മെസ്സിയും സുവാരസും രക്ഷകര്‍
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ പോരാട്ടത്തില്‍ ബാഴ്സലോണയുടെ അപരാജിത കുതിപ്പ് തുടരുന്നു. നൗ കാംപിലെത്തി ആദ്യ പകുതിയില്‍ ഒരു ഗോള്‍ നേടി ബാഴ്സയെ ഞെട്ടിച്ച് തുടങ്ങിയ ഡിപോര്‍ടീവോ അലാവെസിനെ കളിയുടെ അവസാന ഘട്ടത്തില്‍ സൂപ്പര്‍ താരങ്ങളായ ലൂയീസ് സുവാരസ്, ലയണല്‍ മെസ്സി എന്നിവരുടെ ഗോളില്‍ വീഴ്ത്തി ബാഴ്സലോണ 21ാം പോരാട്ടവും സുരക്ഷിതമായി വിജയത്തിലെത്തിച്ചു. 2-1നാണ് സ്വന്തം തട്ടകത്തില്‍ ബാഴ്സലോണ വിജയം സ്വന്തമാക്കിയത്.
ഫിലിപ്പ് കുട്ടീഞ്ഞോ ആദ്യ ഇലവനില്‍ ബാഴ്സയ്ക്കായി അരങ്ങേറിയതാണ് മത്സരത്തിന്റെ സവിശേഷത. കളിയുടെ 23ാം മിനുട്ടില്‍ ഗ്യുഡെറ്റിയുടെ ഗോളില്‍ മുന്നിലെത്തിയ അലാവെസ് പിന്നീട് കടുത്ത പ്രതിരോധം തീര്‍ത്തതോടെ ബാഴ്സയുടെ തിരിച്ചടി മോഹങ്ങള്‍ക്ക് കടുപ്പം നേരിട്ടു. ആദ്യ പകുതിക്ക് പിരിയുമ്പോള്‍ കറ്റാലന്‍ പട 1-0ത്തിന് പിന്നിലായിരുന്നു. രണ്ടാം പകുതിയിലും ആലാവെസ് ഉരുക്ക് കോട്ട കെട്ടി കാവല്‍ നിന്നതോടെ ബാഴ്സ ഒരു വേള തോല്‍വി മുന്നില്‍ കണ്ടു. എന്നാല്‍ 72ാം മിനുട്ടില്‍ ഇനിയെസ്റ്റയുടെ പാസില്‍ നിന്ന് സുവാരസ് ബാഴ്സയെ ഒപ്പമെത്തിച്ച് അവര്‍ക്ക് ആശ്വാസ സമനിലയൊരുക്കി. 84ാം മിനുട്ടില്‍ ലഭിച്ച ഫ്രീ കിക്ക് സുരക്ഷിതമായി വലയിലാക്കി മെസ്സി കറ്റാലന്‍ സംഘത്തിന് വിജയം സമ്മാനിച്ച് മത്സരം സന്ദര്‍ശക ടീമില്‍ നിന്ന് പിടിച്ചെടുക്കുകയായിരുന്നു. ജയത്തോടെ ബാഴ്സലോണ കിരീടത്തിലേക്ക് കൂടുതല്‍ അടുത്തു. 21 മത്സരങ്ങളില്‍ നിന്ന് അവര്‍ക്ക് 57 പോയിന്റുകള്‍.
മറ്റൊരു മത്സരത്തില്‍ കരുത്തരായ സെവിയ്യയെ ഗെറ്റാഫെ സമനിലയില്‍ പിടിച്ചു. സ്വന്തം തട്ടകത്തില്‍ 1-1നാണ് സെവിയ്യ സമനിലയില്‍ കുരുങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."