ശശീന്ദ്രന് എന്‍.സി.പിയുടെ പച്ചക്കൊടി; പീതാംബരന്‍ ചൊവ്വാഴ്ച മുഖ്യമന്ത്രിക്കു കത്തുനല്‍കും
ന്യൂഡല്‍ഹി: ഫോണ്‍വിളി കേസില്‍ കുറ്റവിമുക്തനായ എ.കെ ശശീന്ദ്രനെ വേഗം മന്ത്രിസഭയില്‍ തിരിച്ചെടുക്കണമെന്ന് എന്‍.സി.പി ആവശ്യപ്പെട്ടു.
ഇതുസംബന്ധിച്ച് സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരന്‍ മുഖ്യമന്ത്രി പിണറായി വിജയന് നാളെ കത്തയക്കും. ശശീന്ദ്രന്‍ കുറ്റവിമുക്തനായതോടെ മന്ത്രിസ്ഥാനത്തിന് അര്‍ഹനാണെന്ന് ഇന്നലെ ഡല്‍ഹിയില്‍ ചേര്‍ന്ന പാര്‍ട്ടി നേതൃയോഗം വിലയിരുത്തി.
കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ശശീന്ദ്രന്‍ യോഗത്തില്‍ വിവരിച്ചു. തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ അവസാനനിമിഷം കേസ് തീര്‍പ്പാക്കരുതെന്ന് ആവശ്യപ്പെട്ട് ഹരജി സമര്‍പ്പിക്കപ്പെട്ടതില്‍ അസ്വാഭാവികതയുണ്ടെന്ന് ശശീന്ദ്രന്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചിരുന്നു.
എന്നാല്‍, പാര്‍ട്ടി നേതാക്കളാരും ഇതിനു പിന്നിലുണ്ടാകുമെന്ന് കരുതില്ലെന്നായിരുന്നു ശശീന്ദ്രന്റെ പ്രതികരണം. ഇക്കാര്യങ്ങള്‍ ശശീന്ദ്രന്‍ നേതൃയോഗത്തിലും വിശദീകരിച്ചു. കേരളകോണ്‍ഗ്രസ് നേതാവ് ബാലകൃഷ്ണപിള്ളയേയും ഗണേഷ്‌കുമാറിനേയും എന്‍.സി.പിയിലേക്ക് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ യോഗം കാര്യമായി ചര്‍ച്ചചെയ്തില്ല.
ആര്‍ക്കു വേണമെങ്കിലും പാര്‍ട്ടിയിലേക്ക് വരാം; എന്നാല്‍, ആരേയും പ്രത്യേകമായി ക്ഷണിച്ചുവരുത്തേണ്ടതില്ലെന്നാണ് തീരുമാനം. പാര്‍ട്ടിയുടെ പുതിയ സംസ്ഥാന പ്രസിഡന്റിനെ മാര്‍ച്ച് മധ്യത്തോടെ തെരഞ്ഞെടുക്കാനും തീരുമാനമായി. ദേശീയ പ്രസിഡന്റ് ശരത്പവാറിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി പ്രഫുല്‍പട്ടേല്‍, ടി.പി പീതാംബരന്‍, എ.കെ ശശീന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."