കാലാവസ്ഥാ വ്യതിയാനം ; കാര്‍ഷിക വരുമാനത്തില്‍ 25 ശതമാനം വരെ കുറവുണ്ടായതായി സാമ്പത്തിക സര്‍വേ
ന്യൂഡല്‍ഹി: കാലാവസ്ഥാ വ്യതിയാനം കാര്‍ഷിക മേഖലയില്‍ 20 ശതമാനം മുതല്‍ 25 ശതമാനം വരെ വരുമാനക്കുറവുണ്ടാക്കിയതായി സാമ്പത്തിക സര്‍വേ. ഈ രംഗത്ത് ഊര്‍ജിതമായ നേട്ടം കൈവരിക്കണമെങ്കില്‍ ജലസേചനം, പുതിയ സാങ്കേതിക വിദ്യ, വിത്ത്, വളം എന്നിവക്ക് സബ്‌സിഡി തുടങ്ങിയവ ആവശ്യവും സാമ്പത്തിക സര്‍വേ മുന്നോട്ട് വയ്ക്കുന്നു.
കാര്‍ഷിക മേഖലയില്‍ വിപ്ലവകരമായ മുന്നേറ്റം കൊണ്ടുവരണമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തര ശ്രദ്ധ പതിപ്പിച്ചാല്‍ കര്‍ഷകര്‍ക്ക് അവരുടെ വരുമാനത്തിന്റെ തോത് വര്‍ധിപ്പിക്കാനാകുമെന്നും സര്‍വേ വ്യക്തമാക്കുന്നു.
കാര്‍ഷിക രംഗത്ത് മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്ചവച്ചാല്‍ കര്‍ഷകരുടെ വരുമാന വര്‍ധനവിന് സഹായകമാകും. ഇക്കാര്യം കഴിഞ്ഞ ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. രാജ്യത്തെ കാലാവസ്ഥാ വ്യതിയാനം വരുമാനവര്‍ധനവിന് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. കാലാവസ്ഥാ മാറ്റത്തില്‍ ശരാശരി 15 മുതല്‍ 18 വരെശതമാനം വരുമാന കുറവ് വരുത്താറുണ്ട്. എന്നാല്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇത് തുടര്‍ച്ചയായി 20 മുതല്‍ 25 ശതമാനം വരെ കുറവാണ് ഉണ്ടാക്കിയത്.
വിവിധ സംസ്ഥാനങ്ങളില്‍ കാര്‍ഷിക രംഗത്ത് സര്‍ക്കാരുകളുടെ അവഗണനയെ തുടര്‍ന്ന് നിരവധി കര്‍ഷകരാണ് ആത്മഹത്യ ചെയ്യുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുപോലും ആവശ്യമായ ധനസഹായം ലഭ്യമാക്കാന്‍ കഴിയുന്നില്ല. കാര്‍ഷിക വിളകള്‍ക്ക് മെച്ചപ്പെട്ട വില ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് കര്‍ഷകര്‍ ഡല്‍ഹിയില്‍ നടത്തിയ ധര്‍ണ രാജ്യം ഉറ്റുനോക്കിയതായിരുന്നു. ഇന്നലെയും കര്‍ഷകര്‍ തമിഴ്‌നാട്ടിലെ തിരുവാരൂര്‍, തഞ്ചാവൂര്‍ ജില്ലകളില്‍ ശക്തമായ പ്രക്ഷോഭമാണ് നടത്തിയത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തുടര്‍ച്ചയായി കര്‍ഷകരെ അവഗണിക്കുകയാണെന്ന് ആരോപിച്ച് അഞ്ച് കര്‍ഷക സംഘടനകളാണ് പ്രതിഷേധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."