ശാസ്താംകോട്ട തടാകം: മണലൂറ്റും മാലിന്യനിക്ഷേപവും നിരോധിച്ചു
കൊല്ലം: ജില്ലയില്‍ ശുദ്ധജലം വിതരണം ചെയ്യുന്ന ശാസ്താംകോട്ട ശുദ്ധജല തടാകം മലിനമാവുന്നു എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശക്തമായ നടപടികളുമായി ജില്ലാ ഭരണകൂടം. സമീപ കാലത്തായി പലയിടങ്ങളില്‍ നിന്നായി മാലിന്യം കായലിലേക്ക് എത്തുന്നതുകൊണ്ടും പരിസരവാസികള്‍ കാലാകാലങ്ങളായി കായല്‍ കൈയേറുന്നതുകൊണ്ടും തടാകത്തിലും പരിസരത്തും വൃഷ്ടി പ്രദേശങ്ങളിലുമുള്ള അനധികൃത ഖനനം, മണലൂറ്റ് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ മൂലം തടാകത്തിലെ ജലം മലീമസമാവുകയും തടാകത്തിന്റെ വിസ്തീര്‍ണം ചുരുങ്ങി ജലനിരപ്പ് താഴ്ന്ന് പോകുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
ശാസ്താംകോട്ട തടാകത്തിലെയും പരിസര പ്രദേശങ്ങളിലെയും അനധികൃത ഖനനങ്ങള്‍, മണലൂറ്റും ചെളിയെടുപ്പ്, പൊതു ഓടകളിലേക്ക് വീടുകളിലേയും ഹോട്ടലുകളിലേയും ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെയും മാലിന്യം ഒഴുക്കുന്നത്, കായലില്‍ കുളിക്കുകയും മലമൂത്ര വിസര്‍ജ്ജനം നടത്തുകയും സമീപവാസികള്‍ തുണി അലക്കുന്നതും ഓല ചീയിക്കുന്നതും കന്നുകാലികളെ കുളിപ്പിക്കുന്നതും വാഹനങ്ങള്‍ കഴുകുന്നതും പ്ലാസ്റ്റിക് മാലിന്യങ്ങളും മൃഗാവശിഷ്ടങ്ങളും ചപ്പുചവറുകളും ഖരമാലിന്യങ്ങളും മറ്റും കായലിലും പരിസര പ്രദേശത്തും നിക്ഷേപിക്കുന്നത്, കായലിന്റെ സമീപത്തുള്ള വീടുകളില്‍ നിന്നും മാലിന്യം ഡ്രെയിനേജ് പൈപ്പ് വഴി കായലിലേക്ക് ഒഴുക്കുന്നത്, പോലീസ് സ്റ്റേഷന്‍, ടൗണ്‍ പള്ളി എന്നിവയുടെ സമീപത്തുള്ള ഓടകളിലൂടെ മാലിന്യം ഒഴുക്കി വിടുന്നത്, സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് കായലില്‍ നിന്നും മത്സ്യബന്ധനം നടത്തുന്നത്, തടാകത്തിന്റ 100 മീറ്റര്‍ പരിധിയില്‍ കീടനാശിനികളും രാസവളങ്ങള്‍ ഉപയോഗിച്ചുള്ള കൃഷി നടത്തുന്നത് എന്നീ മലിനീകരണ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങളുടെ ആരോഗ്യത്തെ ഹാനീകരമായി ബാധിക്കുന്നതിനാല്‍ ഇവ ശക്തമായി നിരോധിച്ചു.
കൂടാതെ മണ്‍സൂണ്‍ കാലയളവില്‍ വൃഷ്ടി പ്രദേശത്ത് മഴവെള്ളം ആഗികരണം ചെയ്യപ്പെടേണ്ടതിന്റെയും സംഭരിക്കപ്പെടേണ്ടതിന്റെയും അത്യാവശ്യകത കണിക്കിലെടുത്ത് ശാസ്താംകോട്ട തടാകത്തിന്റെ പരിധിയില്‍ ഉള്‍പ്പെട്ട ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിലെ ഏഴു, എട്ടു, ഒന്‍പത്, 10, 11, 18 എന്നീ വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലുള്ള അനധികൃത ഖനനങ്ങളും മണലൂറ്റും പടിഞ്ഞാറെ കല്ലട വില്ലേജിലെയും മൈനാഗപ്പള്ളി വില്ലേജിലെയും മുഴുവന്‍ ഖനന പ്രവര്‍ത്തനങ്ങളും മണലൂറ്റും താടാകം മലിനപ്പെടുത്തുന്ന അനധികൃത പ്രവര്‍ത്തനങ്ങളും രണ്ടു മാസത്തേയ്ക്ക് നിരോധിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ശാസ്താംകോട്ട തടാകവും വൃഷ്ടി പ്രദേശങ്ങളും സംരക്ഷിത മേഖലയായും പ്രഖ്യാപിച്ചു.
നിരോധനം ലംഘിക്കുന്നവര്‍ക്കെതിരേ റവന്യൂ, പൊലിസ്, പഞ്ചായത്ത്, ജിയോളജി, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നീ വകുപ്പുകള്‍ കര്‍ശന ശിക്ഷാ നടപടികള്‍ നിയമാനുസൃതം സ്വീകരിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."