HOME
DETAILS

ഫാസിസത്തെ ചെറുത്ത കര്‍മയോഗി

  
backup
January 30 2018 | 01:01 AM

fasisathe-ethirtha-karmayogi

'എഴുപത്തെട്ടുകാരനും ദുര്‍ബലനുമായ ഒരു വയോധികന്റെ ശക്തിയും നിഗൂഢതയും ലോകത്തെ ഇളക്കുകയും പ്രതീക്ഷയാല്‍ പ്രചോദനം കൊള്ളിക്കുകയും ചെയ്യുന്നു..'
സ്വാതന്ത്ര്യാനന്തരം, 1948 ജനുവരിയില്‍ മഹാത്മജി നടത്തിയ നിരാഹാരസമരവുമായി ബന്ധപ്പെട്ട് 'ന്യൂസ് ക്രോണിക്കിള്‍' എഴുതിയത് വെറുമൊരു ഓര്‍മപ്പെടുത്തലായിരുന്നില്ല.
വിഭജനാനന്തരം നടന്ന ന്യൂനപക്ഷപീഡനത്തിനെതിരേയായിരുന്നു അദ്ദേഹത്തിന്റെ സമരം. ആ മനുഷ്യന്റെ ജീവന്‍ അപഹരിക്കാനുള്ള ഗൂഢനീക്കം സജീവമാക്കിയത് ആ സഹനസമരത്തിന്റെ വിജയമായിരുന്നു.


സ്വന്തം മതത്തെ ആദരിക്കുമ്പോലെ മറ്റുള്ളവരുടെ മതത്തെയും ആദരിക്കണം. ഓരോ ഹിന്ദുവും ഖുര്‍ആനും ഓരോ മുസ്‌ലിമും ഗീതയും പഠിക്കട്ടെ. ഇതായിരുന്നു കലാപങ്ങള്‍ക്കിടയിലും അദ്ദേഹം നല്‍കിയ ഉപദേശങ്ങള്‍.
ജനമനസ്സുകളിലെ വിഷലിപ്തമായ വര്‍ഗീയവിത്തുകളിലെ മുളകള്‍ തുടക്കത്തിലേ നുള്ളിക്കളയണമെന്ന ചിന്തയ്‌ക്കൊപ്പം ഇന്ത്യയിലെ ഫാസിസ്റ്റ്‌വല്‍ക്കരണത്തെ പ്രതിരോധിക്കാനുള്ള ചിന്ത ഉയര്‍ത്താനുള്ള നീക്കങ്ങളായിരുന്നു അത്. ശത്രുക്കള്‍ ആ ലക്ഷ്യം തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ ജീവന്‍ അവര്‍ അപഹരിച്ചത്.
ഐന്‍സ്റ്റീന്‍ പറഞ്ഞ പോലെ ഇങ്ങനെയൊരു മനുഷ്യന്‍ ഭൂമുഖത്തു ജീവിച്ചിരുന്നുവോയെന്നു കാലങ്ങള്‍ക്കു ശേഷം സംശയിക്കപ്പെട്ടാലും അതിശയമില്ല. ഇന്നു ഗാന്ധിജിയുടെ പ്രതിമയും ഫോട്ടോകളും ആശയവൈരുധ്യങ്ങള്‍ക്കിടയിലും പ്രചാരണായുധമായി ഉപയോഗിക്കുന്നവര്‍ കൂടിവരുന്നു. കാരണം, ഭാരതജനതയെ ആഴത്തില്‍ സ്വാധീനിക്കാന്‍ ആ ഓര്‍മകള്‍ക്കു കഴിയുന്നുവെന്നതു തന്നെ.


'ഗാന്ധിജിയിലേക്കു മടങ്ങാം', 'ഗാന്ധിയെ മറന്ന്...'തുടങ്ങിയ സ്ഥിരം ശൈലികള്‍ കേട്ടു മടുത്ത സമൂഹം ഒരു ഭാഗത്തുണ്ട്. ഭരണവ്യവസ്ഥകളും അധികാരരാഷ്ട്രീയ കേന്ദ്രങ്ങളും യഥാര്‍ഥ ഗാന്ധിയെ എന്നോ മറന്നുകഴിഞ്ഞുവെന്നത് യാഥാര്‍ഥ്യമാണ്. സര്‍ക്കാരോഫീസുകളില്‍ ചുവരില്‍ ചിരിക്കുന്ന ഗാന്ധിജിയുടെ താഴെയിരുന്നു രാഷ്ട്രീയ ബ്യൂറോക്രസി കാട്ടിക്കൂട്ടുന്ന കളികള്‍ ആ ആത്മാവ് പൊറുക്കുക തന്നെയാവും.


