ന മണിക്‌സര്‍ക്കാരിന്റെ ഭാര്യ പാഞ്ചാലി ഭട്ടാചാര്യക്കും മുഖ്യമന്ത്രിയുടെ ഭാര്യയെന്ന തലക്കനം ഒരിക്കല്‍പോലും ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിയെന്ന നിലയില്‍ ലഭിക്കുന്ന ശമ്പളം മുഴുവനായും പാര്‍ട്ടിക്ക് നല്‍കി, പാര്‍ട്ടി നല്‍കുന്ന വേതനത്തില്‍ ജീവിക്കുന്ന സി.പി.എമ്മിന്റെ കറകളഞ്ഞ നേതാവാണ് മണിക് സര്‍ക്കാര്‍.
എന്നാല്‍ മുന്‍പെങ്ങുമില്ലാത്ത തെരഞ്ഞെടുപ്പ് പോരാട്ടമാണ് ത്രിപുരയില്‍ ഇത്തവണയുള്ളത്. തന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഇതുവരെ നേരിടാത്ത വെല്ലുവിളിയും അദ്ദേഹം നേരിടുകയാണ്.
നിലവില്‍ സംസ്ഥാനത്ത് സി.പി.എമ്മും കോണ്‍ഗ്രസും തമ്മിലാണ് മത്സരമുണ്ടായിരുന്നത്. ഇത്തവണ അത് സംസ്ഥാനത്ത് ബെര്‍ത്തിനായി ശ്രമിക്കുന്ന ബി.ജെ.പിയുമായിട്ടാണ്.
60 അംഗ നിയമസഭയില്‍ സി.പി.എമ്മിന് 49 സീറ്റുകളും സി.പി.ഐക്ക് ഒരു സീറ്റുമാണ് ഉള്ളത്. ശേഷിക്കുന്ന 10 സീറ്റുകള്‍ കോണ്‍ഗ്രസിനാണ്. ഇവരില്‍ ആറുപേര്‍ ഇതിനകം രാജിവച്ച് ബി.ജെ.പിയില്‍ ചേര്‍ന്നു. ഇതോടെ സംസ്ഥാനത്ത് സി.പി.എമ്മിന്റെ മുഖ്യശത്രു ബി.ജെ.പിയായി മാറിയിരിക്കുകയാണ്. അതേസമയം ത്രിപുരയില്‍ ബംഗാളി സംസാരിക്കുന്നവരെ വശത്താക്കി അധികാരം പിടിക്കാനുള്ള നീക്കമാണ് ബി.ജെ.പി നടത്തുന്നത്. അസമിലെ ബി.ജെ.പി നേതാവായ ഹിമാന്ത ബിശ്വാസിനെയാണ് ത്രിപുര പിടിക്കാനായി നിയോഗിച്ചിരിക്കുന്നത്. എന്നാല്‍ സംസ്ഥാനത്ത് ബി.ജെ.പിയും നേരിടുന്നത് വലിയ വെല്ലുവിളിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."