ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി: സ്വകാര്യ ആശുപത്രികള്‍ പിന്‍മാറുന്നു
കൊച്ചി: സര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍ നടപ്പാക്കുന്നതില്‍ നിന്ന് സ്വകാര്യ ആശുപത്രികള്‍ പിന്‍മാറുന്നു. ഇ.എസ്.ഐ, ഇ.സി.എച്ച്.എസ്, സ്‌നേഹസ്പര്‍ശം, കാരുണ്യ, ആരോഗ്യ ഇന്‍ഷുറന്‍സ് തുടങ്ങിയ പദ്ധതികള്‍ മാര്‍ച്ച് 31നു ശേഷം തുടരേണ്ടതില്ലെന്ന് തീരുമാനിച്ചതായി കേരളാ പ്രൈവറ്റ്് ഹോസ്പിറ്റല്‍ അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ഹുസൈന്‍ കോയ തങ്ങള്‍, സെക്രട്ടറി ഫര്‍ഹാന്‍ യാസിന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നിലവില്‍ സംസ്ഥാനത്തെ 200 സ്വകാര്യ ആശുപത്രികള്‍ സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. വളരെ കുറഞ്ഞ നിരക്കിലാണ് സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കിവരുന്നത്. പലപ്പോഴും എട്ടുമാസം മുതല്‍ ഒരുവര്‍ഷംവരെ കഴിഞ്ഞാണ് പണം കിട്ടുന്നത്. 110 കോടിയോളം രൂപയാണ് ഈ ഇനത്തില്‍ ആശുപത്രികള്‍ക്ക് കിട്ടാനുള്ളത്. സ്വകാര്യ ആശുപത്രികള്‍ ഇന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെയും തകര്‍ച്ചയുടെയും വക്കിലാണ്. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ സംസ്ഥാനത്തെ 80ഓളം ആശുപത്രികള്‍ അടച്ചുപൂട്ടിയിട്ടുണ്ട്. നിരവധി ആശുപത്രികള്‍ അടച്ചുപൂട്ടലിന്റെ വക്കിലുമാണ്.
സര്‍ക്കാര്‍ മേഖലയിലുള്ള അപര്യാപ്തതകാരണം കാരുണ്യ, ആര്‍.എസ്.ബി.വൈ, ഇ.സി.എച്ച്.എസ് പോലുള്ള പല ആരോഗ്യക്ഷേമ സുരക്ഷാ പദ്ധതികളും യാതൊരു ലാഭേച്ഛയും കൂടാതെ ഏറ്റെടുത്തുനടത്തുന്നത് സ്വകാര്യ ആശുപത്രികളാണ്. അശാസ്ത്രീയമായ ശമ്പള വര്‍ധനവും ജി.എസ്.ടിയും സര്‍ക്കാര്‍ ഫീസുകളിലുള്ള വര്‍ധനവുംകാരണം ആശുപത്രികള്‍ തുടര്‍ന്ന് നടത്തിക്കൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചിട്ടുള്ളത്. 20,000 രൂപ മുതല്‍ 33,000 രൂപ വരെയുള്ള ശമ്പളമാണ് വരാന്‍പോകുന്ന പാക്കേജില്‍ നഴ്‌സുമാര്‍ക്ക് നിശ്ചയിച്ചിരിക്കുന്നത്. ഇതിനുപുറമേയാണ് ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."