തോട്ടം പാക്കേജ് കൊണ്ടുവരും: ഇ.എസ് ബിജിമോള്‍
ഏലപ്പാറ : തോട്ടം മേഖലയില്‍ നിലനില്‍ക്കുന്ന തൊഴിലാളി പ്രശ്‌നങ്ങള്‍ക്ക് ശ്വാശ്വതപരിഹാരം കാണുന്നതിനായി തോട്ടം പാക്കേജിന് രൂപം നല്‍കുമെന്ന് നിയുക്ത പീരുമേട് എം.എല്‍. എ. ഇ.എസ്. ബിജിമോള്‍. തോട്ടം മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ സ്ഥിതി ദയനീയമാണെന്നും എഴുപത് വര്‍ഷത്തില്‍ അധികം പഴക്കമുള്ള ലയങ്ങളില്‍ ആണ് ഇവര്‍ ഇപ്പോഴും താമസിക്കുന്നതെന്നും ഈ അവസ്ഥയ്ക്ക് പരിഹാരം കാണുമെന്നും ബിജിമോള്‍ വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പില്‍ തനിക്ക് വിജയം സമ്മാനിച്ച മണ്ഡലത്തിലെ ജനങ്ങളെ നേരില്‍കണ്ട് നന്ദി പറയുന്നതിന്റെ ഭാഗമായി എല്‍.ഡി.എഫ് ഏലപ്പാറ പഞ്ചായത്തില്‍ സംഘടിപ്പിച്ച സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു ബിജിമോള്‍.
തോട്ടം മേഖലയ്‌ലെ തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട അടിസ്ഥാന സൗകര്യങ്ങളായ താമസം, വിദ്യാഭ്യാസം, ചികിത്സ, മക്കളുടെ വിവാഹ ആവശ്യങ്ങള്‍ എന്നിവ നല്‍കുന്നതിന് കമ്പനിക്ക് നിയമപ്രകാരം ബാധ്യതയുണ്ടെങ്കിലും നഷ്ട്ത്തിന്റെ പേരില്‍ ഓരോ ന്യായങ്ങള്‍ പറഞ്ഞ് കമ്പനികള്‍ തങ്ങളുടെ ചുമതലയില്‍ നിന്നും മാറുന്ന സ്ഥിതിവിശേഷമാണ് ഇപ്പോഴുള്ളതെന്ന് ബിജിമോള്‍ ചൂണ്ടിക്കാട്ടി.
പൂട്ടിക്കിടക്കുന്ന തോട്ടങ്ങളുടെ കാര്യം മുഖ്യമന്ത്രിയുടെയും തൊഴില്‍ മന്ത്രിയുടേയും ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും തോട്ടങ്ങള്‍ തുറക്കുന്നതിന് ആവശ്യമായ ശക്തമായ തീരുമാനങ്ങള്‍ സര്‍ക്കാര്‍ അടിയന്തിരമായി കൈക്കൊള്ളുമെന്നും അവര്‍ പറഞ്ഞു.
ഇന്നലെ രാവിലെ ഏഴ് മണിക്ക് പുള്ളിക്കാനത്തുനിന്നും ആരംഭിച്ച പര്യടനം ഉളുപ്പൂണി, നാരകക്കുഴി, കോട്ടമല നമ്പര്‍ മൂന്ന്, വട്ടപ്പതാല്‍, വാഗമണ്‍, കോലാഹലമേട്, വെടിക്കുഴി, നല്ലതണ്ണി, ബോണാമി, കാവക്കുളം, ടൈഫോര്‍ട്, ഉപ്പുകുളം, ഫെയര്‍ഫീല്‍ഡ്, ഏലപ്പാറ, തണ്ണിക്കാനം, മൂന്നാം മൈല്‍, ചിന്നാര്‍, കിഴക്കേ ചെമ്മന്ന്, ചെമ്മന്ന്, കൊച്ചു കരുന്തരുവി, വള്ളക്കടവ്, കിളിപാടി, ഹെലിബ്രിയ, കിഴക്കേപുതുവല്‍, കോഴിക്കാനം രണ്ടാം ഡിവിഷന്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ച് , ഏഴ് മണിക്ക് കോഴിക്കാനം ഒന്നാം ഡിവിഷനില്‍ സമാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."