ലിംഗ വിവേചന വിവാദം: ആറ് ബി.ബി.സി വാര്‍ത്താ അവതാരകരുടെ ശമ്പളം വെട്ടിക്കുറച്ചു
ലണ്ടന്‍: ശമ്പള സ്കെയില്‍ ലിംഗവിവേചനം നിലനില്‍ക്കുന്നതായി ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ആറ് മുതിര്‍ന്ന വാര്‍ത്താ അവതാരകരുടെ ശമ്പളം ബി.ബി.സി വെട്ടിക്കുറച്ചു. ആറു പേരും ഇക്കാര്യം അംഗീകരിച്ചതായി ബി.ബി.സി അറിയിച്ചു.
കമ്പനിയില്‍ ഏറ്റവും ഉയര്‍ന്ന ശമ്പളം വാങ്ങുന്ന ആറുപേരുടെ സ്കെയിലാണ് കുറച്ചത്. ശമ്പള സ്കെയിലില്‍ ലിംഗ വിവേചനം കാണിക്കുന്നതായി പരാതി ഉന്നയിച്ച് ചാനലിന്റെ ചൈന പത്രാധിപ പദവി രാജിവച്ചിരുന്നു. ഇതോടെയാണ് ശമ്പള സ്കെയിലിനെ കുറിച്ച് പുനരാലോചന നടത്താന്‍ ചാനല്‍ അധികൃതര്‍ തയാറായത്.
കാരി ഗ്രേസി ആണ് ഡിസംബറില്‍ ബി.ബി.സിയുടെ ചൈന ന്യൂസ് എഡിറ്റര്‍ പദവി രാജിവച്ച് ലണ്ടനിലെ ഓഫിസിലേക്ക് മടങ്ങിയത്. 1,35,000 യൂറോ(ഏകദേശം ഒരു കോടി 21 ലക്ഷം രൂപ) ആയിരുന്നു ഇവരുടെ വാര്‍ഷിക ശമ്പളം.
ഗ്രേസിയുടെ അതേ സീനിയോരിറ്റി ഉണ്ടായിരുന്ന ബി.ബി.സി വടക്കന്‍ അമേരിക്ക എഡിറ്റര്‍ ജോണ്‍ സോപെലിന് 2,50,000 യൂറോ വരെയും മിഡിലീസ്റ്റ് എഡിറ്റര്‍ ജെറമി ബോവന് 2,00,000 യൂറോ വരെയും ശമ്പളം ലഭിച്ചിരുന്നു.
വര്‍ഷത്തില്‍ 1,50,000 യൂറോ(ഏകദേശം ഒരു കോടി 35 ലക്ഷം രൂപ)യ്ക്കു മുകളില്‍ ശമ്പളം വാങ്ങുന്ന ആകെ 14 ജീവനക്കാരില്‍ 12ഉം പുരുഷന്മാരാണ്.
പൊതുഫണ്ടോടെ പ്രവര്‍ത്തിക്കുന്ന ബി.ബി.സി കൂടുതല്‍ ശമ്പളം വാങ്ങുന്ന തങ്ങളുടെ ജീവനക്കാരുടെ പട്ടിക കഴിഞ്ഞ ജൂലൈയില്‍ പുറത്തുവിട്ടിരുന്നു. പാര്‍ലമെന്റില്‍നിന്നുള്ള സമ്മര്‍ദത്തെ തുടര്‍ന്നായിരുന്നു ഇത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."