കാബൂള്‍ താലിബാന്‍ ആക്രമണം: മരണസംഖ്യ 103 ആയി
കാബൂള്‍: അഫ്ഗാനിസ്താന്‍ തലസ്ഥാനമായ കാബൂളില്‍ നടന്ന ഭീകരാക്രമണത്തില്‍ മരണസംഖ്യ 100 കടന്നു. ഇതുവരെ 103 പേരുടെ മരണം സ്ഥിരീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 235 പേര്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. അപകടത്തില്‍പെട്ടവരില്‍ ഏറെയും പുരുഷന്മാരാണ്.
ശനിയാഴ്ച ഉച്ചയ്ക്ക് 12.15ഓടെയായിരുന്നു വിവിധ രാജ്യങ്ങളുടെ എംബസികളും സര്‍ക്കാര്‍ കാര്യാലയങ്ങളും അടക്കം സ്ഥിതി ചെയ്യുന്ന നയതന്ത്ര മേഖലയില്‍ താലിബാന്‍ ഭീകരര്‍ ആക്രമണം നടത്തിയത്. ഇവിടെ മേഖലയിലേക്കുള്ള ചെക്ക്‌പോസ്റ്റിലേക്ക് സ്‌ഫോടകവസ്തുക്കള്‍ നിറച്ച ആംബുലന്‍സ് ഇടിച്ചുകയറ്റുകയായിരുന്നു.
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മറ്റ് ഔദ്യോഗിക വൃത്തങ്ങള്‍ക്കും മാത്രം പ്രവേശനമുള്ള അതീവ സുരക്ഷാമേഖലയിലാണ് ആക്രമണം നടന്നത്. പഴയ പാകിസ്താന്‍ ആഭ്യന്തരമന്ത്രാലയം, യൂറോപ്യന്‍ യൂനിയന്‍, ഹൈ പീസ് കൗണ്‍സില്‍ എന്നിവയുടെ കാര്യാലയങ്ങളും ഇവിടെയാണു സ്ഥിതി ചെയ്യുന്നത്.
കഴിഞ്ഞയാഴ്ച കാബൂളിലെ തന്നെ ആഡംബര ഹോട്ടലായ ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടലില്‍ താലിബാന്‍ ഭീകരര്‍ ആക്രമണം നടത്തിയിരുന്നു. ഹോട്ടല്‍ ജീവനക്കാരെയും അതിഥികളെയും ബന്ദികളാക്കി നടന്ന ആക്രമണത്തില്‍ വിദേശികളടക്കം 22 പേര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ഒക്ടോബറില്‍ അഫ്ഗാന്റെ വിവിധ ഭാഗങ്ങളിലായി നടന്ന ഭീകരാക്രമണങ്ങളില്‍ 176 പേരുടെയും കഴിഞ്ഞ മേയില്‍ കാബൂളിലെ ഇതേ നയതന്ത്രമേഖലയില്‍ നടന്ന ചാവേര്‍ സ്‌ഫോടനത്തില്‍ 150 പേരുടെയും ജീവന്‍ പൊലിഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."