കരുണ തേടി തെരുവോരം മുരുകന്‍ മുട്ടുകാല്‍ തല്ലിത്തകര്‍ത്തത് മാനസികരോഗി
കൊച്ചി: നൂറുകണക്കിന് അനാഥരെ തെരുവില്‍ നിന്ന് രക്ഷപ്പെടുത്തി പുതുജീവിതത്തിലേക്ക് കൊണ്ടുവന്ന 'തെരുവോരം മുരുകന്‍' ചികിത്സാ ചെലവിനായി നെട്ടോട്ടത്തില്‍. എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് അലഞ്ഞുതിരിഞ്ഞു നടന്ന മാനസികരോഗിയായ തമിഴ്‌നാട് സ്വദേശിയെ രക്ഷപ്പെടുത്തി അഭയകേന്ദ്രത്തില്‍ എത്തിക്കാന്‍ ശ്രമിക്കവെ മൂന്നുമാസം മുന്‍പാണ് മുരുകന് പരുക്കേറ്റത്. പ്രകോപിതനായ യുവാവ് ഇരുമ്പുകമ്പികൊണ്ട് മുരുകന്റെ കാല്‍മുട്ടിന് അടിക്കുകയായിരുന്നു.
ചിരട്ട തകര്‍ന്ന മുരുകന്‍ കോഴിക്കോട്ടെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായെങ്കിലും ഇനിയും മൂന്നുമാസം വിശ്രമം വേണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
ഓട്ടോറിക്ഷ ഓടിച്ച് കിട്ടുന്ന വരുമാനം കൊണ്ടായിരുന്നു മൂന്നുവയസുകാരിയായ മകളും ഭാര്യയും ഉള്‍പ്പെടുന്ന കുടുംബത്തെ മുരുകന്‍ സംരക്ഷിച്ചുപോന്നത്.
തെരുവിലലയുന്ന കുഞ്ഞുങ്ങളെയും വയോധികരെയുമൊക്കെ കണ്ടെത്തി വിവിധ അനാഥാലയങ്ങളിലും ആശുപത്രിയിലുമൊക്കെ എത്തിച്ചിരുന്നതും ഈ വരുമാനം കൊണ്ടായിരുന്നു. എന്നാല്‍ മാനസികരോഗിക്ക് അഭയം നല്‍കാന്‍ ശ്രമിക്കവെ മുരുകനേറ്റ അടി ജീവിതം തന്നെ തല്ലിതകര്‍ത്തിരിക്കുകയാണ്.
പ്രാഥമിക കാര്യങ്ങള്‍ നിറവേറ്റാന്‍ പോലും പരസഹായം വേണമെന്ന അവസ്ഥയാണിപ്പോള്‍. ശസ്ത്രക്രിയയ്ക്കും മറ്റുമായി ഇപ്പോള്‍ തന്നെ ഒന്നര ലക്ഷത്തോളം രൂപ ചെലവായി. കടംവാങ്ങിയാണ് ഇതുവരെ ചികിത്സാചെലവ് നടത്തിയത്. ഇനിയുള്ള ചികിത്സ എങ്ങനെ നടത്തുമെന്ന ആശങ്കയിലാണ് മുരുകനും ഭാര്യയും.
തന്റെ 16ാമത്തെ വയസുമുതലാണ് മുരുകന്‍ അനാഥരെ കണ്ടെത്തി അഭയകേന്ദ്രങ്ങളില്‍ എത്തിക്കാന്‍ തുടങ്ങിയത്.
'തെരുവ് വെളിച്ചം' എന്ന പേരില്‍ സംസ്ഥാനസര്‍ക്കാര്‍ സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ കാക്കനാട്ട് നാല് വര്‍ഷം മുന്‍പ് ആരംഭിച്ച സ്ഥാപനത്തിന്റെ മുഖ്യനടത്തിപ്പുകാരന്‍ കൂടിയാണ് മുരുകന്‍.
തെരുവുമക്കള്‍ക്കുള്ള പുനരധിവാസ കേന്ദ്രമായ ഇവിടെ മുപ്പതോളം പേരാണ് കഴിയുന്നത്. രാഷ്ട്രപതിയുടെ സാമൂഹിക സേവന പുരസ്‌കാരം ഉള്‍പ്പെടെ തെരുവില്‍ അനാഥരാക്കപ്പെട്ടവര്‍ക്ക് കൈത്താങ്ങായിരുന്ന തെരുവോരം മുരുകനെ തേടിയെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."