ജി.സി.ഡി.എയിലെ മോഷണം: വീട്ടുപകരണങ്ങള്‍ മുഴുവനും തിരികെ ലഭിച്ചില്ല
കൊച്ചി: കൊച്ചി വികസന അതോറിറ്റിയില്‍ നിന്നു മോഷണം പോയ വീട്ടുപകരണങ്ങളെല്ലാം തിരികെ ലഭിച്ചില്ല. കഴിഞ്ഞ ദിവസം ജി.സി.ഡി.എയുടെ ഉടമസ്ഥതയിലുള്ള മുണ്ടംവേലിയിലെ മത്സ്യഫാമില്‍ നിന്നു 33000 രൂപ വിലമതിക്കുന്ന ഫര്‍ണിച്ചറും 38500 രൂപ വിലവരുന്ന എയര്‍കണ്ടീഷനും പൊലിസ് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇനിയും സാധനങ്ങള്‍ ലഭിക്കാനുണ്ട്. മോഷ്ടിച്ചവര്‍ തന്നെ ഇവിടങ്ങളില്‍ എത്തിച്ചതായാണു വിവരം.
മുന്‍ചെയര്‍മാന്‍ എന്‍.വേണുഗോപാല്‍ സ്ഥാനമൊഴിഞ്ഞപ്പോള്‍ മുതലാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ നിന്നു വീട്ടുപകരണങ്ങള്‍ കാണാതായത്. ഉപകരണങ്ങളും ഫര്‍ണിച്ചറുകളും ലിസ്റ്റ് നല്‍കി വേണുഗോപാല്‍ തിരികെ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ പുതിയ ചെയര്‍മാന്‍ സ്ഥാനമേല്‍ക്കാനെത്തിയപ്പോള്‍ ഉപകരണങ്ങളൊന്നുമില്ലായിരുന്നു. ഉപകരണങ്ങള്‍ കാണാതായതിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. സംഭവത്തില്‍ പങ്കുണ്ടെന്നു കണ്ടെത്തിയാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ ശക്തമായ നടപടിയുണ്ടാകുമെന്നു ജി.സി.ഡി.എ ചെയര്‍മാന്‍ സി.എന്‍ മോഹനന്‍ സുപ്രഭാതത്തോടു പറഞ്ഞു. കാണാതായ വസ്തുക്കളുടെ വിശദമായ പട്ടിക തയാറാക്കി ജി.സി.ഡി.എ പൊലിസിനു നല്‍കിയിട്ടുണ്ട്. കേസെടുത്തു പൊലിസ് നടത്തിയ അന്വേഷണത്തിലാണ് വീട്ടുപകരണങ്ങള്‍ മുണ്ടംവേലിയിലെ മത്സ്യഫാമിലേക്ക് കടത്തിയെന്നു വ്യക്തമായത്. മത്സ്യഫാമിലെ ഓഫിസില്‍ ഘടിപ്പിച്ച നിലയിലായിരുന്നു എയര്‍കണ്ടീഷന്‍.
വീട്ടുപകണങ്ങള്‍ കാണാതായ സംഭവത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മുന്‍ ചെയര്‍മാന്‍ എന്‍. വേണുഗോപാലിന് ജി.സി.ഡി.എ നോട്ടിസയച്ചിരുന്നു. മൂന്നു ജീവനക്കാര്‍ക്കെതിരേ അച്ചടക്ക നടപടിയും സ്വീകരിച്ചിരുന്നു. മുണ്ടംവേലിയിലെ മത്സ്യഫാമില്‍ നിന്ന് കണ്ടെത്തിയ സാധനങ്ങള്‍ക്ക് പുറമേ അടുക്കളപാത്രങ്ങളും ഫാനുമുള്‍പ്പെടെയുള്ള വസ്തുക്കള്‍ കണ്ടുകിട്ടാനുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."