അദ്ദേഹം കണ്ട ഇന്ത്യ സ്വപ്നങ്ങളില്‍ മാത്രമായി മാറി. ദാരിദ്ര്യം ഇന്നും തുടര്‍ക്കഥ, നിരക്ഷരരില്ലാത്ത ഇന്ത്യ എത്രയോ അകലെ. ദലിത് വിഭാഗങ്ങളും ന്യൂനപക്ഷങ്ങളും പല ഭാഗത്തും മുഖ്യധാരയില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെടുമ്പോള്‍ സ്വയാര്‍ജിത ഗ്രാമവികസനം എന്ന കാഴ്ചപ്പാടുകള്‍ വന്‍കിടസംരംഭങ്ങള്‍ക്കും കുത്തകകള്‍ക്കും വഴി മാറുന്നു. മുതലാളിത്തം ഇവിടെ സ്വാര്‍ഥകമാകുന്നു. കോര്‍പറേറ്റുകള്‍ എങ്ങും പിടിമുറുക്കുന്നു.
ആതുരാലയമല്ല, ആരോഗ്യമുള്ള സമൂഹമാണു വേണ്ടതെന്നു രാഷ്ട്രപിതാവ് പറഞ്ഞെങ്കില്‍ ഇന്നു സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ശൃംഖലകള്‍ രാജ്യമെമ്പാടും ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. കോടികള്‍ ചെലവിട്ടു വോട്ടര്‍മാരെ വിലയ്ക്കു വാങ്ങി തെരഞ്ഞെടുപ്പില്‍ പോലും വിജയിക്കാവുന്ന അവസ്ഥയില്‍ ഇവിടെ ജനാധിപത്യം മാറുന്നു. ജുഡീഷ്യറിയും സംശയനിഴലില്‍ ചര്‍ച്ചയാവുന്നു. ജനാധിപത്യത്തെക്കുറിച്ചും വികസനത്തെക്കുറിച്ചും രാഷ്ട്രപിതാവിന്റെ വ്യക്തമായ കാഴ്ചപ്പാടുകള്‍ക്കു കടകവിരുദ്ധമായി നീങ്ങുന്ന കാഴ്ചയാണു കാണുന്നത്.


മതവിശ്വാസിയും ദൈവവിശ്വാസിയും അതേ സമയം തികഞ്ഞ മതേതരവാദിയുമായ ഗാന്ധിജിക്ക് ഈശ്വര വിശ്വാസിയല്ലാത്ത ജവഹര്‍ലാലിനെയും മതപണ്ഡിതനായ മൗലാനാ അബുല്‍ കലാം ആസാദിനെയും ഇരു ഭാഗത്തും നിര്‍ത്തി പ്രസ്ഥാനത്തെ നയിക്കാന്‍ കഴിഞ്ഞിരുന്നു. അത് ഇന്ത്യന്‍ ബഹുസ്വരതയുടെ സാക്ഷ്യം തന്നെയായിരുന്നു. ദക്ഷിണാഫ്രിക്കയിലെ കഷ്ടതകളും അനുഭവങ്ങളും അദ്ദേഹത്തില്‍ ആഴത്തില്‍ വരുത്തിയ സ്വാധീനം ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ അമരത്തേക്കുള്ള യാത്രയില്‍ വഴി കാട്ടിയായിത്തീര്‍ന്നു.
പക്ഷേ, ഒരിക്കലും സ്ഥാനമാനങ്ങളില്‍ അഭിരമിച്ചുള്ള നേതൃത്വമല്ല, മറിച്ച് ജനങ്ങളിലൊരാളായി അവരെ നയിക്കുകയെന്ന നിലപാടുകള്‍ തന്നെയാണ് അദ്ദേഹത്തെ 'മഹാത്മാവാ'ക്കിയത്. കേവലം കുറച്ചു മാസങ്ങള്‍ മാത്രം കോണ്‍ഗ്രസ്സിന്റെ അധ്യക്ഷസ്ഥാനത്തിരുന്നതു മാത്രമാണ് ഔദ്യോഗികമായി വഹിച്ച പദവി. അദ്ദേഹത്തിന് ഏതു വലിയ സ്ഥാനവും എത്തിപ്പിടിക്കാമായിരുന്നു.


