കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ ആദ്യഘട്ട പട്ടിക പ്രഖ്യാപിച്ചു
ഷില്ലോങ്: മേഘാലയ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.
മുഖ്യമന്ത്രി മുകുള്‍ സാങ്മ ഉള്‍പ്പെടെ 57 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് പ്രഖ്യാപിച്ചത്.
മുഖ്യമന്ത്രിക്കു പുറമെ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ സെലസ്റ്റിന്‍ ലിങ്‌ദോ, ലോക്‌സഭാംഗം വിന്‍സെന്റ് എച്ച്. പാല തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ളവരുടെ പട്ടികയാണ് കോണ്‍ഗ്രസ് സ്‌ക്രീനിങ് കമ്മിറ്റി പുറത്തു വിട്ടത്. 60 അംഗ നിയമസഭയില്‍ മൂന്ന് സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. ഇവയില്‍ ഒരു സീറ്റില്‍ കഴിഞ്ഞ തവണ ജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇത്തവണ ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ചേക്കുമെന്നാണ് വിവരം.
ഒരാഴ്ചക്കുള്ളില്‍ മൂന്ന് സീറ്റുകളിലേക്കുമുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.
1993മുതല്‍ പ്രതിനിധീകരിക്കുന്ന അമ്പാട്ടിഗിരി മണ്ഡലത്തില്‍ നിന്നുതന്നെ മുഖ്യമന്ത്രി മുകുള്‍ സാങ്മ ഇത്തവണയും ജനവിധി തേടും. ഇതിന് പുറമെ സോങ് സാക്കയിലും ഇത്തവണ മത്സരിക്കും.
പുറത്തുവിട്ട സ്ഥാനാര്‍ഥി പട്ടികയില്‍ അഞ്ചുപേര്‍ സ്ത്രീകളാണ്. മുഖ്യമന്ത്രിയുടെ ഭാര്യയും ഇത്തവണ മത്സര രംഗത്തുണ്ട്. 30 സീറ്റുകള്‍ ഉറപ്പായും കോണ്‍ഗ്രസ് നേടുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ അറിയിച്ചു.
അതേസമയം സംസ്ഥാനത്ത് കോണ്‍ഗ്രസ് വലിയ തിരിച്ചടിയാണ് നേരിടുന്നത്. ഏഴ് മുതിര്‍ന്ന നേതാക്കള്‍ രാജിവച്ച് ബി.ജെ.പിയിലേക്ക് പോയതുള്‍പ്പെടെയുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ തവണയുണ്ടായ എളുപ്പത്തിലുള്ള വിജയം ഇത്തവണയുണ്ടാകില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."