ഇന്ത്യ- ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയ്ക്ക് ഫെബ്രുവരി ഒന്നിന് തുടക്കം
ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര വൈറ്റ്‌വാഷ് ചെയ്യപ്പെടാതെ രക്ഷിച്ചെടുത്ത ഇന്ത്യ ഏകദിന പരമ്പരയ്ക്കായി ഫെബ്രുവരി ഒന്നിന് ഇറങ്ങും.
ഒന്ന് മുതല്‍ ഫെബ്രുവരി 16 വരെയാണ് ഏകദിന പരമ്പര അരങ്ങേറുന്നത്. ഡര്‍ബനിലാണ് ആറ് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ഒന്നാം പോരാട്ടം.
രണ്ടാം മത്സരം ഫെബ്രുവരി നാലിന് സെഞ്ചൂറിയനിലും മൂന്നാം പോരാട്ടം ഏഴിന് കേപ് ടൗണിലും നാലാം പോരാട്ടം 10ന് ജൊഹന്നാസ്ബര്‍ഗിലും അഞ്ചാം മത്സരം 13ന് പോര്‍ട് എലിസബത്തിലും ആറാം മത്സരം 16ന് സെഞ്ചൂറിയനിലും നടക്കും.
ഏകദിന ലോക റാങ്കിങില്‍ ഒന്നും രണ്ടും സ്ഥാനത്ത് നില്‍ക്കുന്ന ടീമുകളാണ് ദക്ഷിണാഫ്രിക്കയും ഇന്ത്യയും. നിലവില്‍ ഇന്ത്യ രണ്ടാം റാങ്കിലാണ്.
ഈ പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുത്ത് ആറ് മത്സരങ്ങളടങ്ങിയ പരമ്പര 4-2 എന്ന നിലയിലെങ്കിലും സ്വന്തമാക്കിയാല്‍ ദക്ഷിണാഫ്രിക്കയെ പിന്തള്ളി ഇന്ത്യക്ക് തലപ്പത്തേക്ക് കയറാം. ആദ്യ രണ്ട് ടെസ്റ്റുകളിലും ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളിങിന് മുന്നില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യ മൂന്നാം ടെസ്റ്റില്‍ വിജയിച്ച് ശക്തമായി തിരിച്ചടിച്ചിരുന്നു.
ഈ വിജയം നല്‍കുന്ന ആത്മവിശ്വാസത്തിന്റെ കരുത്തിലാണ് ഇന്ത്യ ഏകദിന പോരാട്ടത്തിനായി ഇറങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."