ഗാന്ധിജി ആരും സൃഷ്ടിച്ച ബിംബമല്ല, ചരിത്രം കണ്ടെടുത്ത സത്യമാണ്. വിമര്‍ശിക്കപ്പെടുമ്പോഴും കൂടുതല്‍ കരുത്തനാവുന്ന കര്‍മയോഗിയായി മാറി. ഒരിക്കലും വിമര്‍ശനത്തിന് അതീതനല്ല താനെന്ന ബോധ്യമുണ്ടായിരുന്നു. എല്ലാ വിപ്ലവങ്ങളും ആയുധം കൊണ്ടുള്ള പോരാട്ടമാകുമ്പോള്‍, തീര്‍ത്തും അഹിംസകൊണ്ടുള്ള സഹനസമരം നമുക്കു തന്നത് സ്വാതന്ത്ര്യം മാത്രമല്ല, ദേശീയബോധം കൂടിയാണ്. എല്ലാവരെയും ഒന്നായി കാണാനുള്ള മനസ്സ്. പക്ഷേ അതു തിരിച്ചറിയുന്നതില്‍ പരാജയപ്പെട്ടുപോയി എന്നതു വാസ്തവം.
ഗാന്ധിയുടെ ഇതര മതസ്‌നേഹത്തിനെ, അനുകമ്പയെ ദുര്‍വ്യാഖ്യാനം ചെയ്തു ചിത്രീകരിച്ചു. അദ്ദേഹത്തെ ഹൈന്ദവവിരുദ്ധനായി, മുസ്‌ലിം പ്രീണനമുള്ളയാളായി ചിത്രീകരിക്കാന്‍ ശ്രമം നടത്തി. 'ഫാസിസ്റ്റ് വിരുദ്ധ' നിലപാടില്‍ ആ ക്രാന്തദര്‍ശി ആദ്യ രക്തസാക്ഷിയായി മാറിയതും ചരിത്രനിയോഗം.
പിന്നീട് കല്‍ബുര്‍ഗിയും ഗൗരി ലങ്കേഷും പന്‍സാരെയുമുള്‍പ്പെടെയുള്ളവര്‍ ഇവിടെ ഫാസിസത്തിന്റെ ഇരകളായി മാറിയതും ഇന്ത്യയും ലോകവും കണ്ടു.
ഇവിടെ ചെറുക്കേണ്ടതു 'ഫാസിസ'ത്തെ തന്നെയാണെന്നു ബോധ്യപ്പെടാന്‍ പഠനം നടത്തേണ്ടതില്ല. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുപോലും വിലക്കുകള്‍ വീഴുന്നു, ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുന്നു.


തുറന്നുപറയുന്നവരെ ഇല്ലാതാക്കിയും വര്‍ഗീയതയില്‍ അധിഷ്ഠിതമായി മാത്രം കാര്യങ്ങള്‍ നിയന്ത്രിച്ചും എന്തു കഴിക്കണമെന്നതില്‍പ്പോലും നിയന്ത്രണവും തിട്ടൂരവും കൊണ്ടുവരുമ്പോള്‍ ഗാന്ധിജി വീണ്ടും ചര്‍ച്ച ചെയ്യപ്പെടുകയാണ്.
അദ്ദേഹത്തിന്റെ ജീവനെടുത്ത ഘാതകര്‍ക്കു സ്മാരകവും ക്ഷേത്രവും പണിയാനുള്ള നീക്കങ്ങള്‍ എത്ര ഗൗരവതരമാണെന്നു ചിന്തിക്കുമ്പോള്‍, മഹാത്മജിയെ സ്‌നേഹിക്കുന്ന ദേശസ്‌നേഹമുള്ളവര്‍ക്കു വേദനിക്കാന്‍ മറ്റെന്തു വേണം.
ധീരദേശാഭിമാനികള്‍ നേടിത്തന്ന മഹനീയ സ്വാതന്ത്ര്യത്തിന്റെ മൂല്യം നാം മനസ്സിരുത്തി ചിന്തിക്കേണ്ടിയിരിക്കുന്നു. രാജ്ഘട്ടിലെ കെടാവിളക്കില്‍നിന്നു പ്രോജ്വലിക്കുന്ന പ്രകാശം നന്മയുടേതാണ്. അതു കൂടുതല്‍ പ്രശോഭിതമായിത്തീര്‍ക്കണം.
വിശുദ്ധ ഖുര്‍ആനും ഭഗവത്ഗീതയും ബൈബിളും പകര്‍ന്നുതന്ന വചനങ്ങളും ഉപദേശവും ദര്‍ശനങ്ങളുമാണ് അദ്ദേഹം ജീവിതസന്ദേശമാക്കിയത്. അത് ഇനിയും തിരിച്ചറിയാന്‍ വൈകിയാല്‍ നമ്മുടെ ദേശീയതയും അഖണ്ഡതയും നഷ്ടമാകും. സെക്യൂലറിസം ഓര്‍മയാകും.അപ്പോള്‍ വാവിട്ടുകരഞ്ഞാല്‍ ആരും വിളികേട്ടെന്നു വരില്ല.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  6 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  6 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  7 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  8 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  8 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  8 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  8 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  8 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  9 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  9 hours ago