തുടര്‍ക്കഥയായി കൊച്ചി കോര്‍പറേഷനിലെ ക്രമക്കേട്
കൊച്ചി: നഗരസഭയിലെ ക്രമക്കേടുകള്‍ തുടര്‍ക്കഥയാകുന്നു. മുന്‍തവണകളില്‍ കണ്ടെത്തിയ ക്രമക്കേടുകള്‍ നിലനില്‍ക്കേ 2015- 2016 ഓഡിറ്റ് റിപ്പോര്‍ട്ടിലും വ്യാപക ക്രമക്കേടുകളാണുള്ളത്. ഈ സാഹചര്യത്തില്‍ നഗരസഭ ഭരണസമതിക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുമെതിരേ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് വിജലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കി. കളമശ്ശേരി സ്വദേശി ഗിരിഷ്ബാബു ജി എന്നയാളാണ് പരാതി നല്‍കിയിരിക്കുന്നത്.
നഗരസഭയ്‌ക്കെതിരേ ഗൂരുതരമായ ആരോപണങ്ങളാണ് ഓഡിറ്റ് റിപ്പോര്‍ട്ടിലുള്ളത്. നഗരസഭ കൈവച്ച എല്ലാമേഖലയിലും വന്‍ ക്രമക്കേടുകളാണ് നടന്നിട്ടുള്ളത്. വരവിനത്തില്‍ ഒരു കോടിയിലേറെ നഷ്ടമുണ്ടെന്നാണ് കണക്ക്.
ഓഡിറ്റ് അംഗീകരിക്കാത്ത 1.16 കോടിയുടെ ചിലവുള്ളതായും ഓഡിറ്റിങ്ങിന് അനുവദിക്കാത്ത 103.59 കോടിരുയുടെ കണക്കും റിപ്പോര്‍ട്ടിലുണ്ട്. ഓഡിറ്റ് സമയത്ത് സെക്രട്ടറിയായിരുന്ന വി.ആര്‍ രാജു, അമിത് മീണ, അഡീഷണല്‍ സെക്രട്ടറി എ.എസ് അനുജ എന്നിവരാണ് നഷ്ടത്തിന് ഉത്തരവാദികളെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു
വസ്തു നികുതിയിനത്തില്‍ ഓഡിറ്റ് നടത്തിയസമയത്ത് 9,24,70,980 രൂപയും കുടിശികയിനത്തില്‍ 14,39,72,167 രുപയും പിരിഞ്ഞുകിട്ടാനുണ്ട്. എന്നാല്‍ ഇത് ബോധ്യപ്പെടുത്തുന്നതിന് നഗരസഭ സൂക്ഷിക്കേണ്ട ഡിമാന്റ് രജിസ്റ്റര്‍, കുടിശ്ശിക ഡിമാന്റ് രജിസ്റ്റര്‍ എന്നിവ സൂക്ഷിക്കാത്തതിനാല്‍ കണക്കുകളുടെ നിജസ്ഥിതി ഓഡിറ്റിന് ബോധ്യപ്പെടുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തൊഴില്‍ നികുതിയിനത്തില്‍ 20,19,50,423 രുപയും കുടിശികയിനത്തില്‍ 74,26,53,137 രുപയും പിരിച്ചെടുക്കാനുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് വ്യാപാരികളുടെ പട്ടിക പൂര്‍ണമല്ല. പരസ്യനികുതിയിനത്തില്‍ തന്‍വര്‍ഷം 3,25,93,021 രൂപ കിട്ടാനുണ്ട്. പരസ്യനികുതി പിരിക്കാത്തതും അനധികൃത പരസ്യങ്ങള്‍ നീക്കംചെയ്യാത്തുമാണ് ഇതിന് കാരണം. വാടകവരുമാനത്തില്‍ 1,46,37,562 രൂപ കുടിശികയും തന്‍വര്‍ഷത്തെ 40,64,820 രുപയും പിരിച്ചെടുക്കാനുണ്ട്.
120 വാഹനങ്ങളുള്ള നഗരസഭയോടെ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ജനുവരില്‍ ആവശ്യപ്പെട്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട ഒരു രേഖയും നല്‍കിയിട്ടില്ല. വാഹന വിവരങ്ങളെ സംബന്ധിച്ച് സര്‍ക്കാര്‍ വെബ്‌സൈറ്റില്‍പോലും കൃത്യമല്ല. മാത്രമല്ല പല വാഹനങ്ങളും നികുതി, ഫിറ്റ്‌നസ് ടെസ്റ്റ് എന്നിവയ്ക്ക് കാലതാമസം വരുന്നതായും കാണാം. ഇതുമൂലമുണ്ടാകുന്ന പിഴ ഉദ്യോഗസ്ഥരുടെ ബാധ്യതയാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
നഗരസഭ ശമ്പളം നല്‍കുന്ന കണ്ടിജന്റ് തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള 1300ല്‍ പരം ജീവനക്കാരുടെ മാസവേതനത്തില്‍ നിന്ന് 50 രൂപ പ്രകാരം അനധികൃതമായി പിടിച്ചെടുക്കുന്നതായി ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. എന്നാല്‍ ഈ തുക നഗരസഭയുടെ വാര്‍ഷിക കണക്കില്‍പെടുത്താതെ സൂക്ഷിക്കുകയാണ്.
റിലയന്‍സ് ജിയോക്ക് ഓവര്‍ഹെഡ് കേബിളുകള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കിയ വകയില്‍ കോര്‍പറേഷന് 19 ലക്ഷം രൂപയും സേവന നികുതിയിനത്തില്‍ 2.34 ലക്ഷം രൂപയും നഷ്ടമുണ്ട്. ജിയോ ഓപ്പണ്‍ ട്രഞ്ച് കേബിളുമായി ബന്ധപ്പെട്ട് വൈകി അടച്ച തുകയ്ക്ക് പിഴ ഈടാക്കാത്തുമൂലം 4.51 ലക്ഷം രൂപ നഷ്ടമുള്ളതായും റിപ്പോര്‍ട്ട് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."