കരിപ്പൂരില്‍ കാര്‍ഗോ കയറ്റുമതിയില്‍ വര്‍ധന
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള ചരക്ക് നീക്കത്തില്‍ 49.5 ശതമാനത്തിന്റെ വര്‍ധന. വിമാനങ്ങള്‍ ആവശ്യത്തിന് കാര്‍ഗോ സ്വീകരിച്ചു തുടങ്ങിയതും വിമാന കമ്പനികള്‍ സര്‍വിസുകള്‍ വര്‍ധിപ്പിച്ചതുമാണ് കരിപ്പൂരില്‍ നിന്ന് ഗള്‍ഫിലേക്കുള്ള കയറ്റുമതി വര്‍ധിപ്പിച്ചത്.
കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ 30 വരെയുള്ള കാലയളവില്‍ മാത്രം ആഭ്യന്തര-അന്താരാഷ്ട്ര മേഖലയില്‍ ചരക്ക് നീക്കത്തില്‍ 49.5 ശതമാനത്തിന്റെ വര്‍ധനവാണ് തൊട്ടു മുന്‍പുള്ള സാമ്പത്തിക വര്‍ഷം ഇതേകാലയളവിനെ അപേക്ഷിച്ച് ഉണ്ടായത്.
ഇടത്തരം വിമാനങ്ങള്‍ക്ക് സര്‍വിസിന് അനുമതി ലഭിക്കുന്നത് വഴി കാര്‍ഗോ കയറ്റുമതിയില്‍ വലിയ കുതിച്ചുചാട്ടമുണ്ടാകുമെന്നും കരിപ്പൂരിന് പഴയ പ്രതാപം തിരിച്ചു കൊണ്ടുവരാന്‍ കഴിയുമെന്നും എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജെ.ടി.രാധാകൃഷ്ണ പറഞ്ഞു.
കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഒക്ടോബര്‍വരെയുള്ള കാലയളവില്‍ കരിപ്പൂരില്‍ നിന്ന് 11,587 ടണ്‍ ഉല്‍പ്പന്നങ്ങളാണ് വിമാന മാര്‍ഗം കയറ്റി അയച്ചത്. തൊട്ടുമുന്‍പുള്ള സാമ്പത്തിക വര്‍ഷം ഇതേ കാലത്ത് 7,752 ടണ്‍ മാത്രമായിരുന്നു. എന്നാല്‍ കൊച്ചിയില്‍ 8.5 ശതമാനത്തിന്റെ ഇടിവാണ് ഇതേകാലത്ത് കാര്‍ഗോ കയറ്റുമതിയിലുണ്ടായത്.
2016 ഏപ്രില്‍ മുതല്‍ ഒക്‌ടോബര്‍ വരെ 50,144 ടണ്‍ കയറ്റുമതി ചെയ്ത കൊച്ചിയില്‍ ഇക്കഴിഞ്ഞ ഒക്‌ടോബര്‍ വരെ 45,868 ടണ്‍ ഉല്‍പന്നങ്ങള്‍ മാത്രമാണ് കയറ്റി അയച്ചത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ 4.1 ശതമാനം വര്‍ധനവുണ്ടായി. 18,010 ടണ്‍ ഉല്‍പന്നങ്ങളാണ് കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഒക്‌ടോബര്‍ വരെ ഇവിടെ നിന്ന് കയറ്റിയയച്ചത്. തൊട്ടുമുന്‍പുള്ള വര്‍ഷം ഇതേ കാലയളവില്‍ 17,299 ടണ്‍ മാത്രമായിരുന്നു.
കരിപ്പൂരില്‍ യാത്രക്കാരുടെ എണ്ണത്തിലും കഴിഞ്ഞ വര്‍ഷം വര്‍ധവുണ്ടായിട്ടുണ്ട്. ആഭ്യന്തര-അന്താരാഷ്ട്ര മേഖലയില്‍ 22.4 ശതമാനമാണ് വര്‍ധന. 18,50,723 പേരാണ് കഴിഞ്ഞ ഒക്ടോബര്‍ വരെ കരിപ്പൂര്‍ വഴി യാത്ര ചെയ്തത്. തൊട്ടുമുന്‍പുള്ള സാമ്പത്തിക വര്‍ഷം ഒക്ടോബര്‍ വരെ 15,11,952 യാത്രക്കാര്‍ ആയിരുന്നു ഉണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."