ഹോളോകോസ്റ്റ് സത്യമാണ്. പക്ഷെ പോളണ്ടിന് ഉത്തരവാദിത്തമില്ല
വാഴ്‌സോ: പോളിഷ് പാര്‍ലമെന്റ് പാസാക്കിയ പുതിയ ഹോളോകോസ്റ്റ് ബില്ലിനെ ചൊല്ലി ഇസ്‌റാഈലിനും പോളണ്ടിനുമിടയില്‍ നയതന്ത്ര തര്‍ക്കം. ഓഷ്‌വിറ്റ്‌സ് കോണ്‍സന്‍ട്രേഷന്‍ ക്യാംപുകളെ 'പോളിഷ് മരണക്യാംപുകള്‍' എന്നു വിശേഷിപ്പിക്കുന്നത് വിലക്കിക്കൊണ്ടുള്ള ബില്ലാണ് കഴിഞ്ഞ ദിവസം പോളിഷ് അധോസഭ പാസാക്കിയത്. ഇതിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബിന്‍യാമീന്‍ നെതന്യാഹു രംഗത്തെത്തി.
ജൂത സമൂഹത്തിനും മറ്റും എതിരായ നാസി കുറ്റകൃത്യങ്ങള്‍ക്ക് പോളണ്ട് ഉത്തരവാദിയാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവര്‍ക്ക് ജയില്‍ശിക്ഷ നല്‍കണമെന്ന് പുതിയ നിയമ ഭേദഗതിയില്‍ വ്യക്തമാക്കുന്നുണ്ട്. ബില്‍ സെനറ്റില്‍ കൂടി അവതരിപ്പിക്കാനിരിക്കെയാണു പ്രതിഷേധവുമായി ഇസ്‌റാഈല്‍ രംഗത്തെത്തിയത്. സെനറ്റും ബില്‍ പാസാക്കിയാല്‍ പ്രസിഡന്റ് ഒപ്പോടുകൂടി നിയമം പ്രാബല്യത്തില്‍ വരികയാണു ചെയ്യുക.
'പുതിയ ബില്ലിനെ ഞാന്‍ ശക്തമായി എതിര്‍ക്കുന്നു. ആര്‍ക്കും ചരിത്രത്തെ മാറ്റാനാകില്ല. ഹോളോകോസ്റ്റ് നിഷേധിക്കാനും ആര്‍ക്കുമാകില്ല'-നെതന്യാഹു വ്യക്തമാക്കി.
തെല്‍അവീവിലെ പോളിഷ് നയതന്ത്ര പ്രതിനിധികളെ ഇസ്‌റാഈല്‍ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിട്ടുണ്ട്. പുതിയ നീക്കം ലജ്ജാകരവും സത്യത്തിന്റെ തമസ്‌കരണവുമാണെന്ന് ഇസ്‌റാഈല്‍ വിദ്യാഭ്യാസ-കുടിയേറ്റ മന്ത്രി നാഫ്താലി ബെനെറ്റ് ആരോപിച്ചു.
ജൂതസമൂഹത്തിന്റെ കൊലപാതകത്തിന് നിരവധി പോളിഷ് പൗരന്മാര്‍ സഹായിക്കുകയും ചിലര്‍ പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തതെല്ലാം ചരിത്രസത്യങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടാം ലോക യുദ്ധസമയത്ത് അന്നത്തെ പോളണ്ടില്‍ ജര്‍മന്‍ നാസി സൈന്യം നിര്‍മിച്ച കുപ്രസിദ്ധ കോണ്‍സന്‍ട്രേഷന്‍ ക്യാംപുകളാണ് ഓഷ്‌വിറ്റ്‌സ്. ജര്‍മന്‍ നാസി സൈന്യം യുദ്ധ സമയത്ത് ആക്രമണത്തിലൂടെ പോളണ്ടിനെ കീഴടക്കുകയായിരുന്നു. തുടര്‍ന്ന് ലക്ഷക്കണക്കിന് പോളിഷ് പൗരന്മാരെ സൈന്യം കുരുതിക്കു കൊടുക്കുകയും ചെയ്തു. 30 ലക്ഷത്തോളം ജൂതരും അന്ന് കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും. ഇതാണു പില്‍ക്കാലത്ത് ഹോളോകോസ്റ്റ് എന്ന പേരില്‍ അറിയപ്പെട്ടത്.
ഹോളോകോസ്റ്റ് കോണ്‍സന്‍ട്രേഷന്‍ ക്യാംപുകളെ പോളിഷ് മരണക്യാംപുകളെന്ന് വിശേഷിപ്പിക്കുന്നതിനെതിരേ നേരത്തെ തന്നെ പോളണ്ട് രംഗത്തെത്തിയിരുന്നു. അന്നത്തെ കുറ്റകൃത്യങ്ങളില്‍ തങ്ങള്‍ക്കും ഉത്തരവാദിത്തമുണ്ടെന്നു തോന്നിപ്പിക്കുന്നതാണു പ്രയോഗമെന്ന് കാണിച്ചായിരുന്നു ഇത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."