ഡെങ്കിപ്പനി: വണ്ണപ്പുറത്ത് പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കി
വണ്ണപ്പുറം: വണ്ണപ്പുറം പഞ്ചായത്തില്‍ ഡെങ്കിപ്പനിയെ പ്രതിരോധിക്കാന്‍ പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തില്‍ വിവിധ കര്‍മ്മ പദ്ധതികള്‍ ആരംഭിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസിന്റെയും മെഡിക്കല്‍ ഓഫീസര്‍ ഡോ.പ്രിന്‍സ് കെ മറ്റത്തിന്റെയും നേതൃത്വത്തിലാണ് പദ്ധതികള്‍ ആസൂത്രണം ചെയ്തത്. 17 വാര്‍ഡുകള്‍ ഉള്ള ഈ പഞ്ചായത്തില്‍ ഫോഗിംഗ് നടത്തി കൊതുകുകളെ പൂര്‍ണമായി നശിപ്പിക്കാന്‍ കഴിഞ്ഞെന്ന് ഇവര്‍ പറഞ്ഞു. കഴിഞ്ഞ ജനുവരി മുതല്‍ ഡെങ്കപ്പനി ലക്ഷണങ്ങളുമായി 145ളം പേര്‍ നിരീക്ഷണത്തിലായിരുന്നു.
ഇതില്‍ 44 ളം പേര്‍ക്ക് മാത്രമാണ് സ്ഥികരിച്ചത്. ഇവര്‍ പിഎച്ച്‌സിയില്‍ ചികിത്സ തേടുകയും, പനി പൂര്‍ണമായും മാറുകയും ചെയ്തു. എന്നാല്‍ വേനല്‍മഴ ശക്തിയായതോടുകൂടി പനി ബാധിതരുടെ എണ്ണം വര്‍ധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എല്ലാ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥരെയും പഞ്ചായത്തില്‍ വിളിച്ച് ഒരു ഏകോപന യോഗം നടത്തി. ആശ വര്‍ക്കേഴ്‌സും, ആംഗനവാടി ജീവനക്കാരും, ജില്ല വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റും, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും രോഗബാധ പ്രദേശങ്ങളില്‍ ഈഡിസ് കൊതുകുകളുടെ ഉറവിടങ്ങള്‍ ഒരു പരിധി വരെ നശിപ്പിക്കുകയും ചെയ്തു. തുടര്‍ ഘട്ടങ്ങളില്‍ നടത്തിയ പരിശോധനയില്‍ വളരെ വൃത്തിഹീനമായ പരിസരമുള്ള വീടുകളില്‍ ആരോഗ്യ വകുപ്പ് നോട്ടീസ് നല്‍കുകയും ചെയ്തു.
ഇന്നലെ പള്ളികളില്‍ രോഗ പ്രതിരോധ ശേഷിയുള്ള ഹോമിയോ തുള്ളിമരുന്നുകള്‍ വിതരണം ചെയ്തു.
കൂടാതെ ഇന്നും നാളെയും 17 വാര്‍ഡുകളിലുമുള്ള എല്ലാ കവലകളിലും ഡെങ്കിപ്പനിയ്ക്ക് പ്രതിരോധശേഷിയുള്ള ഹോമിയോ തുള്ളിമരുന്നു നല്‍കുവാന്‍ തീരുമാനിച്ചു.
തനത് ഫണ്ടില്‍ നിന്നും പഞ്ചായത്തിലെ പകര്‍ച്ചവ്യാധികള്‍ തടയുവാനും, അതോടൊപ്പം തന്നെ ജില്ലാശുചിത്വ ഫണ്ടില്‍ നിന്നും ഫണ്ട് അനുവദിച്ചതായി മെഡിക്കല്‍ ഓഫീസര്‍ പ്രിന്‍സ് കെ മറ്റം പറഞ്ഞു. സ്‌കൂള്‍ തുറക്കുമ്പോള്‍ പ്രത്യേക പദ്ധതികള്‍ ആരംഭിക്കുവാനും തീരുമാനിച്ചു.
ഒരേ വാര്‍ഡില്‍ പെട്ട പത്ത് കുട്ടികള്‍ക്ക് ഈ രോഗവുമായി ബന്ധപ്പെട്ട് ട്രെയിനിംഗ് നല്‍കി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."