യമനില്‍ പ്രതിസന്ധി രൂക്ഷം: താല്‍ക്കാലിക തലസ്ഥാന കേന്ദ്രം വിഘടന വാദികളുടെ പിടിയില്‍
റിയാദ്: യമനില്‍ താല്‍കാലിക വെടിനിര്‍ത്തലിന് പ്രസിഡന്റ് അബ്ദിറബ്ബ് മന്‍സൂര്‍ ഹാദി ആഹ്വാനം ചെയ്തു. താല്‍കാലിക തലസ്ഥാനമായ ഏദനിലെ ഗവണ്മെന്റ് ആസ്ഥാന മന്ദിരങ്ങള്‍ ദക്ഷിണ വിഘടന വാദികള്‍ പിടിച്ചടക്കുകയും ഏറ്റുമുട്ടലുകള്‍ രൂക്ഷമാകുകയും ചെയ്തതിനെ തുടര്‍ന്നാണ് അടിയന്തിര വെടിനിര്‍ത്തലിന് പ്രസിഡന്റ് ആഹ്വാനം ചെയ്തത്.
തുറമുഖ നഗരത്തിലെ സര്‍ക്കാര്‍ സേനയുടെ സേനാധിപന്മാര്‍ക്ക് പ്രധാനമന്ത്രി അഹ്മദ് ബിന്‍ ദാഗറാണ് പ്രസിഡന്റിന്റെ നിര്‍ദേശം അറിയിച്ചത്. യമനില്‍ യുദ്ധത്തിലേര്‍പ്പെട്ട സഖ്യ സേനയുമായി നടത്തിയ കൂടിക്കാഴ്ച്ചക്ക് ശേഷം സൈനിക യൂണിറ്റുകള്‍ക്ക് വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടു നിര്‍ദേശം നല്‍കാന്‍ യമനിലെ സൈനിക സുപ്രിം കമാണ്ടര്‍ കൂടിയായ പ്രസിഡന്റ് ഉത്തരവിട്ടതായി എ .എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.
പോരാട്ടം ശക്തമാകുകയും നിരവധി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഗവണ്മെന്റ് സൈന്യത്തോട് നിരുപാധികം പിന്‍വലിഞ്ഞു വെടിനിര്‍ത്തല്‍ പാലിക്കാണാനാണ് ഉത്തരവ്. ഞായറാഴ്ച്ച രാവിലെ ഏദനിലെ സര്‍ക്കാര്‍ മന്ദിരങ്ങള്‍ കീഴ്‌പ്പെടുത്തിയ ദക്ഷിണ വിഘടന വാദികള്‍ ഏദനെ താല്‍ക്കാലിക തലസ്ഥാനമായി പ്രഖ്യാപിച്ചിരുന്നു.
ഔദ്യോഗിക ഗവണ്മെന്റ് സേനയും വിഘടന വാദ സേനയും തമ്മില്‍ രൂക്ഷമായ പോരാട്ടം നടന്നതിനെ തുടര്‍ന്ന് പ്രധാനമന്ത്രി അറബ് സഖ്യ സേനയുടെ സഹായം ആവശ്യപ്പെട്ടിരുന്നു. രൂക്ഷമായ പോരാട്ടത്തിനിടെ ഏദനില്‍ ഏതാനും സിവിലിയര്‍ അടക്കം 15 പേര്‍ കൊല്ലപ്പെട്ടതായി ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ ഡസന്‍ കണക്കിന് ആളുകള്‍ക്ക് ഗുരുതര പരിക്കുമുണ്ടായിട്ടുണ്ട്. രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും തകര്‍ത്ത് അട്ടിമറി ശ്രമം നടക്കുന്നതായി പ്രധാനമന്ത്രി അഹ്മദ് ബിന്‍ ടാഗിര്‍ പറഞ്ഞു.
പോരാട്ടങ്ങള്‍ക്കിടെ ഏദനിലെ ഗവണ്‍മെന്റ്് മന്ദിരങ്ങള്‍ വിഘടന വാദികളുടെ കീഴിലാണ്. ഏദന്‍ കേന്ദ്രമായി രാജ്യം വേണമെന്ന വിഘടന വാദികളുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഏദന്റെ മിക്ക മേഖലയിലും ഇപ്പോള്‍ പ്രസിഡന്റ് മന്‍സൂര്‍ ഹാദിയുടെ സേനയെ വിന്യസിച്ചിട്ടുണ്ട്. യമന്‍ തലസ്ഥാനമായ സന്‍ആ ഇറാന്‍ അനുകൂല ഹൂതി വിമതര്‍ കയ്യടക്കിയപ്പോള്‍ മൂന്നു വര്‍ഷമായി ഏദന്‍ കേന്ദ്രീകരിച്ചായിരുന്നു മന്‍സൂര്‍ ഹാദിയുടെ ഭരണ കേന്ദ്രം. അതേസമയം, പുതിയ സംഭവ വികാസങ്ങളെ കുറിച്ച് യുദ്ധത്തിലേര്‍പ്പെട്ട സഊദി നേതൃത്വത്തിലുള്ള സഖ്യ സേന നിലപാടുകള്‍ വെളിപ്പെടുത്തിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."