ഇ. അഹമ്മദിനോടുള്ള അനാദരവ് ഫാസിസത്തിന്റെ ക്രൂരമുഖം: ജോണി നെല്ലൂര്‍
കൊച്ചി: ഇ. അഹമ്മദിനോടുള്ള അനാദരവ് ഫാസിസത്തിന്റെ ക്രൂരമുഖമാണ് വ്യക്തമാക്കുന്നതെന്ന് യു.ഡി.എഫ് സംസ്ഥാന സെക്രട്ടറിയും കേരള കോണ്‍ഗ്രസ് (ജേക്കബ്) ചെയര്‍മാനുമായ ജോണി നെല്ലൂര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ മതേതരത്വത്തിന്റെയും മതസൗഹാര്‍ദത്തിന്റെയും വികസനത്തിന്റെയും നിലപാടായിരുന്നു ഇ. അഹമ്മദിന്റേത്. പാര്‍ലമെന്റിനകത്ത് കുഴഞ്ഞുവീണ് മരിച്ച ഒരു എം.പിക്ക് നരേന്ദ്രമോദി സര്‍ക്കാരില്‍ നിന്നുണ്ടായ അനുഭവം ഇതാണെങ്കില്‍ ഇന്ത്യയിലെ സാധാരണക്കാരന്റെ ഇന്നത്തെ അവസ്ഥ എന്തായിരിക്കുമെന്ന് ജോണി നെല്ലൂര്‍ ചോദിച്ചു.
ഇ. അഹമ്മദ് എം.പിയോട് അദ്ദേഹത്തിന്റെ മരണത്തില്‍ കേന്ദ്രസര്‍ക്കാര്‍ കാണിച്ച അനാദരവില്‍ പ്രതിഷേധിച്ച് മുസ്‌ലിം ലീഗ് എറണാകുളം ജില്ലാ കമ്മിറ്റി ഹൈക്കോടതി ജങ്ഷന്‍ ലാലന്‍ ടവറില്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനംചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 'ഫാസിസം മരണക്കിടക്കയിലേക്കും' എന്ന സന്ദേശമുയര്‍ത്തികൊണ്ട് സംസ്ഥാന കമ്മിറ്റി എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഇന്നലെ സംഘടിപ്പിച്ച ക്യാംപയിന്‍ ഭരണകൂട ഫാസിസത്തിനെതിരേ മതേതര ജനാധിപത്യ കമ്മിറ്റികളുടെ കൂട്ടായ്മയായി മാറി.
ജില്ലാ പ്രസിഡന്റ് എം.പി അബ്ദുല്‍ഖാദര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.എം. അബ്ദുല്‍ മജീദ് സ്വാഗതം പറഞ്ഞു. സി.പി.എം നേതാവ് ജോണ്‍ ഫെര്‍ണാണ്ടസ് എം.എല്‍.എ, കേരള കോണ്‍ഗ്രസ് നേതാവും ഇ. അഹമ്മദിനൊപ്പം പാര്‍ലമെന്റംഗവുമായിരുന്ന ഫ്രാന്‍സിസ് ജോര്‍ജ്, അഡ്വ. എ. ജയശങ്കര്‍, ഡി.സി.സി പ്രസിഡന്റ് ടി.ജെ. വിനോദ്, കേരള കോണ്‍ഗ്രസ് എം നേതാവ് അഡ്വ. വി.വി. ജോഷി, മുന്‍മന്ത്രി ഡൊമനിക് പ്രസന്റേഷന്‍, ആര്‍.എസ്.പി നേതാവ് വിമല്‍ എന്നിവര്‍ പ്രസംഗിച്ചു. വി.എസ്. അബ്ദുല്‍ റഹ്മാന്‍ നന്ദി പറഞ്ഞു.
മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എല്‍.എ, ഹൈബി ഈഡന്‍ എം.എല്‍.എ, സുലൈമാന്‍ ഖാലിദ്, ആസിഫ് അഹമ്മദ്, പി.എം. അമീറലി, എന്‍.വി.സി അഹമ്മദ്, പി.കെ. ജലീല്‍, പി.എ. മമ്മു, ടി.എം. അബ്ബാസ്, മുഹമ്മദ് ബിലാല്‍, കെ.കെ. അലി, എം.എം. അലിയാര്‍ മാസ്റ്റര്‍, അഡ്വ. വി.ഇ. അബ്ദുല്‍ ഗഫൂര്‍, മുഹമ്മദ് ആസിഫ്, പി.എ. അഹമ്മദ് കബീര്‍, പി.സി. രാജന്‍, അഡ്വ. ബി. മുരളീധരന്‍, കെ.എ. ശശി, എസ്. കൃഷ്ണകുമാര്‍, എച്ച്.ഇ. മുഹമ്മദ് ബാബുസേട്ട്, എന്‍.കെ. നാസര്‍, പി.എം. ഹാരിസ്, ടി.കെ. അഷ്‌റഫ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."